തിരുവനന്തപുരം: വിഴിഞ്ഞം റിങ് റോഡ് നിര്‍മാണത്തിന് സംസ്ഥാന വിഹിതം നല്കാന് ഖജനാവില്‍ പണമില്ല. ഇതുസംബന്ധിച്ച തീരുമാനം അനിശ്ചിതമായി നീളുന്നതിനാല്‍ ദേശീയപാത അതോറിറ്റി ഡിപിആര്‍ കരാര്‍ ഒഴിവാക്കിയേക്കും. സ്ഥലമേറ്റെടുക്കല്‍ നടപടികളും നിലച്ചു.
ഘട്ടംഘട്ടമായി പണം നല്‍കാമെന്നാണ് സംസ്ഥാനം മുന്നോട്ടുവയ്ക്കുന്ന പുതിയ ഫോര്‍മുല. എന്നാല്‍ പണം ലഭ്യമാക്കി വസ്തു ഏറ്റെടുക്കലിനുശേഷം മാത്രം മുന്നോട്ടുപോയാല്‍ മതിയെന്നാണ് ദേശീയപാത അതോറിറ്റിയുടെ തീരുമാനം. ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര റോഡ് ഉപരിതല മന്ത്രാലയമാണ്. ആദ്യഘട്ട ഏറ്റെടുക്കലിനായി ഒരുവര്‍ഷംമുമ്പ് വസ്തുവിന്റെ ആധാരം നല്‍കിയവരുള്‍പ്പെടെ ആയിരങ്ങള്‍ ആശങ്കയില്‍.
സംസ്ഥാന സര്‍ക്കാരാണ് റിങ്റോഡ് പദ്ധതി മുന്നോട്ടുവച്ചത്. ചൈനയിലെ ഷെന്‍സെങ് മാതൃകയില്‍ കേരളത്തിനുള്ള വളര്ച്ചാകേന്ദ്രമെന്നും ബജറ്റില്‍ വിശേഷിപ്പിച്ചിരുന്നു. ഭാരത് മാല പരിയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണി പൂര്‍ത്തിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകാരവും നല്കി. റോഡ് നിര്‍മാണത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കലിന്റെ 50 ശതമാനം ചെലവും പ്രധാന റോഡിന്റെ നിര്‍മാണച്ചെലവ് പൂര്‍ണമായും കേന്ദ്രം വഹിക്കും.
എന്നാല്‍ സര്‍വീസ് റോഡിന് സ്ഥലമേറ്റെടുക്കലും നിര്‍മാണച്ചെലവും സംസ്ഥാനമാണ് വഹിക്കേണ്ടത്. ഇതാണിപ്പോള്‍ അനിശ്ചിതത്വത്തിലായിരിക്കുന്നത്.
8136 കോടിയാണ് ഔട്ടര്‍ റിങ്റോഡ് പദ്ധതിയുടെ നിര്‍മാണ ചെലവ്. ഇതില്‍ 477 കോടി മാത്രമാണ് സംസ്ഥാന വിഹിതം. കിഫ്ബിയില്‍ നിന്ന് 1000 കോടി നല്‍കുമെന്നെല്ലാം പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നില്ല.
24 വില്ലേജുകളിലായി 375 ഹെക്ടര്‍ (926 ഏക്കര്‍)സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. ഇതില്‍ 11 വില്ലേജുകളില്‍ ആദ്യഘട്ട ഏറ്റെടുക്കല്‍ വിജ്ഞാപനം ഇറക്കിയിരുന്നു.
വിഴിഞ്ഞം മുതല്‍ നാവായിക്കുളം വരെയുള്ള ഔട്ടര്‍ റിങ് റോഡിന്റെ സ്ഥലമെടുപ്പ് നടപടികള്‍ അന്തിമ ഘട്ടത്തിലാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയില്‍ അറിയിച്ചിരുന്നെങ്കിലും ആദ്യഘട്ടം പിന്നിട്ടതോടെ എല്ലാം നിലച്ചു.
വിഴിഞ്ഞത്തുനിന്ന് ആരംഭിച്ച് നാവായിക്കുളത്ത് ദേശീയപാത 66 ല്‍ അവസാനിക്കുന്നതാണ് 65.630 കിലോമീറ്റര്‍ നീളമുള്ള റിങ്റോഡ്. തേക്കടയില്‍ നിന്ന് മംഗലപുരത്തേക്ക് ബന്ധിപ്പിക്കുന്ന 12.250 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഒരു ലിങ്ക് റോഡും ഇതിന്റെ ഭാഗമാണ്.
60 മീറ്റര്‍ വീതിയിലാണ് റിങ് റോഡ് നിര്‍മാണം. കൂടാതെ 10 മീറ്റര്‍ വീതിയുള്ള സര്‍വീസ് റോഡും ഇടനാഴില്‍ പ്രത്യേക സാമ്പത്തിക വികസന മേഖലകളും ഉണ്ടായിരിക്കും. മൊത്തം 1500 ഏക്കര്‍ ഭൂമി ഏറ്റെടുക്കേണ്ടിവരുന്നതാണ് പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: