ജോർഹട്ട്: കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ത്യയേക്കാൾ അയൽരാജ്യമായ പാകിസ്ഥാനിലെ തിരഞ്ഞെടുപ്പിന് അനുയോജ്യമാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ആരോപിച്ചു. അധികാരത്തിലെത്താൻ സമൂഹത്തെ വിഭജിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അവകാശപ്പെട്ട് പ്രതിപക്ഷ പാർട്ടി കൊണ്ടുവന്ന തിരഞ്ഞെടുപ്പ് വാഗ്ദാന രേഖയെ ശർമ്മ അപലപിച്ചു.
“ഇത് പ്രീണനത്തിന്റെ രാഷ്ട്രീയമാണ്, ഞങ്ങൾ അതിനെ അപലപിക്കുന്നു. ഇത് ഭാരതത്തിലെ തെരഞ്ഞെടുപ്പിന് വേണ്ടിയല്ല, പാകിസ്ഥാന് വേണ്ടിയുള്ളതാണെന്ന് പ്രകടനപത്രികയിൽ തോന്നുന്നു,” – ജോർഹട്ട് മണ്ഡലത്തിൽ ഒരു തിരഞ്ഞെടുപ്പ് റാലിക്കിടെ മാധ്യമപ്രവർത്തകരോട് ശർമ്മ പറഞ്ഞു.
രാജ്യത്ത് ഹിന്ദുവോ മുസ്ലീമോ ആരും മുത്തലാഖ് പുനരുജ്ജീവിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ശൈശവ വിവാഹത്തെയോ ബഹുഭാര്യത്വത്തെയോ പിന്തുണയ്ക്കുന്നില്ലെന്നും ശർമ്മ പറഞ്ഞു. സമൂഹത്തെ ഭിന്നിപ്പിച്ച് അധികാരത്തിലെത്തുന്നതാണ് കോൺഗ്രസിന്റെ മാനസികാവസ്ഥയെന്ന് ബിജെപി നേതാവ് പറഞ്ഞു.
ബിജെപി ഒരു ആന്ദോളന്റെ രൂപമെടുത്തിരിക്കുകയാണെന്നും രാജ്യത്തെ വിശ്വഗുരു ആക്കാനാണ് ഈ പ്രസ്ഥാനമെന്നും ശർമ്മ തറപ്പിച്ചു പറഞ്ഞു. സംസ്ഥാനത്തെ 14 ലോക്സഭയിലും ബിജെപിയും സഖ്യകക്ഷികളും വിജയിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പിച്ചു. ധുബ്രി നിയോജക മണ്ഡലത്തിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് പ്രകടന പത്രിക വെള്ളിയാഴ്ചയാണ് പുറത്തിറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: