മൂന്നാര്‍: വരയാടുകളുടെ സംരക്ഷണ കേന്ദ്രമായ മൂന്നാര്‍ ഇരവികുളം ദേശീയോദ്യാനത്തില്‍ പ്രവേശന ടിക്കറ്റെടുക്കാനുള്ള മണിക്കൂറുകള്‍ നീണ്ട ക്യൂവിന് പരിഹാരമാകുന്നു. വനം വകുപ്പ് പുതുതായി അവതരിപ്പിച്ച വാട്‌സ്ആപ്പ് അധിഷ്ടിത ടിക്കറ്റിങ് സംവിധാനത്തിലൂടെയാണ് ഒരു മിനിട്ടിനുള്ളില്‍ ഓണ്‍ലൈനായി ടിക്കറ്റെടുക്കാനാവുന്നത്.
ടിക്കറ്റെടുക്കാന്‍ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുകയോ 8547603222 എന്ന നമ്പരില്‍ ഹായ് അയക്കുകയോ ചെയ്താല്‍ മതിയാകും.
തുടര്‍ന്ന് ഇ മെയില്‍ ഐഡി, സന്ദര്‍ശിക്കാനുദ്ദേശിക്കുന്ന സമയം, വേണ്ട ടിക്കറ്റുകളുടെ എണ്ണം തുടങ്ങിയ വിവരങ്ങള്‍ നല്‍കിയാല്‍ പേയ്മെന്റ് നടത്തി ടിക്കറ്റ് വാട്സാപ്പില്‍ ലഭിക്കും. പത്തു ദിവസം മുന്‍പ് വരെയുള്ള ടിക്കറ്റുകള്‍ ഇത്തരത്തില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം. സന്ദര്‍ശന സമയത്ത് പാര്‍ക്കിലെത്തി സ്‌കാന്‍ ചെയ്ത് ഉള്ളിലേക്കു പ്രവേശിക്കുന്നതോടെ ഓട്ടോമാറ്റിക്കായി ടിക്കറ്റിന്റെ വാലിഡിറ്റി തീരുകയും ചെയ്യും. ഇനി മുതല്‍ ക്യൂ ഒഴിവാക്കി പേപ്പര്‍രഹിത, കറന്‍സിരഹിത ടിക്കറ്റിങ് സംവിധാനമാണ് പാര്‍ക്ക് ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍. വരയാടുകളുടെ പ്രജനന കാലത്തിന് ശേഷം കഴിഞ്ഞ ഒന്നിനാണ് പാര്‍ക്ക് വീണ്ടും സഞ്ചാരികള്‍ക്കായി തുറന്നത്. ഇത്തവണ 110 ലധികം പുതിയ വരയാടിന്‍ കുഞ്ഞുങ്ങളുണ്ടായെന്നാണ് കണക്ക്. വരയാടുകളുടെ വാര്‍ഷിക കണക്കെടുപ്പ് ഈ മാസം അവസാനം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: