കോഴിക്കോട്: മെഡിക്കല്‍ കോളജിന് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്ത ഇനത്തില്‍ കുടിശികയായ 23.14 കോടി രൂപ അടയ്ക്കാത്തതിനെ തുടര്‍ന്ന് ഏപ്രില്‍ ഒന്നു മുതല്‍ കമ്പനി വിതരണം നിര്‍ത്തിയെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മിഷന് കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
ആരോഗ്യ വകുപ്പ് സെക്രട്ടറി ഇക്കാര്യം പരിശോധിച്ച് രണ്ട് ആഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന് ജുഡീഷ്യല്‍ അംഗം കെ. ബൈജൂനാഥ് ഉത്തരവില്‍ പറഞ്ഞു.
ജന്മഭൂമി കഴിഞ്ഞ ദിവസം ഈ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിരുന്നു. പത്ര വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മിഷന് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. മുമ്പ് വിതരണം ചെയ്തിരുന്ന സ്റ്റെന്റ്, പേസ്മേക്കര്‍, ബലൂണ്‍, കത്തീറ്റര്വയര്, ഗൈഡ് വയര്‍, വാല്‍വ് തുടങ്ങിയവ ഒരാഴ്ച കഴിഞ്ഞാല്‍ തീരുമെന്നാണ് വിവരം. അങ്ങനെ വന്നാല്‍ ഹൃദയ ശസ്ത്രക്രിയകള്‍ നിലയ്ക്കും. ഹൃദയ ശസ്ത്രക്രിയക്കുള്ള ഉപകരണങ്ങളുടെ വിതരണം ഏപ്രില്‍ ഒന്നു മുതല്‍ നിര്‍ത്തിവയ്ക്കുമെന്നുള്ള കത്ത് ഡിസംബര്‍ 31 ന് അധികൃതര്‍ക്ക് നല്‍കിയിരുന്നുവെന്നാണ് പറയുന്നത്. മാര്‍ച്ച് 31 നകം പണം നല്‍കാത്തതുകൊണ്ടാണ് ഉപകരണങ്ങളുടെ വിതരണം സംസ്ഥാനത്തൊട്ടാകെ നിലച്ചതെന്നാണ് പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: