ന്യൂദല്‍ഹി: ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണിട്ടുണ്ടെങ്കിലും മാലദ്വീപിലേക്ക് അവശ്യവസ്ുക്കള് കയറ്റിയയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കി. പ്രശ്നങ്ങളുണ്ടെങ്കിലും അയല്‍രാജ്യങ്ങളോടുള്ള പ്രതിബദ്ധത ഭാരതം മറക്കില്ലെന്നും വിദേശകാര്യ മന്ത്രി ഡോ, എസ്. ജയശങ്കര്‍ വ്യക്തമാക്കി.
അവശ്യവസ്തുക്കള്‍ എത്തിക്കാന്‍ തീരുമാനിച്ചതിലുള്ള നന്ദി മാലദ്വീപ് മന്ത്രി മൂസ സമീര്‍ ഭാരതത്തെ അറിയിച്ചു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് മാലദ്വീപ് മന്ത്രി പ്രത്യേകം നന്ദിയറിയിച്ചു.
2024-2025 സാമ്പത്തിക വര്‍ഷം കൂടി ഭാരതത്തില്‍ നിന്നും മാലദ്വീപിലേക്ക് അവശ്യസാധാനങ്ങള്‍ കയറ്റിയയക്കാനാണ് ഭാരതം അനുമതി നല്‍കിയത്. അരിയും ഗോതമ്പും അടക്കമുള്ള അവശ്യസാധങ്ങള്‍ നല്‍കണമെന്ന മാലദ്വീപ് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ചായിരുന്നു ഇത്.
മാലദ്വീപിന്റെ പ്രതികരണത്തെ സ്വാഗതം ചെയ്ത ജയശങ്കര്‍ അയല്‍പക്കത്തോടുള്ള പ്രതിബദ്ധതയ്ക്കും സമുദ്രനയങ്ങള്ക്കും ഭാരതം നല്കുന്ന പ്രാധാന്യം വിശദീകരിക്കുകയും ചെയ്തു.
ഭാരതസമുദ്ര മേഖലയില്‍ സഹകരണം ഉറപ്പുവരുത്തുന്ന നയമാണ് സമുദ്ര നയം. വര്‍ഷങ്ങളായി ഭക്ഷ്യവസ്തുക്കള്‍ക്കും മരുന്നുകള്‍ക്കും മാലദ്വീപ് ആശ്രയിച്ചിരുന്നത് ഭാരതത്തെയാണ്. എന്നാല്‍ കഴിഞ്ഞ ജനുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ഭാരതത്തേയും രണ്ട് മാലദ്വീപ് മന്ത്രിമാര്‍ അവഹേളിച്ചതോടെയാണ് ബന്ധം മോശമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: