സാഹിത്യകലയും ഇവിടെ പ്രസക്തമാണ്. ക്ഷേത്രങ്ങളിലെ ദേവന്മാരെചുറ്റിപ്പറ്റി എത്രയെത്ര സ്തോത്രങ്ങളാണ് ഉണ്ടായിട്ടുള്ളത്. തമിഴ്നാട്ടില്‍ സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് ആവിഷ്കൃതങ്ങളായ ‘തേവാരകൃതികള്‍’ ഉദാത്ത ഭക്തിയുടേയും വേദാന്ത വിജ്ഞാനത്തിന്റേയും ഭണ്ഡാരങ്ങളാണ്.
നമ്മുടെ ശങ്കരാചാര്യകൃതികളും നാരായണീയവും, അങ്ങനെ ഒട്ടനേകം ഭാഷാകൃതികളും എടുത്തുനോക്കിയാല്‍ ക്ഷേത്രസാഹിത്യവുമായി എത്രയധികം ബന്ധപ്പെടുന്നു വെന്ന് മനസ്സിലാക്കാവുന്നതാണ്. കേരളത്തില്‍ പുരാണ പാരായണത്തിന് പ്രത്യേകം തസ്തികകള്‍ ഉണ്ടായിരുന്നു. ഭാരതപട്ടേരിയുടെ കര്‍ത്തവ്യം ഭാരതം പാരായണം ചെയ്യുകയും കഥ പറഞ്ഞുകേള്പ്പിക്കുകയുമായിരുന്നു.
ചാക്യാര്‍കൂത്ത്, ഓട്ടന്തുള്ളല്, പാഠകം മുതല്‍ ഇന്നത്ത കഥാപ്രസംഗം വരെ ക്ഷേത്രകലകള്‍ വികാസം പ്രാപിച്ചിട്ടുണ്ട്. കഥാപ്രസംഗത്തിന്റെ പൂര്‍വ്വരൂപമായ ഹരികഥാ കാലക്ഷേപമാണിവിടെ സൂചിപ്പിച്ചത് എന്നും ഇന്നത്തെ പാശ്ചാത്യരാഷ്ട്രീയ അതിപ്രസരമുള്ള കഥാപ്രസംഗമല്ല എന്നും പറയട്ടെ. സാഹിത്യത്തിന്റെ ഒരു പ്രധാന ശാഖയാണല്ലോ നാടകാഭിനയം. കൂടിയാട്ടം എന്ന സംസ്കൃത നാടകാഭിനയം ഇവിടെ കേരളത്തിലുള്ള രീതിയില്‍ തന്നെയായിരുന്നു പൗരാണിക ഭാരതത്തില്‍ അവതരിപ്പിച്ചിരുന്നത് എന്ന് അഭിജ്ഞന്മാര് പറയുന്നു. അത്തരം സംസ്കൃതനാടകത്തിലെ വിദൂഷകനെ മാത്രം അടര്‍ത്തിയെടുത്താല്‍ അത് ചാക്യര്കൂത്തായി. ഇന്നും കൂത്ത് എന്ന പുരാണകഥാപ്രസംഗം അമ്പലത്തിലെ ഒരു പ്രധാന അനുഷ്ഠാനകലയാണ്.
ക്ഷേത്രങ്ങളിലും തത്തുല്യ ആദ്ധ്യാത്മിക പ്രാധാന്യമുള്ളയിടത്തും മാത്രമേ കൂത്ത് നടത്തുവാന്‍ പാടുള്ളുവെന്നായിരുന്നു ഇവിടുത്തെ അലിഖിത നിയമം. ഇതില്‍ ഉപയോഗിക്കുന്ന വാദ്യം മിഴാവ് ആണ്. ഈ മിഴാവിനും ഉപനയനാദി സംസ്കാരങ്ങള്‍ വേണമെന്ന് നിര്‍ബന്ധമാണ്. മാത്രമല്ല കൂത്തമ്പലമെന്ന ഒരു നാട്യമണ്ഡപം മഹാക്ഷേത്രങ്ങളില്‍ പ്രാകാരത്തിനകത്തുതന്നെ നിര്‍മ്മിക്കാറുണ്ടായിരുന്നു. താഴികക്കുടം മുതല്‍ പാദുക ജഗതി വരെയുള്ള ക്ഷേത്രശില്പ സങ്കേതങ്ങള്‍ ഇതിന്റെ നിര്‍മ്മാണത്തിനുവേണ്ടിവരുന്നുവെന്നത് ഈ കലാശില്പത്തിന്റെ ആദ്ധ്യാത്മികതയെ സൂചിപ്പിക്കുന്നുണ്ട്.
(ആര്‍എസ്എസ് പ്രചാരകനും തന്ത്രവിദ്യാപീഠം സ്ഥാപകനും കേരള ക്ഷേത്ര സംരക്ഷണസമിതി അമരക്കാരനുമായിരുന്ന പി. മാധവ്ജിയുടെ ‘ക്ഷേത്ര ചൈതന്യ രഹസ്യം’ ഗ്രന്ഥത്തില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: