തിരുവനന്തപുരം: ദേശീയ താല്പര്യമാണ് തന്റെ രാഷ്ട്രീയമെന്നും ഇന്നത്തെ ദേശീയ താല്പര്യം നരേന്ദ്ര മോദി ഭരണത്തിന്റെ തുടര്‍ച്ചയാണെന്നും ബിജെപി തിരുവനന്തപുരം മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് മുന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസന്.
എന്തുചെയ്യുമ്പോഴും ഏറ്റവും ദരിദ്രന് എന്ത് ഗുണം ലഭിക്കും, രാജ്യത്തിന്റെ താല്പര്യം എങ്ങിനെ സംരക്ഷിക്കും എന്നീ കാര്യങ്ങളാണ് ചിന്തിക്കേണ്ടത്. 1999 ല്‍ നരേന്ദ്ര മോദി അമേരിക്കയില്‍ വരുമ്പോഴാണ് ആദ്യമായി നേരിട്ട് കാണുന്നത്. 1998 ലെ ഭാരതത്തിന്റെ ആണവസ്ഫോടനത്തെ തുടര്‍ന്ന് തകര്‍ന്ന ഭാരത-അമേരിക്ക ബന്ധം മെച്ചപ്പെടുത്തുന്നതിനായാണ് അദ്ദേഹം അമേരിക്കയിലെത്തിയത്. അതിശയിപ്പിക്കുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്. അന്ന് താന്‍ ചിന്തിച്ചത് ഇദ്ദേഹം ഭാവിയില്‍ പ്രധാനമന്ത്രിയാകുകയാണെങ്കില്‍ നമ്മുടെ ദേശീയ താത്പര്യം എത്രമാതം സംരക്ഷിക്കപ്പെടുമായിരുന്നുവെന്നാണ്. കഴിഞ്ഞ പത്തുകൊല്ലം അതാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഇന്നത്തെ ദേശീയ താല്പര്യം നരേന്ദ്ര മോദി ഭരണത്തിന്റെ തുടര്‍ച്ചയാണ്. തിരുവനന്തപുരത്ത് മാറ്റമുണ്ടാക്കാന്‍ രാജീവ് ചന്ദ്രശേഖറിന് കഴിയുമെന്ന് ഉറപ്പുള്ളതു കൊണ്ടാണ് താന്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് സ്ഥാനം ഏറ്റെടുത്തതെന്നും ടി.പി. ശ്രീനിവാസന് കൂട്ടിച്ചേര്‍ത്തു.
തനിക്ക് ഇതൊരു മത്സരമല്ല, നിയോഗമാണെന്നും തിരുവനന്തപുരത്തിന്റെ വികസനത്തിനുവേണ്ടി എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
മണ്ഡല വികസനത്തിനുവേണ്ടി ഡോക്യുമെന്റേഷന് തയാറാക്കുന്ന പ്രതിനിധികളായ ഓട്ടോറിക്ഷ ഡ്രൈവര്‍ മുരളി, മത്സ്യത്തൊഴിലാളി കുടുംബാംഗം ജയ, പുന്നയ്ക്കാമുഗള്‍ ഹരിതകര്‍മ്മസേനാംഗം ജയലക്ഷ്മി, തെരുവോര കച്ചവടക്കാരനായ കുമാര്‍, ടെക്നോളജിയുടെ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സലിം എന്നിവരും ബിജെപി ജില്ലാപ്രസിഡന്റ് വി.വി.രാജേഷ്, തെരഞ്ഞെടുപ്പ് കമ്മിറ്റി രക്ഷാധികാരി എം.എസ്.കുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: