ന്യൂദല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ ചെയര്‍മാനും ഉപരാഷ്ട്രപതിയുമായ ജഗ്ദീപ് ധന്‍ഖര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. രാജ്യസഭ ഡെപ്യൂട്ടി ചെയര്മാന് ഹരിവന്ഷ് നാരായണ്‍, രാജ്യസഭ സെക്രട്ടറി ജനറല്‍ പി.സി. മോദി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ഫെബ്രുവരിയില്‍ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ നിന്ന് എതിരില്ലാതെയാണ് ജെ.പി. നദ്ദ തെരഞ്ഞെടുക്കപ്പെട്ടത്.
ഇതിനുപിന്നാലെ ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗത്വം അദ്ദേഹം രാജിവച്ചിരുന്നു. അശോക് റാവു ശങ്കര്‍ റാവു ചവാന് (മഹാരാഷ്ട്ര), ചുന്നിലാല്‍ ഗരാസിയ (രാജസ്ഥാന്), അനില്‍ കുമാര്‍ യാദവ് മന്ദാഡി (തെലങ്കാന), സുസ്മിതദേവ്, മുഹമ്മദ് നദിമുല്‍ ഹഖ് (ഇരുവരും ബംഗാള്‍) എന്നിവരും ഇന്നലെ രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു.
രാജ്യസഭാംഗമായി രാജ്യത്തെ സേവിക്കാന്‍ അവസരം നല്‍കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, മുതിര്‍ന്ന ബിജെപി അംഗങ്ങള്‍, ദശലക്ഷ ക്കണക്കിന് പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് നന്ദി അറിയിക്കുന്നതായി ജെ.പി. നദ്ദ സത്യ പ്രതിജ്ഞയ്ക്കുശേഷം എക്സില്‍ കുറിച്ചു. പ്രധാനമന്ത്രി തന്നില്‍ ഏല്‍പ്പിച്ച ഉത്തരവാദിത്തം നിറവേറ്റാന്‍ എപ്പോഴും തയാറാണെന്നും സ്വയംപര്യാപ്തവും വികസിതവുമായ ഭാരതം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുനല്‍കുന്നതായും അദ്ദേഹം കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: