ആന്‍ഫീല്‍ഡ്: പ്രീമിയര്‍ ലീഗില്‍ ജയത്തോടെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ലിവര്‍പൂള്‍ എഫ്സി. ബ്രൈറ്റണിനെതിരായ മത്സരത്തില്‍ കളിയുടെ തുടക്കത്തില്‍ തന്നെ ഒരുഗോള്‍ പിന്നാക്കം പോയ ശേഷമാണ് രണ്ട് ഗോള്‍ തിരിച്ചടിച്ച് ലിവര്‍ വിജയിച്ചത്. മുഹമ്മദ് സലാ ആണ് 65-ാം മിനിറ്റില്‍ വിജയഗോള്‍ നേടിയത്.
കളി തുടങ്ങി രണ്ടാം മിനിറ്റില്‍ ഡാനി വെല്‍ബെക്കിലൂടെ ബ്രൈറ്റന് ലിവറിനെയും ലിവറിന്റെ സ്വന്തം ആന്‍ഫീല്‍ഡിനെയും ഞെട്ടിച്ചു. പിന്നീട് പൊരുതി കളിച്ച യര്‍ഗന്‍ ക്ലോപ്പിന്റെ പട 27-ാം മിനിറ്റില്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. സൂപ്പര്‍ താരം ലൂയിസ് ഡയസിലൂടെയാണ് ഗോള്‍ കണ്ടെത്തിയത്. സമനിലയുടെ ആശ്വാസത്തില്‍ ആദ്യ പകുതിക്ക് പിരിഞ്ഞു.
രണ്ടാം പകുതിയില്‍ കളി മുന്നേറിക്കൊണ്ടിരിക്കെയാണ് സൂപ്പര്‍ താരം മുഹമ്മദ് സലാ ലിവറിനായി വിജയഗോള്‍ സ്കോര്‍ ചെയ്തത്. മദ്ധ്യനിരതാരം ഡൊമിനിക് സോബോസ്ലായിയില് നിന്നാണ് ഗോളിന്റെ തുടക്കം. താരം മദ്ധ്യനിരയിലെ മറ്റൊരു താരം അലെക്സിസ് മാക് അലിസ്റ്ററിന് പന്ത് നല്കി പന്തുമായി മുന്നോട്ട് കുതിച്ച മാക് അലിസ്റ്റര്‍ സലയിലേക്ക് നല്ലൊന്നാന്തരമൊരു പസിട്ടു. പന്തുമായി കുതിച്ച സലാ ഇടംകാലന്‍ ഷോട്ടിലൂടെ ബ്രൈറ്റന് ഗോളി വെര് ബ്രൂഗെനെ മറികടന്നു.
കളിക്കൊടുവില്‍ ലിവര്‍ 2-1ന് ജയിച്ചു. പ്രീമിയര്‍ ലീഗ് പട്ടികയില്‍ ഇതോടെ 67 പോയിന്റ് നേടിയ ലിവര്‍ ആഴ്സണലിനെ മറികടന്ന് ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ലീഗില്‍ മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ബ്രെന്റ്ഫോര്‍ഡ് സമനിലയില്‍ തളച്ചു. ഇരുടീമുകളും ഓരോ ഗോള്‍ ആണ് നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: