മധുരൈ: കച്ചത്തീവ് ദ്വീപ് കോണ്‍ഗ്രസ് സര്‍ക്കാരാണ് ശ്രീലങ്കയ്ക്ക് കൈമാറിയതെന്നും വിഷയത്തില്‍ തമിഴ്നാടിന്റെ താത്പര്യം സംരക്ഷിക്കാന്‍ ഡിഎംകെ ഒന്നും ചെയ്തില്ലെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ അനുകൂലിച്ച് എഐഎഡിഎംകെ നേതാവ് സെല്ലൂര്‍ കെ. രാജു.
പ്രധാനമന്ത്രി ഡിഎംകെ സര്‍ക്കാരിനെ കുറിച്ച് ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളെല്ലാം ശരിയാണെന്ന് രാജു പറഞ്ഞു. ഇന്ദിരാഗാന്ധിയുടെ കാലത്താണ് പാക് കടലിടുക്കിലെ കച്ചത്തീവ് ദ്വീപ്ശ്രീലങ്കയ്ക്ക് വിട്ടുകൊടുക്കുന്നത്. അന്ന് തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന കരുണാനിധി അതിനെ എതിര്‍ത്തില്ല. പകരം സംസ്ഥാനത്തിന് വേണ്ടി വാദിച്ചെന്ന് വരുത്തിതീര്‍ത്തു. 2006ല്‍ ജയലളിത ഇതിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയായപ്പോള്‍ സുപ്രീംകോടതിയേയും സമീപിച്ചു. പിന്നീട് ഡിഎംകെ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ കേസില്‍ തുടര്‍ നടപടി കൈക്കൊള്ളാതെ ഒഴിവാക്കുകയായിരുന്നു. വിഷയത്തില്‍ എഐഎഡിഎംകെ ഇപ്പോഴും പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്.
ബിജെപി ഈ വിഷയം ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടുവന്നത് തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികളുടെ വോട്ട് നേടുന്നതിനാണെന്നും രാജു കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: