ആന്‍ഫീല്‍ഡ്: പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തേക്കെത്തിയ ആഴ്സണലിനെ ലിവര്‍പൂള്‍ എഫ്സി വീണ്ടും മറികടന്നു. ഇന്നലെ നടന്ന മത്സരത്തില്‍ ഷെഫീല്‍ഡ് യുണൈറ്റഡിനെ 3-1ന് തകര്‍ത്താണ് ലിവര്‍പൂളിന്റെ വിജയം.
തലേന്ന് സീസണിലെ 21-ാം വിജയത്തിലൂടെ 68 പോയിന്റുമായി മുന്നിലെത്തിയ ആഴ്സണലിനെയാണ് ലിവര്‍ ഇന്നലെ മറികടന്നത്. 30 കളികളിലെ 21 വിജയങ്ങളിലൂടെ 70 പോയിന്റ് നേടിയാണ് ലിവര്‍ വീണ്ടും ഒന്നാമതായത്.
കളിയുടെ 17-ാം മിനിറ്റില്‍ സൂപ്പര്‍ സ്ട്രൈക്കര്‍ ഡാര്വിന് ന്യൂനെസിലൂടെ ലിവര്‍ കളിയിലെ ആദ്യ ഗോള്‍ നേടി. ഈ ഒരു ഗോളില്‍ ആദ്യപകതി അവര്‍ മുന്നിട്ടു നിന്നു.
രണ്ടാം പകുതി പുരോഗമിച്ച കളിയില്‍ ദാനഗോളിലൂടെ ഷെഫീല്‍ഡ് സമനില നേടിക്കൊണ്ട് ലിവറിനെ ഞെട്ടിച്ചു. 76-ാം മിനിറ്റില്‍ അര്‍ജന്റീന മിഡ്ഫീല്‍ഡര്‍ മാക് അലിസ്റ്റര്‍ നേടിയ മികച്ചൊരു ഗോളിലൂടെ ലിവര്‍ വീണ്ടും ലീഡിലേക്കുയര്‍ന്നു.
ഒടുവില്‍ കളിക്ക് 90 മിനിറ്റെത്തിയപ്പോള്‍ ലിവര്‍പൂളിനായി കോഡി ഗാക്പോയും ഗോള്‍ നേടി. ലിവറിന്റെ ലീഡ് ഒന്നിനെതിരെ മൂന്നായി ഉയര്‍ന്നു. വിജയമാഘോഷിച്ച് ലിവര്‍ സ്വന്തം മൈതാനത്തില്‍ നിന്നും പുരിഞ്ഞു.
കളിയില്‍ സമഗ്രാധിപത്യം പുലര്‍ത്തിയാണ് ലിവര്‍പൂള്‍ വിജയിച്ചത്. 83 ശതമാനം സമയവും പന്ത് ലിവര്‍ താരങ്ങളുടെ ബൂട്ടിലായിരുന്നു. 29 മുന്നേറ്റങ്ങള്‍ നടത്തി. ഒമ്പത് തവണ ഓണ്‍ടാര്‍ജറ്റ് തൊടുത്തു. 2024ല്‍ യൂറോപ്പ്യന്‍ ക്ലബ്ബ് ഫുട്ബോള്‍ ടീമില്‍ ഏറ്റവും കൂടുതല്‍ വിജയം സ്വന്തമാക്കിയ ടീം ലിവര്‍പൂള്‍ ആണ്. 16 കളികളില്‍ ജയിച്ചു. ഏറ്റവും കൂടുതല്‍ ഗോളുകളും ലിവറിന്റെ പേരിലാണ് 59 ഗോളുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: