ഗുവാഹത്തി: ഹോം ഗ്രൗണ്ടില്‍ പോലും രക്ഷയില്ലാത്ത കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്ന് ഗുവാഹത്തിയില്‍. രാത്രി 7.30ന് നടക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍) ഫുട്ബോള്‍ പോരാട്ടത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ് എതിരാളികള്‍. പ്ലേഓഫ് ഉറപ്പിച്ച ബ്ലാസ്റ്റേഴ്സിന് ഇന്നത്തെ മത്സരവിധി എന്തായാലും ആശങ്കപ്പെടേണ്ടതില്ല. പ്ലേ ഓഫ് മത്സരത്തിന് ടീമിനൊരുങ്ങനുള്ള അവസരമാണ് ഇന്നത്തേതടക്കമുള്ള രണ്ട് ലീഗ് മത്സരങ്ങള്‍.
ഇതുവരെയുള്ള 20 കളികളില്‍ നിന്ന് ഒമ്പത് വിജയമാണ് ബ്ലാസ്റ്റേഴ്സ് നേടിയത്. അതില്‍ എട്ട് വിജയങ്ങളും ഡിസംബര്‍ വരെ നടന്ന സീസണിലെ ആദ്യഘട്ടത്തിലെ 11 മത്സരങ്ങളില്‍ നിന്നാണ് നേടിയത്. 2024ല്‍ ടീം കളിച്ച ഒമ്പത് കളികളില്‍ ആകെ ജയിച്ചത് ഒരേയൊരു മത്സരം മാത്രം. ഹോം ഗ്രൗണ്ടില്‍ ഗോവയ്ക്കെതിരെ നേടിയ 4-2ന്റെ വിജയം.
പിരക്കിന്റെ പിടിയിലായ ടീമിന്റെ ദുരവസ്ഥയില്‍ ഇന്നത്തെ കളി ഏറെ ബുദ്ധിമുട്ടായിരിക്കുമെന്നായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകന് ഇവാന് വുക്കോമനോവിച്ച് പറഞ്ഞു. ഇന്നലെ ഗുവാഹത്തിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് വുക്കോ ഇക്കാര്യം അറിയിച്ചത്.
സീസണില്‍ ഇതുവരെയുള്ള 19 മത്സരങ്ങളില്‍ നിന്ന് നാല് വിജയങ്ങള്‍ മാത്രം നേടിയിട്ടുള്ള ടീം ആണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. പോയിന്റ് പട്ടികയില്‍ ഏറ്റവും പിന്നിലുള്ള രണ്ടാമത്തെ ടീം. പട്ടികയില്‍ ആദ്യ ആറ് സ്ഥാനക്കാര്‍ക്കാണ് പ്ലേഓഫ് അര്‍ഹത. 30 പോയിന്റോടെ അഞ്ചാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സ് സുരക്ഷിതരാണ്. ആറാം സ്ഥാനം സ്വന്തമാക്കി പ്ലേ ഓഫില്‍ കയറിപറ്റാന്‍ നിലവില്‍ ആറ് മുതല്‍ 11 വരെ സ്ഥാനങ്ങളിലുള്ള ആറ് ടീമുകള്‍ക്കും അവസരമുണ്ട്. ഇതില്‍ 11-ാം സ്ഥാനത്താണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. അതിനാല്‍ ബ്ലാസ്റ്റേഴ്സിനെതിരെ ഇന്ന് ജീവന്മരണ പോരാട്ടത്തിനായിരിക്കും അവര്‍ മുതിരുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: