പത്തനംതിട്ട: തെരഞ്ഞെടുപ്പ് ചട്ടലംഘന പരാതിയിൽ പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർഥി തോമസ് ഐസക്കിന് ജില്ലാ വരണാധികാരിയുടെ താക്കീത്. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ കളക്ടറുടെ താക്കീത്. സർക്കാർ പരിപാടികളിൽ പങ്കെടുക്കരുതെന്ന് തോമസ് ഐസക്കിന് ഭരണാധികാരി നിർദ്ദേശം നൽകി. ഇത് സംബന്ധിച്ച് റിപ്പോർട്ട് തെരഞ്ഞെടുപ്പ് കമ്മീഷനും കൈമാറി.
സ്ഥാനാർഥി ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ച് യുഡിഎഫ് ആണ് പത്തനംതിട്ട ജില്ലാ കളക്ടർക്ക് പരാതി നൽകിയത്. സ്ഥാനാർത്ഥി സർക്കാർ സംവിധാനങ്ങളെ പ്രചാരണത്തിന് ഉപയോഗിക്കുന്നു എന്നായിരുന്നു ആരോപണം. പരാതിയിൽ ഐസകിന്റെ വിശദീകരണം കൂടി പരിശോധിച്ച ശേഷമാണ് നടപടി. കുടുംബശ്രീ വഴി വായ്പ വാദ്ഗാനം, കെ ഡിസ്ക് വഴി തൊഴില്‍ദാന പദ്ധതി എന്നിവയ്ക്കെതിരെയാണ് യുഡിഎഫ് പരാതി നല്‍കിയിരുന്നത്.
അതേസമയം കുടുംബശ്രീ അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചിട്ടില്ലെന്ന വിശദീകരണമാണ് തോമസ് ഐസക് നല്‍കിയിരുന്നത്. കുടുംബശ്രീയുമായുമായി പണ്ടുമുതല്‍ക്ക് തന്നെ അടുപ്പമുള്ളതാണ്, കുടുംബശ്രീയുടെ ഔദ്യോഗികപരിപാടിയില്‍ പങ്കെടുത്തിട്ടില്ല, യോഗം നടക്കുന്നിടത്ത് പോയി വോട്ട് ചോദിക്കും- ഇതായിരുന്നു തോമസ് ഐസക്കിന്റെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: