തൊടുപുഴ: മണ്ണ്, മണല്‍ മാഫിയയുമായുള്ള അവിഹിത ബന്ധം കണ്ടെത്തിയ പോലീസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു. കഞ്ഞിക്കുഴി സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന കെ.എ. അബിയെയാണ് എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യ പിരിച്ചുവിട്ടത്.
അബി കരിമണ്ണൂര്‍ എസ്എച്ച്ഒയുടെ ചുമതലയില്‍ ഇരിക്കെ 2023 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് സംഭവം. കരിമണ്ണൂരില്‍ ഇയാളുടെ സഹോദരന് ജമാലിന്റെ പേരിലുള്ള സ്ഥലത്ത് വീട് നിര്‍മ്മിക്കാന്‍ മണ്ണെടുക്കാന്‍ പാസ് ലഭിച്ചിരുന്നു. ഇതിന്റെ മറവില്‍ വന്‍തോതില്‍ മണ്ണ് ഖനനം ചെയ്ത് വില്‍ക്കുകയും നെല്‍പാടമടക്കം നികത്താന്‍ ഉപയോഗിക്കുകയും ചെയ്തിരുന്നു. കുന്നിടിച്ച് മണ്ണ് വില്‍പ്പന നടത്തിയ കേസില്‍ ഉടമയ്ക്ക് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് 16 ലക്ഷം പിഴയിട്ടിരുന്നു. മണ്ണ് നീക്കം ചെയ്യാന്‍ ഉപയോഗിച്ച ടിപ്പര്‍ ലോറികളും മണ്ണുമാന്തിയും അബിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു.
തൊടുപുഴ ഡിവൈഎസ്പിയായിരുന്ന എം.ആര്. മധുബാബുവിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഏപ്രില്‍ മാസത്തിലാണ് ലോക്കല്‍ പോലീസിനെ പോലും അറിയിക്കാതെ നേരിട്ടെത്തി കേസ് പിടികൂടിയത്. പരിശോധനയില്‍ ഡ്രൈവര്‍മാര്‍ നിരന്തരം അബിയുമായി ബന്ധപ്പെട്ടിരുന്നതായി ഇയാള്‍ സ്ഥലത്ത് പതിവായി എത്തിയിരുന്നതായും വിവരം ലഭിച്ചു. ഇതോടെ ഇയാളെ ജില്ലാ പോലീസ് മേധാവി അടിമാലിയിലേക്കും പിന്നീട് കഞ്ഞിക്കുഴിക്കും സ്ഥലം മാറ്റി. തുടര്‍ന്ന് ഇടുക്കി ഡിസിആര്‍ബി ഡിവൈഎസ്പിയ്ക്ക് അന്വേഷണ ചുമതല കൈമാറി. ഇദ്ദേഹം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ ഒക്ടോബറില്‍ പിരിച്ചുവിടാതിരിക്കാനായി വിശദീകരണം തേടി കത്ത് അയച്ചിരുന്നു. ഇതില്‍ ലഭിച്ച മറുപടി തൃപ്തികരമല്ലെന്ന് കണ്ടെത്തിയാണ് നിലവിലെ ഉത്തരവ്. 30 വര്‍ഷത്തെ സര്‍വീസ് കാലയളവില്‍ ഇയാള്‍ തൊടുപുഴ കേന്ദ്രീകരിച്ചാണ് അധികവും ജോലി ചെയ്തതെന്നും ഈ സമയത്തെല്ലാം ഇവരുമായി ബന്ധം പുലര്‍ത്തിയിരുന്നു. ഭൂമാഫിയക്ക് വേണ്ടി തന്റെ ഔദ്യോഗിക ജോലി മറന്ന് പ്രവര്‍ത്തിച്ചിരുന്നതായും സേനയ്ക്ക് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പ്് ഉണ്ടാക്കാന്‍ കാരണമായതായും ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: