ന്യൂദൽഹി: തുടർച്ചയായി സർവീസുകൾ റദ്ദാക്കുന്ന നടപടിയിൽ വിസ്താര കമ്പനിയിൽ നിന്നും കേന്ദ്ര വ്യോമയാന മന്ത്രാലയവും ഡിജിസിഎയും റിപ്പോർട്ട് തേടി. കഴിഞ്ഞ ഒരാഴ്ചക്കിടെ വിസ്താരയുടെ നൂറിലേറെ സർവീസുകൾ റദ്ദാക്കുകയോ വൈകുകയോ ചെയ്തിരുന്നു. ഇതിനെ തുടർന്ന് വ്യാപകമായി പരാതികൾ ഉയർന്ന പശ്ചാത്തലത്തിൽ ആണ് ഇടപെടൽ.
ഓരോ ദിവസവും നടത്തിയ സർവീസുകൾ, റദ്ദാക്കപ്പെട്ട സർവീസുകൾ,വൈകിയ സർവീസുകൾ തുടങ്ങിയ വിശദ വിവരങ്ങൾ നൽകാൻ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ഡിജിസിഎ അറിയിച്ചു. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ദൽഹിയിൽ നിന്നും കൊച്ചിയിലേക്കുള്ള സർവീസുകൾ ഉൾപ്പെടെ വിസ്തര റദ്ധാക്കിയിരുന്നു. പൈലറ്റുമാരുടെ അഭാവം അടക്കമുള്ള കാരണങ്ങളാണ് സർവീസുകൾ തടസ്സപ്പെടാൻ ഉള്ള കാരണമായി വിസ്താര നൽകുന്നത്.
ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂർ എയർലൈൻസിന്റെയും സഹ ഉടമസ്ഥതയിലാണ് വിസ്താര എയർലൈനിന്റെ പ്രവർത്തനം. കഴിഞ്ഞ ഒരാഴ്ചയായി വിസതാരയിൽ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ഇന്നലെ മാത്രം വിസ്താരയുടെ 50 ലധികം വിമാനങ്ങളാണ് റദ്ദാക്കപ്പെട്ടത്. 160 ഓളം വിമാനങ്ങൾ വൈകുകയും ചെയ്തു. ഇതേത്തുടർന്ന് കടുത്ത പ്രതിഷേധവുമായി യാത്രക്കാരും രംഗത്തെത്തിയിട്ടുണ്ട്. യാത്രക്കാർക്ക് ഉണ്ടായ അസൗകര്യങ്ങളിൽ ക്ഷമ ചോദിക്കുന്നതായും വിസ്താര പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു.
യാത്രക്കാർക്ക് ഉണ്ടാകുന്ന അസൗകര്യങ്ങൾ പരമാവധി ലഘൂകരിക്കുന്നതിനായി തങ്ങളുടെ ജീവനക്കാർ പരമാവധി പ്രയത്നിക്കുന്നുണ്ടെന്നും ഇവർ പറയുന്നു. വരും ദിവസങ്ങളിലും ഇത് തുടരുമെന്നും ഇവർ കൂട്ടിച്ചേർത്തു. വൈകാതെ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: