തമിഴകത്തെ രാഷ്ട്രീയം പൊടുന്നനെയാണ് കച്ചത്തീവ് ദ്വീപിനെ ചുറ്റിപ്പറ്റി തിരിയാന്‍ തുടങ്ങിയിരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ പുറത്തുവന്ന രേഖകളും, കച്ചത്തീവ് ഭാരതത്തിന് നഷ്ടമാകാന്‍ കാരണമായത് കോണ്‍ഗ്രസിന്റെയും ഇന്ദിരാഗാന്ധിയുടേയും നിലപാടുകള്‍ മൂലമാണെന്ന പ്രധാനമന്ത്രി മോദിയുടെ തെരഞ്ഞെടുപ്പ് റാലിയിലെ പ്രസ്താവനയും പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നു. കച്ചത്തീവ് നഷ്ടപ്പെടുത്തി ശ്രീലങ്കയുമായി കരാറുണ്ടാക്കിയ കാലത്ത് കേന്ദ്രം ഭരിച്ച കോണ്‍ഗ്രസും തമിഴ്നാട് ഭരണത്തിലുണ്ടായിരുന്ന ഡിഎംകെയും വിഷയത്തില്‍ പ്രതിസ്ഥാനത്താണ്. കച്ചത്തീവ് നഷ്ടപ്പെടുത്തിയതില്‍ ഇരുകൂട്ടര്‍ക്കും പങ്കുണ്ടെന്നതിന്റെ പുതിയ രേഖകള്‍ പുറത്തുവന്നത് ലോക്സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ തമിഴ് രാഷ്ട്രീയത്തെ കൂടുതല്‍ ചൂടുപിടിപ്പിക്കുന്നു. തമിഴ്നാടിനോട് കൂടിയാലോചിക്കാതെയാണ് കരാറുണ്ടാക്കിയതെന്ന ഡിഎംകെയുടെ വാദങ്ങള്‍ കളവാണെന്ന് പുതിയ തെളിവുകള്‍ വ്യക്തമാക്കുന്നു.
രാമേശ്വരത്തുനിന്നും 33 കിലോമീറ്റര്‍ അകലെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ബംഗാള്‍ ഉള്‍ക്കടലിനും മാന്നാര്‍ ഉള്‍ക്കടലിനും മധ്യേ വ്യാപിച്ചുകിടക്കുന്ന പാക് കടലിടുക്കില്‍(രാമസേതു) ആണ് കച്ചത്തീവ് ദ്വീപ് സ്ഥിതിചെയ്യുന്നത്. 1.6 കിലോമീറ്റര്‍ നീളവും 300 മീറ്റര്‍ വീതിയും മാത്രമുള്ള 285 ഏക്കര്‍ വരുന്ന കുഞ്ഞന്‍ ദ്വീപ് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇരുരാജ്യങ്ങള്‍ക്കുമിടയിലെ പരിഹരിക്കാനാവാത്ത പ്രശ്നമായി നില്‍ക്കുന്നതിന് കാരണം പ്രദേശത്തെ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിഷയങ്ങളാലാണ്. ശ്രീലങ്കയുടെ വടക്കന്‍ പ്രവിശ്യയായ മാന്നാര്‍ ജില്ലയ്ക്കും തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയ്ക്കും ഇടയിലുള്ള ദ്വീപ് പ്രദേശം 1974ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും ശ്രീലങ്കന്‍ പ്രധാനമന്ത്രി സിമിരാവോ ബന്ദാരെനായകെയും തമ്മിലുള്ള കരാര്‍ പ്രകാരമാണ് ഭാരതത്തിന് നഷ്ടമായത്. ബ്രിട്ടീഷ് ഭരണകാലം മുതല്‍ തര്‍ക്ക പ്രദേശമായിരുന്ന ഇവിടം രാമനാഥപുരം ഭരിച്ചിരുന്ന രാംനാഥാണ് മദ്രാസ് പ്രവിശ്യയുടെ ഭാഗമാക്കിത്തീര്‍ത്തത്. എന്നാല്‍ സ്വാതന്ത്ര്യത്തിന് ശേഷവും ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രധാന തര്‍ക്ക മേഖലയായി കച്ചത്തീവ് മാറുകയായിരുന്നു. ദ്വീപിന് ചുറ്റുമുള്ള മത്സ്യബന്ധന അവകാശമായിരുന്നു പ്രധാന വിഷയം. ജവഹര്‍ലാല്‍ നെഹ്രുവിനും ഇന്ദിരാഗാന്ധിക്കും കച്ചത്തീവ് ശ്രീലങ്കയ്ക്ക് വിട്ടു നല്‍കണമെന്ന താല്പ്പര്യമായിരുന്നു ഉണ്ടായിരുന്നത്. അങ്ങനെ നിലവില്‍ വന്നതാണ് 1974ലെ ഇന്തോ-ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തി കരാര്‍. ഈ കരാറോടെ കച്ചത്തീവ് ദ്വീപ് ഭാരതത്തിന് നഷ്ടമായി. 1976ലെ തുടര്‍ കരാറോടെ കച്ചത്തീവ് പ്രദേശത്ത് മത്സ്യബന്ധനം നടത്തുന്നതിനുള്ള അവകാശവും ഭാരതത്തിന് നഷ്ടപ്പെട്ടു. നൂറ്റാണ്ടുകളായി തലമുറകള്‍ മത്സ്യബന്ധനം നടത്തിവന്ന സമുദ്രഭാഗമാണ് തമിഴ് മത്സ്യബന്ധനത്തൊഴിലാളികള്‍ക്ക് നഷ്ടമായത്.
1974ല്‍ ഭാരതവും ശ്രീലങ്കയും മാരിടൈം അതിര്‍ത്തി പുനര്‍നിര്‍ണ്ണയിച്ചപ്പോള്‍ കച്ചത്തീവ് ഭാരതത്തിന് നഷ്ടമായി. രണ്ട് രാജ്യത്തിനും പ്രദേശത്തെ സമുദ്രാവകാശം തുല്യമായി വീതിച്ചിരുന്നു. പാര്‍ലമെന്റില്‍ കരാര്‍ വെയ്ക്കുകയും അന്നത്തെ വിദേശകാര്യമന്ത്രി ഇരുരാജ്യങ്ങള്‍ക്കും തുല്യമായ അവകാശങ്ങളുള്ള കരാറാണിതെന്ന് ഉറപ്പും നല്‍കിയതാണ്. രണ്ടുവര്‍ഷത്തിനകം ഭാരതവും ശ്രീലങ്കയും തമ്മില്‍ മറ്റൊരു കരാര്‍ വരികയും കച്ചത്തീവ് പ്രദേശത്ത് മത്സ്യബന്ധനത്തിന് ഭാരത മത്സ്യയാനങ്ങള്‍ക്ക് അനുമതി റദ്ദാക്കപ്പെടുകയും ചെയ്തു.
കഴിഞ്ഞ 20 വര്‍ഷത്തിനിടെ 6,184 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയാണ് ശ്രീലങ്കന്‍ സൈന്യം സമുദ്രാര്‍ത്തി ലംഘനം ആരോപിച്ച് പിടികൂടി ജയിലിലടച്ചത്. ഇക്കാലയളവില്‍ 1,175 മത്സ്യബന്ധന ബോട്ടുകളും ശ്രീലങ്ക പിടിച്ചെടുത്തു. ഇതില്‍ ഭൂരിഭാഗവും തമിഴ് മീന്‍പിടുത്തക്കാരും തമിഴ്നാട്ടില്‍ നിന്നുള്ള ബോട്ടുകളുമാണ്. അതിനാല്‍ തന്നെ കഴിഞ്ഞ അഞ്ചു പതിറ്റാണ്ടായി തമിഴ് രാഷ്ട്രീയ പാര്‍ട്ടികള്‍ കേന്ദ്രത്തില്‍ നിരന്തരം ഉന്നയിക്കുന്ന വിഷയവും കച്ചത്തീവ് ദ്വീപ് തന്നെ. 1974,1976 കരാറുകള്‍ മൂലം കേന്ദ്രസര്‍ക്കാരിന് വിഷയത്തില്‍ യാതൊന്നും ചെയ്യാനാവാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ഈ സ്ഥിതിക്ക് കാരണക്കാര്‍ ആരെന്ന് രാജ്യത്തിന് മുന്നില്‍ തുറന്നുകാട്ടുകയാണ് തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ.അണ്ണാമലെയും പ്രധാനമന്ത്രി നരേന്ദ്രമോദിയും. കേന്ദ്രവിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ അന്നത്തെ രേഖകളും പാര്‍ലമെന്റ് പ്രസംഗങ്ങളും മറ്റും എടുത്തുയര്‍ത്തി രംഗത്തെത്തിയതോടെ കോണ്‍ഗ്രസും ഡിഎംകെയും കൂടുതല്‍ പ്രതിസന്ധിയിലായി. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പാര്‍ലമെന്റ് കമ്മറ്റിയിലും സഭാ ചര്‍ച്ചകളിലും കച്ചത്തീവ് വിഷയം വരുന്നുണ്ട്. നിലവിലെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് 21 തവണയാണ് ഈ വിഷയം കേന്ദ്രവിദേശകാര്യമന്ത്രാലയത്തില്‍ ഉന്നയിച്ചത്. തമിഴ്നാട്ടിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇതില്‍ വ്യക്തമായ നിലപാടുണ്ട്. എന്നാല്‍ കോണ്‍ഗ്രസും ഡിഎംകെയും ഇക്കാര്യത്തില്‍ സ്വീകരിച്ച ഇരട്ടത്താപ്പ് പുറത്തുവന്നതോടെ വലിയ രാഷ്ട്രീയ വിഷയമായി തമിഴ്നാട്ടില്‍ കച്ചത്തീവ് മാറിക്കഴിഞ്ഞു.
കോണ്‍ഗ്രസും ഡിഎംകെയും ആണ് കച്ചത്തീവ് വിഷയത്തിലെ പ്രധാന കക്ഷികളെന്നാണ് കേന്ദ്രവിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ അഭിപ്രായം. എന്താണ് അന്ന് നടന്നതെന്ന് ജനങ്ങള്‍ക്കറിയാന്‍ അവകാശമുണ്ട്. ഈ സാഹചര്യം ഉണ്ടാവാന്‍ കാരണമെന്ത്. കച്ചത്തീവ് വിട്ടുകൊടുത്തത് എന്തിന്. ഇതുസംബന്ധിച്ച് രണ്ട് രേഖകളാണുള്ളത്. ഒന്ന്, 1968ലെ വിദേശകാര്യമന്ത്രാലയത്തിന്റെ കണ്‍സര്‍വേറ്റീവ് കമ്മറ്റിയുടേതാണ്. മറ്റൊന്ന്, അന്നത്തെ വിദേശകാര്യ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രി കരുണാനിധിയും തമ്മില്‍ 1973ല്‍ നടത്തിയ കൂടിക്കാഴ്ചയുടേയും രേഖകളാണ്. രാജാ രാംനാഥിന്റേതാണ് കച്ചദ്വീപ് എന്ന നിലപാടാണ് ഭാരതത്തിനുണ്ടായിരുന്നത്. ബ്രിട്ടീഷ് കാലത്തും മദ്രാസ് സര്‍ക്കാരിന്റെ കാലത്തും കച്ചദ്വീപ് ഭാരതത്തിന്റെ കൈവശമായിരുന്നു. ശ്രീലങ്ക പറയുന്നത്, 17-ാം നൂറ്റാണ്ട് മുതല്‍ അവരുടെ കൈവശമുള്ള ദ്വീപാണ് അതെന്നാണ്. ഭാരതവും ശ്രീലങ്കയും സ്വാതന്ത്ര്യം ലഭിച്ച ശേഷം സൈന്യങ്ങളാണ് ദ്വീപിന്റെ അവകാശത്തിന്മേല് പ്രശ്നങ്ങളുണ്ടായത്. സിരിമാവോ ബന്താരനായകെയും ഇന്ദിരാഗാന്ധിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് കരാര്‍ ഉണ്ടാവുന്നത്. 1958ല്‍ അറ്റോര്‍ണി ജനറല്‍ റിപ്പോര്‍ട്ട് പ്രകാരം ഭാരതത്തിന്റെ പരമാധികാര പ്രദേശമാണ് കച്ചത്തീവ് എന്നായിരുന്നു. ഈ പ്രദേശത്തെ മത്സ്യബന്ധന അവകാശം കാലങ്ങളായി ഭാരതത്തിലെ മീന്പിടുത്തക്കാര്ക്കാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഡോ. കെ കൃഷ്ണറാവു എന്ന വിദേശകാര്യമന്ത്രാലയത്തിലെ അന്താരാഷ്ട്ര നിയമ വിദഗ്ധനും മീന്‍പിടുത്ത അവകാശം ഭാരതത്തിനുണ്ടെന്ന് അക്കാലത്ത് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ 1974ല്‍ കച്ചത്തീവിന്റെ അവകാശവും 1976ലെ കരാറിലൂടെ മീന്‍പിടുത്ത അവകാശവും ഭാരതം നഷ്ടമാക്കി’ എസ്. ജയശങ്കര്‍ ആരോപിക്കുന്നു.
”1973 ഒക്ടോബറില്‍ അന്നത്തെ വിദേശകാര്യസെക്രട്ടറിയും തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ തന്നെ കച്ചത്തീവ് വിട്ടുനല്‍കുന്നതില്‍ ധാരണയായിരുന്നു. കച്ചത്തീവ് വിട്ടു നല്‍കുന്നതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും തമിഴ്നാട്ടിലെ അന്നത്തെ ഡിഎംകെ സര്‍ക്കാരിന് അറിയാമായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണിത്. കച്ചത്തീവ് വിട്ടു നല്കുന്നതില് എതിര്‍പ്പില്ലെന്ന് കരുണാനിധി യോഗത്തില്‍ അറിയിച്ചതും ഔദ്യോഗിക രേഖകളുടെ ഭാഗമാണ്. ഇതിന്റെ തുടര്‍ച്ചയായാണ് 1974ല്‍ കച്ചത്തീവ് വിട്ടുനല്‍കി കരാറുണ്ടാക്കുന്നത്. കച്ചത്തീവ് ശ്രീലങ്കയ്ക്ക് നല്‍കിയതിന് പിന്നില്‍ ആരൊക്കെ ഉണ്ടായിരുന്നുവെന്ന് എല്ലാവര്ക്കും സുവ്യക്തമായ കാര്യമാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 21 തവണയാണ് സ്റ്റാലിന് വിദേശകാര്യമന്ത്രാലയം കച്ചത്തീവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ മറുപടി നല്‍കിയത്. സജീവമായ വിഷയമാണിതെന്നതിന്റെ തെളിവല്ലേ അത്. പാര്‍ലമെന്റില്‍ ഇത്തരം വിഷയങ്ങള്‍ ഉയരുമ്പോഴെല്ലാം കോണ്‍ഗ്രസും ഡിഎംകെയും തങ്ങള്‍ക്കൊന്നും അറിയില്ല എന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇനിയെങ്കിലും രാജ്യത്തെ ജനങ്ങളും തമിഴ്നാട്ടുകാരും സത്യമറിയണം. 1974ലെ കരാറില്‍ ഭാരതത്തിന് പ്രയോജനമുള്ള യാതൊന്നുമില്ലായിരുന്നു എന്നതാണ് പ്രശ്നം. തുടര്‍ കരാറിലൂടെ മീന്‍ പിടിക്കാനുള്ള അവകാശവും നഷ്ടമായി. നിലവില്‍ സുപ്രീംകോടതിക്ക് മുന്നില്‍ രണ്ട് റിട്ട് പെറ്റീഷനുകളാണുള്ളത്. എന്താണ് ഭാവിയില്‍ നടക്കുകയെന്നത് പറയാനാവില്ല. വിഷയം കോടതിയുടെ പരിഗണനയില്‍ കൂടിയുള്ളതാണ്”, കേന്ദ്രവിദേശകാര്യമന്ത്രി നിലപാട് വ്യക്തമാക്കിയത് ഇങ്ങനെയാണ്.
തനിക്ക് യാതൊരു പ്രധാന്യവും ഈ ചെറിയ ദ്വീപില്‍ കാണുന്നില്ലെന്നും വിട്ടുകൊടുക്കുന്നതില്‍ യാതൊരു പ്രശ്നവുമില്ലെന്നുമായിരുന്നു ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ നിലപാട്. ഇതദ്ദേഹം പലകുറി പാര്‍ലമെന്റില്‍ ആവര്‍ത്തിച്ചിട്ടുമുണ്ട്. 1961ല്‍ നെഹ്റു പറഞ്ഞത് ഇപ്രകാരമാണ്. ഈ കുഞ്ഞന്‍ ദ്വീപിന് എന്തെങ്കിലും തരത്തിലുള്ള പ്രാധാന്യമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. അതു വിട്ടുകൊടുക്കുന്നതില്‍ എനിക്ക് യാതൊരു പ്രശ്നവുമില്ല താനും. ഇത്തരം നിസാരമായ വിഷയങ്ങള്‍ ദീര്‍ഘകാലമായി പരിഹരിക്കാതെ കിടക്കുന്നതും വീണ്ടും വീണ്ടും ഉയര്‍ന്നുവരുന്നതും ഞാനിഷ്ടപ്പെടുന്നുമില്ല. എന്നാല്‍ ഇന്നും ഓരോ പാര്‍ലമെന്റ് സമ്മേളനത്തിലും തമിഴ്നാട്ടില്‍ നിന്നുള്ള എംപിമാര്‍ ഈ വിഷയവുമായി രംഗത്തെത്തുന്നു എന്നതാണ് സ്ഥിതി.
എഐസിസി സമ്മേളനത്തില്‍ ഇന്ദിരാഗാന്ധി കച്ചത്തീവിനെ വെറുമൊരു ചെറിയ പാറയെന്നാണ് വിശേഷിപ്പിച്ചത്. നമ്മുടെ അതിര്‍ത്തിയുമായി യാതൊരു ബന്ധവും അതിനില്ലെന്നായിരുന്നു ഇന്ദിരയുടെയും നിലപാട്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടേയും കച്ചത്തീവ് വിഷയത്തിലെ നിലപാട് അന്നും ഇന്നും ഒന്നുതന്നെയാണ്. അക്സായ് ചിന് ചൈനയ്ക്ക് വിട്ടുകൊടുത്തതിലും അരുണാചലിലും ലഡാക്കിലും കിലോമീറ്ററുകള്‍ ചൈനയ്ക്ക് നല്കിയപ്പോഴും കോണ്‍ഗ്രസിന് യാതൊരു വേദനയുമില്ല. ശ്രീലങ്കയിലെ ചൈനീസ് സ്വാധീനം തന്നെയാണ് കച്ചത്തീവ് ദ്വീപ് വിഷയത്തില്‍ പുനര്‍വിചിന്തനത്തിന് കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിക്കുന്ന ഘടകം. നെഹ്റുവിനും ഇന്ദിരയ്ക്കും കോണ്‍ഗ്രസിനും ഇതൊരു ചെറിയ ദ്വീപ് മാത്രമാവാം. പക്ഷേ ഇന്നും തമിഴ്നാട്ടില്‍ നിന്നുള്ള നേതാക്കള്‍ ഈ വിഷയത്തില്‍ പാര്‍ലമെന്റിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. ഓരോവര്‍ഷവും നൂറുകണക്കിന് തമിഴ് മീന്‍പിടുത്തക്കാര്‍ അതിര്‍ത്തി ലംഘനത്തിന്റെ പേരില്‍ ശ്രീലങ്കന്‍ സൈന്യത്തിന്റെ പിടിയിലകപ്പെട്ട് ജയിലിലേക്ക് പോകുന്നു. തമിഴ് അതിര്‍ത്തി ജില്ലകളിലെ സജീവമായ വിഷയത്തെ തെരഞ്ഞെടുപ്പ് വിഷയമാക്കി ഉയര്‍ത്തിക്കൊണ്ടുവന്ന ബിജെപിയുടെ നടപടി ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെയ്ക്കും കോണ്‍ഗ്രസിനും വലിയ തിരിച്ചടി സൃഷ്ടിച്ചേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: