സ പര്യാഗാച്ഛുക്രമകായമവ്രണം
അസ്നാവിരം ശുദ്ധമപാപവിദ്ധം
കവിര്മനീഷീ പരിഭൂഃ സ്വയംഭൂര്യാഥാ
തഥ്യതോളര്‍ത്ഥാന്‍ വ്യദധാച്ഛാശ്വതീഭ്യഃ സമാഭ്യഃ
(ശ്ലോകം 8)
(ആ ചുറ്റും വ്യാപിച്ചിരിക്കുന്നതും, പ്രകാശിച്ചുകൊണ്ടിരിക്കുന്നതും, ശരീരം ഇല്ലാത്തതും, വ്രണം ഇല്ലാത്തതും, ഞരമ്പുകള്‍ ഇല്ലാത്തതും, ശുദ്ധവും, ധര്‍മ്മാധര്‍മ്മാദി പുണ്യപാപസമ്പര്‍ക്കരഹിതവും, സര്‍വസാക്ഷിയും, സങ്കല്‍പ്പശക്തികൊണ്ട് മഹാകവിയും, എല്ലാറ്റിനും മേലെയുള്ളതും തന്നെത്താന്‍ ഉണ്ടായതും ആകുന്നു. ആ എന്നും നിലനില്‍പ്പുള്ള സംവത്സരപ്രജാപതികള്‍ക്കായി കാര്യങ്ങളെ ശരിയായ വിധത്തില്‍ വിഭജിച്ചുകൊടുത്തു.)
ഈ ശ്ലോകത്തിന്റെ ആദ്യ ഭാഗം (‘ആ ചുറ്റും വ്യാപിച്ചിരിക്കുന്നതും പ്രകാശിച്ചുകൊണ്ടിരിക്കുന്നതും…’ എന്ന് തുടങ്ങി ‘തന്നെത്താന്‍ ഉണ്ടായതും ആകുന്നു.’ എന്നത് വരെ) ഈ ശ്വരന്റെ സ്വരൂപമായി ഇതിനകം പറഞ്ഞു വന്നത് തന്നെയാണെന്ന് തോന്നാമെങ്കിലും, അടുത്ത ഭാഗമായ ‘ആ എന്നും നിലനില്‍പ്പുള്ള സംവത്സരപ്രജാപതികള്‍ക്കായി കാര്യങ്ങളെ ശരിയായ വിധത്തില്‍ വിഭജിച്ചു കൊടുത്തു’ എന്നത് വളരെ ആശയ കുഴപ്പം ഉണ്ടാ ക്കുന്നതാണ്. ഇവിടെ ആരാണ് കൊടുക്കുന്നത്? എന്നതിന് ഈശ്വരനെന്ന ഉത്തരമുണ്ട്. എന്നാല്‍ ആര്‍ക്കാണ് കൊടുക്കുന്നത്, എന്നായാല്‍ മറ്റൊന്നിനെ കാണേണ്ടിവരും.
ഇതുവരെ പറഞ്ഞത് പ്രകാരം ഈശ്വരനെ, അല്ലെങ്കില്‍ ആ പരമവും ഏകവുമായ സത്തയെ രണ്ടായി കാണുവാന്‍ കഴിയില്ല. മാത്രമല്ല, ഒരു രൂപത്തില്‍ അതിനെ ഒതുക്കുവാനും സാധ്യമല്ല. പക്ഷേ ഇവിടെ അത് രണ്ടും ഗോപ്യമായി ചെയ്തിരിക്കുകയാണ്. മറ്റൊന്ന് എല്ലാ വ്യവഹാരങ്ങള്‍ക്കും അപ്പുറത്തെന്നു പറഞ്ഞിരുന്നത് ഇവിടെ കൊടുക്കുകയും വാങ്ങുകയും ചെയ്ത് വ്യവഹരിക്കുകയാണ്. ശരിക്കും ഈ കാഴ്ചയുടെ പൊരുളിലാണ് ഹിന്ദുദര്‍ശനത്തിന്റെ മര്‍മ്മം ഇരിക്കുന്നത്.
അതിനായി ആദ്യം വേണ്ടത്, എനിക്കുള്ളത് അടച്ചു സൂക്ഷിക്കുവാന്‍ കഴിയുന്ന എന്തെങ്കിലും ഒരു സംവിധാനമാണ്. മറ്റുള്ളവര്‍ക്ക് വഴങ്ങാത്തതും എന്നാല്‍ പൂര്‍ണമായും എനിക്ക് വഴങ്ങുന്നതുമാകണം ആ സംവിധാനം. അവിടം, എനിക്ക് ആവശ്യമുള്ളപ്പോള്‍ മാത്രം അകത്ത് കടക്കുവാന്‍ കഴിയുന്ന രീതിയില്‍, ഒരു ചെറിയ ഭാഗം ഒഴിച്ച് ബാക്കിയുള്ള സ്ഥലം മുഴുവന്‍, അകത്തെന്തെന്ന് കാണുവാന്‍ കഴിയാത്തവിധം മറച്ചതുമാകണം.
തുറസ്സായ സ്വന്തം സ്ഥലത്ത്, സ്വകാര്യതയില്ലാതെ നിന്നപ്പോള്‍ ചിന്തിച്ചുപോയി. എനിക്കുള്ളത് അടച്ചു സൂക്ഷിക്കുവാന്‍ കഴിയുന്ന ഒരു പ്രത്യേകസ്ഥലം (മുറി) വേണം. അതിന് ആദ്യമായി കണ്ടെത്തേണ്ടത് എനിക്കുമാത്രം സ്വാതന്ത്ര്യം നല്കുന്ന വിധം പ്രവര്‍ത്തിക്കുന്ന ഒരു സാധനത്തെയാണ് (അതിനായി ഒരു പൂട്ടിനെ ഉപയോഗിക്കാം). തുടര്‍ന്ന്, ആവശ്യമുള്ളപ്പോള്‍ അകത്തേക്ക് കടക്കുവാനായി ഒരു ഭാഗത്ത്, പൂട്ടിനാല്‍ നിയന്ത്രിക്കുവാന്‍ കഴിയുന്ന ഒരു പ്രവേശന സംവിധാനവും പിടിപ്പിക്കണം. (അവിടെ വാതില്‍ എന്ന സങ്കേതം ഉപയോഗിക്കാം). ഇനി അതിനുചുറ്റുമുള്ള ഭാഗം മറയ്ക്കുവാനായി ചുടുകട്ടയും സിമന്റും ഉപയോഗിക്കാം. ആ മുറി എങ്ങനെയാകണം എന്നതിന്റെ അടിസ്ഥാനവിവരങ്ങളാണ് രൂപപ്പെടുത്തിയത്. എന്നാല്‍ അത് സൃഷ്ടിച്ചെടുക്കുവാനുള്ള ക്രമമല്ല ഇത്. അതിന്റെ നിര്‍മ്മിതി നടക്കുമ്പോള്‍ ആദ്യം ചുമരും അവസാനം പൂട്ടും വരുന്ന രീതിയില്‍, നേരെ തിരിച്ചാണ് കാര്യങ്ങള്‍ സംഭവിക്കുന്നത്.
ഇവിടെ മേല്പറഞ്ഞ രണ്ട് ഖണ്ഡികകളില്‍ ആദ്യത്തേത്, സാഹചര്യങ്ങള്‍ ആവശ്യപ്പെട്ടതുമൂലം മനസ്സ് തനിക്ക് വേണ്ടതെന്താണെന്ന് കണ്ട് ഒരാശയത്തെ (സങ്കല്‍പ്പത്തെ) രൂപപ്പെടുത്തുകയായിരുന്നു, അതെങ്ങനെ വേണം എന്ന ചിന്തയായി അടുത്തത്. അതാണ് രണ്ടാ മത്തെ ഖണ്ഡികയില്‍ നടന്നത്. അതിനായി തനിക്ക് കിട്ടാവുന്ന സാധനങ്ങള്‍ സ്വരൂപിച്ച് ആ ആശയത്തെ യാഥാര്‍ഥ്യത്തിന്റെ തലത്തിലേക്ക് മാറ്റുകയായിരുന്നു. (അതായത് വ്യക്തമായ ഒരു ജ്ഞാനത്തിന്റെ അടിത്തറയിലേക്ക് ആ സങ്കല്‍പ്പത്തെ മാറ്റുകയായിരുന്നു) അതിന് ശേഷമേ മുറിയുടെ നിര്‍മ്മാണം നടക്കൂ.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: