ദുബായ് : ഷാർജയിലെയും ഇന്ത്യയിലെയും വാണിജ്യ സമൂഹങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും, ഉഭയകക്ഷി വ്യാപാര ബന്ധങ്ങൾ വ്യാപിപ്പിക്കുന്നതിനും, പരസ്പര നിക്ഷേപം വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് കൊണ്ട് ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിലിന്റെ നേതൃത്വത്തിൽ ഒരു ബിസിനസ് യോഗം സംഘടിപ്പിച്ചു.
ഷാർജയിലെ ജസീറത് അൽ അലാമിൽ വെച്ച് നടന്ന പ്രത്യേക റമദാൻ വിരുന്നിന്റെ ഭാഗമായാണ് ഈ യോഗം സംഘടിപ്പിച്ചത്. ഇരു വിഭാഗങ്ങളും തമ്മിലുള്ള ഏകോപനം വർധിപ്പിക്കുക, വിവിധ സാമ്പത്തിക മേഖലകളിലെ നിക്ഷേപ സാധ്യതകൾ പര്യവേക്ഷണം ചെയ്യുക, വ്യാപാര വിനിമയങ്ങളിലും സംയുക്ത നിക്ഷേപങ്ങളിലും വളർച്ചയ്ക്ക് ഊർജം പകരാൻ സുസ്ഥിര പങ്കാളിത്തം കെട്ടിപ്പടുക്കുക തുടങ്ങിയ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കൊണ്ടാണ് ഈ യോഗം നടത്തിയത്.
ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുമായി (SCCI) ചേർന്നാണ് ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിൽ പ്രവർത്തിക്കുന്നത്.
ഷാർജ മീഡിയ സിറ്റി ചെയർമാൻ ഡോ. ഖാലിദ് ഒമർ അൽ മിദ്ഫ, ഷാർജ ഇൻവെസ്റ്റ്മെൻ്റ് ആൻഡ് ഡെവലപ്മെൻ്റ് അതോറിറ്റി സി ഇ ഒ അഹമ്മദ് ഉബൈദ് അൽ ഖസീർ, എയർ അറേബ്യയുടെ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അദേൽ അൽ അലി, SCCI കമ്മ്യൂണിക്കേഷൻ ആൻഡ് ബിസിനസ് വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ജനറൽ അബ്ദുൾ അസീസ് അൽ ഷംസി, ദുബായിലെയും നോർത്തേൺ എമിറേറ്റിലെയും ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ തുടങ്ങിയവരും, ഷാർജയിൽ പ്രവർത്തിക്കുന്ന പ്രമുഖ ഇന്ത്യൻ ബിസിനസ് സ്ഥാപനങ്ങളുടെ പ്രതിനിധികളും ഈ യോഗത്തിൽ സന്നിഹിതരായിരുന്നു.
ഷാർജയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പനികൾക്ക്, പ്രത്യേകിച്ച് ഊർജം, സമുദ്ര വ്യവസായം, ഷിപ്പിംഗ് സേവനങ്ങൾ, കപ്പൽ ഏജൻസികൾ തുടങ്ങിയ തന്ത്രപ്രധാന മേഖലകളിൽ, ലഭ്യമായ നിക്ഷേപ സഹകരണത്തിന്റെ നിലവാരവും വൈവിധ്യമാർന്ന അവസരങ്ങളും ഈ ചർച്ചയിൽ എടുത്തുകാട്ടി.
വാണിജ്യം, ഭക്ഷ്യ വ്യവസായങ്ങൾ, വിനോദസഞ്ചാരം, റിയൽ എസ്റ്റേറ്റ്, കരാർ തുടങ്ങിയ മേഖലകളിൽ വിദഗ്ധരായ ഇന്ത്യൻ കമ്പനികൾക്ക് ലഭ്യമായ അവസരങ്ങളും യോഗം വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: