സത്യത്തെക്കാള്‍ ധര്‍മ്മത്തിനാണ് കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടത് എന്നാണ് വ്യാസമഹര്‍ഷിയുടെ അഭിപ്രായം. അതാണല്ലോ തന്റെ സത്യപാലനത്തില്‍ സദാവ്യഗ്രനായിരുന്നെങ്കിലും ധര്‍മ്മം പാലിക്കുന്നതില്‍ അത്ര തന്നെ പ്രാധാന്യം കൊടുക്കാതിരിക്കുന്ന ഭീഷ്മര്‍ക്ക് ഉണ്ടായ ദുരനുഭവം.
ഭീഷ്മര്‍ മഹാഭാഗവതനായിരുന്നു. മഹാധര്‍മ്മജ്ഞനെന്ന് ലോകത്തില്‍ പുകള്‍കൊണ്ട് മഹാത്മാവുമായിരുന്നു. മഹാഭാരതത്തിലെ ഏറ്റവും വലിയ പര്‍വമായ ശാന്തിപര്‍വം ഏതാണ്ട് മുഴുവനും അനുശാസപര്‍വത്തിലെ പകുതിഭാഗവും ഭീഷ്മര്‍ നല്കിയ ധര്‍മ്മോപദേശങ്ങളാല്‍ ഘനഗംഭീരമായിരുന്നു. എങ്കിലും ധര്‍മ്മിഷ്ഠനായിരുന്നില്ല അദ്ദേഹം. സ്വപിതാവ് ആവശ്യപ്പെടാതെ തന്നെ സത്യവതിയുടെ പിതാവായ ദാശമുഖ്യന്റെ മുന്‍പിലെത്തി ജീവിതം മുഴുവന്‍ താന്‍ അവിവാഹിതനായിരിക്കുമെന്നു ‘ഭീഷ്മ ശപഥം’ ചെയ്തു. അതിന്റെ പാലനത്തില്‍ സദാ ഉറച്ചുനിന്നെങ്കിലും സ്വധര്‍മ്മമായ രാജധര്‍മ്മം നിറവേറ്റുന്നതിലോ, തന്റെ ഭ്രാതാക്കളായ ചിത്രാംഗദനും വിചിത്രവീര്യനും മരിച്ചു മണ്ണടിഞ്ഞതിനാല്‍ താന്‍ ചെയ്ത സത്യത്തിന്റെ പ്രസക്തിയെല്ലാം നഷ്ടപ്പെട്ടു കഴിഞ്ഞു, എങ്കിലും വിചിത്രവീര്യന്റെറെ അപുത്രകളായ വിധവകളില്‍ സന്തത്യുത്പാദനം നിര്‍വഹിച്ച് അവരെയും ആ രാജകുലത്തെയും രക്ഷിക്കേണ്ടത് പല ദൃഷ്ടിയിലും തന്റെ കര്‍ത്തവ്യവും പരമധര്‍മ്മവും ആയിത്തീര്‍ന്നു. അപ്പോള്‍ ആപദ്ധര്‍മ്മമെന്ന് വിചാരിച്ച് സത്യപാലനശാഠ്യം ഉപേക്ഷിക്കണമെന്ന് തന്റെ മാതൃസ്ഥാനത്തുവന്ന സത്യവതി കേണുപറഞ്ഞു നോക്കി. എങ്കിലും ഭീഷ്മര്‍ കൂട്ടാക്കിയില്ല. ധര്‍മ്മപാലനത്തില്‍ ഉപേക്ഷ കാണിച്ചതുമൂലമാണ് ഭീഷ്മര്‍ക്ക് ആ നീണ്ട രാജപരമ്പരയുടെ ആത്യന്തിക ദുരന്തത്തിന് പ്രധാന കാരണക്കാരനാ കേണ്ടിവന്നത്.
കൃഷ്ണന്റെ ധര്‍മ്മരക്ഷോപായങ്ങള്‍
ഭഗവാനായ ശ്രീകൃഷ്ണന് സ്വയം ആയുധമെടുക്കുകയില്ലെന്ന് പ്രതിജ്ഞ ചെയ്തിരുന്നെങ്കിലും ആ സത്യം പാലിക്കുന്നതിന് ഒരു വിലയും കല്പിക്കാതെ യുദ്ധത്തിന്റെ മൂന്നാം ദിവസവും പത്താം ദിവസവും അധര്‍മ്മപക്ഷത്തെ പ്രമുഖനായ ദുരര്യോധനന്റെ പക്ഷം ചേര്‍ന്ന് ധര്‍മ്മപക്ഷത്തോട് യുദ്ധം ചെയ്യുന്ന ഭീഷ്മരെ വധിക്കാന്‍ തന്റെ ചക്രായുധവും എടുത്തുകൊണ്ട് രണാങ്കണത്തില്‍ ചാടി വീണത് ധര്‍മ്മത്തിന്റെ വിജയത്തിനായിരുന്നു.
ധര്‍മ്മപക്ഷമായ പാണ്ഡവന്മാരുടെ രക്ഷയ്ക്ക് ഏതെല്ലാം അവസരങ്ങളിലാണ് ഭഗവാന് ശ്രീകൃഷ്ണന് ശ്രമിച്ചിരുന്നത്? എണ്ണമറ്റ അവസരങ്ങളില്‍, എന്നു തന്നെ പറയേണ്ടിവരും. പ്രധാനമായി വസ്ത്രാക്ഷേപസമയത്ത് ദ്രൗപദിയേയും ധര്‍മ്മത്തേയും രക്ഷിച്ചതും ഭാരതയുദ്ധസമയത്ത് സ്വധര്‍മ്മപാലനത്തിന് ഊന്നല്‍ നല്കുന്ന ഭഗവദ്ഗീത ഉപദേശിച്ച് അര്‍ജ്ജുനനെ ഉദ്ബുദ്ധനാക്കി ധര്‍മ്മത്തിനുവേണ്ടി യുദ്ധം ചെയ്യിക്കുന്നതുമായ അവസരങ്ങള്‍ പ്രത്യേകം ചൂണ്ടിക്കാണിക്കേണ്ടതാണ്. ഇവിടെയെല്ലാം ഈ കവിക്ക് ധര്‍മ്മത്തോടുള്ള പക്ഷപാതിത്ത്വം സ്ഫടികസ്ഫുടമായി തെളിയുന്നുണ്ട്.
(തുടരും)
(പ്രൊഫ. കെ.കെ. കൃഷ്ണന് നമ്പൂതിരിയുടെ ‘ ഹിന്ദുധര്‍മസ്വരൂപം’ ഗ്രന്ഥത്തില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: