ന്യൂദല്‍ഹി: ദല്‍ഹി മദ്യനയ അഴിമതികേസില്‍ ഗതാഗത മന്ത്രിയും എഎപി നേതാവുമായ കൈലാഷ് ഗെഹ്ലോട്ടിനെ ഇ ഡി അഞ്ചു മണിക്കൂര്‍ ചോദ്യം ചെയ്തു. നേരത്തെ ഇ ഡി സമന്‍സ് അയച്ചിരുന്നെങ്കിലും ഗെഹ്ലോട്ട് ഹാജരായിരുന്നില്ല. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ അറസ്റ്റു ചെയ്തതിന് പിന്നാലെ വീണ്ടും സമന്‍സ് അയച്ച് വിളിച്ചുവരുത്തുകയായിരുന്നു ഇ ഡി.
നജഫ്ഗഡില്‍ നിന്നുള്ള എംഎല്‍എയായ കൈലാഷ്, 2021-22 ലെ മദ്യനയത്തിന്റെ കരട് തയാറാക്കിയ സമിതിയുടെ ഭാഗമായിരുന്നു. കരട് മദ്യനയം സൗത്ത് ഗ്രൂപ്പിന് ചോര്‍ത്തിയത് കൈലാഷ് ആണെന്നാണ് കണ്ടെത്തല്‍. മദ്യനയം തയാറാക്കുന്ന സമയത്ത് കൈലാഷിന്റെ സിവില്‍ലൈന്‍സിലെ ഔദ്യോഗിക വസതി എഎപിയുടെ അന്നത്തെ കമ്മ്യൂണിക്കേഷന്‍ ഇന്‍ചാര്‍ജും കേസിലെ പ്രതിയും മലയാളിയുമായ വിജയ് നായര്‍ ഉപയോഗിച്ചിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.
ലാഷ് മൊബൈല്‍ നമ്പരുകള്‍ നിരന്തരം മാറ്റിയിരുന്നതായും ഇ ഡി നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍ താന്‍ ഔദ്യോഗിക വസതിയില്‍ താമസിച്ചിട്ടില്ലെന്നും അവിടെ ആരെങ്കിലും താമസിച്ചോ എന്നതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നുമായിരുന്നു ചോദ്യം ചെയ്യലിനുശേഷം പുറത്തുവന്ന കൈലാഷിന്റെ പ്രതികരണം.
ദല്‍ഹിയില്‍ ഇന്ന് ഇന്‍ഡി സഖ്യം മഹാറാലി സംഘടിപ്പിക്കുന്നുണ്ട്. രാംലീല മൈതാനിയില്‍ സംഘടിപ്പിക്കുന്ന റാലിയില്‍ പ്രമുഖനേതാക്കള്‍ പങ്കെടുക്കുമെന്നാണ് അവകാശപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: