അഞ്ചുതെങ്ങ്/തിരുവനന്തപുരം: സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്ത് റഷ്യയില്‍ തട്ടിപ്പിനിരയായ അഞ്ചുതെങ്ങ് സ്വദേശികളില്‍ ഒരാള്‍ പ്രിന്‍സ് സെബാസ്റ്റ്യന്‍ തിരികെയെത്തി. അഞ്ചുതെങ്ങ് കുരിശ്ശടി മുക്കിനു സമീപം കൊപ്രക്കൂട്ടില്‍ സെബാസ്റ്റ്യന്‍-നിര്‍മല ദമ്പതികളുടെ മകനായ പ്രിന്‍സ് കഴിഞ്ഞ ദിവസം രാത്രി ദല്‍ഹിയില്‍ നിന്ന് 9.25ന് പുറപ്പെട്ട് 12.45ന് വിമാന മാര്‍ഗമാണ് നാട്ടിലെത്തിയത്. റഷ്യ-ഉക്രൈന് യുദ്ധഭൂമിയില്‍ നിന്നു ദല്‍ഹിയിലെത്തിച്ച പ്രിന്‍സിനെ സിബിഐ സംഘത്തിന്റെ വിശദമായ തെളിവെടുപ്പുകള്‍ക്കു ശേഷമാണ് ജന്മനാട്ടിലേക്ക് അയച്ചത്. കേന്ദ്രമന്ത്രി വി. മുരളീധരന്റെ നിരന്തരമായ ഇടപെടല്‍ മൂലം റഷ്യയിലെ ഇന്ത്യന്‍ എംബസി വഴി താത്കാലിക ഔട്ട് പാസ് നല്കി അഞ്ചുതെങ്ങ് സ്വദേശി പ്രിന്‍സിനെയും, പൂവാര്‍ സ്വദേശി ഡേവിഡിനെയും റഷ്യയില്‍ നിന്നു ദല്‍ഹിയിലെത്തിച്ചിരുന്നു. ഡേവിഡും ഉടന്‍ നാട്ടിലെത്തും.
ഉയര്‍ന്ന ശമ്പളവും മികച്ച തൊഴിലും വാഗ്ദാനം ചെയ്താണ് റഷ്യന്‍ യുദ്ധമുഖത്തേക്ക് മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി പേരെ ട്രാവല്‍ ഏജന്‍സികള്‍ റിക്രൂട്ട് ചെയ്തതെന്ന് പ്രിന്‍സ് പറഞ്ഞു. സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്ത് ഏഴു ലക്ഷം രൂപയാണ് തുമ്പ സ്വദേശിയായ ഏജന്റിനു നല്‍കിയത്. അവിടെ എത്തിച്ച ശേഷം റഷ്യന്‍ ഭാഷയിലെ കരാറില്‍ ഒപ്പിട്ടു വാങ്ങി. 22 ദിവസത്തെ പരിശീലന ശേഷം തോക്കു കൊടുത്ത് ഉക്രൈന് യുദ്ധമുഖത്തേക്ക് അയച്ചു. ആദ്യദിനം തന്നെ വെടിയേറ്റ് കാലിനും മുഖത്തും പരിക്കേറ്റു. അപ്പോള്‍ കൂടെ വന്ന വിനീതും ഉണ്ടായിരുന്നു. ഭൂമിക്കടിയിലൂടെയുള്ള തുരങ്കം വഴിയാണ് രക്ഷപ്പെട്ടത്. വരുന്ന വഴിയില്‍ നിരവധി പേര് വെടിയേറ്റു മരിച്ചു കിടക്കുന്നതു കണ്ടു. ഭാഗ്യം കൊണ്ടു മാത്രമാണ് ജീവനോടെയെത്താന്‍ കഴിഞ്ഞതെന്ന് പ്രിന്‍സ് പറഞ്ഞു.
പരിക്കേറ്റവരെ സൈനിക ആശുപത്രിയിലെത്തിച്ചു. യുദ്ധമുഖത്ത് ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നൂറ്റന്പതോളം പേരുണ്ട്. റഷ്യയിലെത്തിയാല്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഏജന്റുമാര്‍ നിര്‍ബന്ധപൂര്‍വം പാസ്പോര്‍ട്ട് വാങ്ങി വയ്ക്കുന്നതായും പ്രിന്‍സ് പറഞ്ഞു. ചതിയില്‍പ്പെട്ട് അഞ്ചുതെങ്ങു സ്വദേശികളായ മൂന്നു പേരാണ് ഉക്രൈനില്‍ കുടുങ്ങിയിരുന്നത്. ഇവര്‍ മൂന്നുപേരും ബന്ധു സഹോദരങ്ങളാണ്. ടിനു, വിനീത് എന്നിവരെ അടിയന്തരമായി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കേന്ദ്ര മന്ത്രി വി. മുരളീധരന് ഇവരുടെ വീടുകള്‍ സന്ദര്‍ശിക്കുകയും എത്രയും വേഗം ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടിയുണ്ടാകുമെന്ന് ബന്ധുക്കളെ അറിയിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: