വ്യക്തിയുടെ മാത്രമല്ല, ജനതയുടെ സാമൂഹ്യജീവിതത്തിലും ക്ഷേത്രങ്ങള്‍ വഹിക്കുന്ന പങ്ക് സുപ്രധാനമാണ്. ജനതയുടെ ജീവച്ഛക്തി ഉള്‍ക്കൊള്ളുന്ന മതബോധം വേദാന്തവിചാരങ്ങളിലല്ല, പ്രത്യുത, കണ്മുമ്പില് കാണുന്ന, ഈശ്വരന് കുടികൊള്ളുന്ന ക്ഷേത്രങ്ങളെ ചുറ്റിയാണ് സ്ഥിതിചെയ്യുന്നതെന്ന് പറയുന്നതില്‍ തെറ്റില്ല.
നമ്മുടെ കലകളും സാഹിത്യവും ശാസ്ത്രങ്ങളും സാമൂഹ്യജീവിതത്തിന്റെ വിവിധ മനോഹരവശങ്ങളും വളര്‍ന്നു പുഷ്പിച്ചത് ക്ഷേത്രങ്ങളെ ഉപജീവിച്ചായിരുന്നു. സൈനികവും സാംസ്കാരികവുമായ വൈദേശിക ആക്രമണങ്ങളേയും ആഭ്യന്തരാധഃപതനത്തേയു മെല്ലാം അതിജീവിച്ച് ഗ്രാമാന്തരീക്ഷങ്ങളില്പ്പോലും ഇന്നും തലയുയര്‍ത്തി നില്ക്കുന്ന ക്ഷേത്രങ്ങള്‍ നമ്മുടെ ദേശീയജീവിതവും സംസ്കാരവും അജയ്യമാണെന്ന് വിളിച്ചറിയിക്കുകയാണ്.
നമ്മുടെ രാഷ്ട്രജീവിതത്തിന്റെ കാതലായ വശം ആദ്ധ്യാത്മികമായതുകൊണ്ട് ഇവിടെ ഉടലെടുത്ത സംസ്കാരവും കലാസാഹിത്യാദികളും ഭരണയന്ത്രവും ചുരുക്കത്തില്‍ ജനജീവിതത്തിന്റെ എല്ലാ വശങ്ങളും ക്ഷേത്രത്തെ ഉപജീവിച്ചിട്ടാണ് വളര്‍ന്നുവന്നിട്ടുള്ളത്. നഗരങ്ങളും ഗ്രാമങ്ങളും സംവിധാനം ചെയ്യപ്പെട്ടതു തന്നെ ക്ഷേത്രത്തെ മുന്‍നിര്‍ത്തിയാണ്. മഹാക്ഷേത്ര ങ്ങളിലേക്കും തീര്ത്ഥങ്ങളിലേക്കുമുള്ള യാത്രകള്‍ ജനങ്ങള്‍ സ്വന്തം ജീവിതത്തിന്റെ അഭേദ്യഘടകങ്ങളായി അനുവര്‍ത്തിച്ചുവരുന്നു. രാഷ്ട്രശത്രുക്കളുടെ ആക്രമണങ്ങള്‍ക്കിരയായും മറ്റും പില്ക്കാലത്ത് ഒട്ടനേകം ക്ഷേത്രങ്ങള്‍ നിലംപരിശായെങ്കിലും ഭാരതത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പില്‍ സ്വാതന്ത്ര്യവേളയുടെ പൊന്‍പുലരിയില്‍ അവയില്‍ പ്രധാനപ്പെട്ട സോമനാഥക്ഷേത്രം മുതല്‍ അനേകം ക്ഷേത്രങ്ങള്‍ നൂറ്റാണ്ടുകളുടെ തകര്‍ച്ചയില്‍നിന്ന് ഉയിര്ത്തെഴുന്നേറ്റിട്ടുള്ളതും ഗവണ്മെന്റും ജനനേതാക്കളും ഈ പ്രക്രിയയെ സര്‍വാത്മനാ സഹായിച്ചിട്ടുള്ളതും ഇവിടെ സ്മര്ത്തവ്യമാണ്. കേരളത്തില്‍ ടിപ്പുവിന്റെ ആക്രമണത്തിനുശേഷം ഇതേവരെ ഉറങ്ങിക്കിടന്ന തളിക്ഷേത്രവും മറ്റും തകര്‍ച്ചയില്‍നിന്ന് ഉയിര്‍ത്തെഴു ന്നേല്‍ക്കുന്ന കാഴ്ച അതിന്റെ പ്രത്യക്ഷലക്ഷണങ്ങളാണ്. പഴയ കാലത്തെന്ന പോലെ ആധുനികയുഗത്തിലും ജനജീവിതത്തിന്റെ കേന്ദ്രബിന്ദുക്കളായി ശ്രീനാരായണഗുരുദേവനും മറ്റും കല്‍പ്പിച്ചിട്ടുള്ളത് ക്ഷേത്രങ്ങളെത്തന്നെയാണെന്ന് ഓര്‍ക്കുമ്പോള്‍ ഇതിന്റെ പ്രാധാന്യം മനസ്സിലാകും.
(ആര്‍എസ്എസ് പ്രചാരകനും തന്ത്രവിദ്യാപീഠം സ്ഥാപകനും കേരള ക്ഷേത്ര സംരക്ഷണസമിതി അമരക്കാരനുമായിരുന്ന പി. മാധവ്ജിയുടെ ‘ക്ഷേത്ര ചൈതന്യ രഹസ്യം’ ഗ്രന്ഥത്തില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: