തിരുവനന്തപുരം: ആറ്റിങ്ങലില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഗൃഹ സന്ദര്‍ശനം നടത്തിയ വാര്‍ഡ് അംഗത്തിന്റെ ശരീരത്തില്‍ തിളച്ച കഞ്ഞിയൊഴിച്ചു. മുദാക്കല്‍ പഞ്ചായത്ത് അംഗം ശബരിനിവാസില്‍ ബിജുവിനാണ് ദുരനുഭവം ഉണ്ടായത്.
സംഭവത്തില്‍ ഊരുപൊയ്ക കിണറ്റുമുക്ക് വലിയവിള വീട്ടില്‍ സജിയെ അറസ്റ്റ് ചെയ്തു. പൊള്ളലേറ്റ ബിജു ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപ്രത്രിയിലാണ്.
ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ആറ്റിങ്ങലിലെ ഇടത് സ്ഥാനാര്‍ത്ഥി വി ജോയിക്ക് വേണ്ടിപ്രചാരണം നടത്തുകയായിരുന്നു ബിജു അടക്കം പ്രവര്‍ത്തകര്‍. ഈസ്റ്റര്‍ ആശംസാകാര്‍ഡുകള്‍ വിതരണം ചെയ്യവെ ബിജുവിന് നേരെ തിളച്ച കഞ്ഞിവെളളമൊഴിക്കുകയായിരുന്നു.
ബിജു വീട്ടിലെത്തിയപ്പോള്‍ മദ്യലഹരിയിലായിരുന്ന സജി ബിജുവിനെ അസഭ്യം വിളിച്ചു. ഇതോടെ മദ്യപിച്ച് പ്രശ്നമുണ്ടാക്കരുതെന്ന് പറഞ്ഞ് തിരിഞ്ഞുനടന്ന ബിജുവിന് നേരെ സജി കഞ്ഞി തിളച്ചുകൊണ്ടിരുന്ന മണ്‍കലം എടുത്ത് എറിയുകയായിരുന്നു.
ബിജു കൈകൊണ്ട് കലം തടുത്തെങ്കിലും തിളച്ച കഞ്ഞി വീണ് ദേഹമാസകലം പൊള്ളലേറ്റു. ഉടന്‍ വലിയകുന്ന് താലൂക്കാശുപത്രിയിലെത്തി ചികിത്സ തേടിയ ശേഷം ഡോക്ടറുടെ നിര്‍ദേശപ്രകാരം തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: