തിരുവനന്തപുരം: പഴയ ആഗോള ലോക ക്രമം അവസാനിച്ചുവെന്നും എല്ലാ രാജ്യങ്ങളും ആധിപത്യത്തിന് ശ്രമിക്കുന്ന പുതിയ ലോകക്രമത്തില്‍ ഗ്ലോബല്‍ സൗത്തിന് പ്രസക്തി വര്‍ദ്ധിക്കുകയാണെന്നും മുന്‍ അംബാസഡര്‍ ടി.പി.ശ്രീനിവാസന്. കേരള കേന്ദ്ര സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ഡിഫന്‍സ് ആന്റ്സെക്യൂരിറ്റി സ്റ്റഡീസിന്റെയും ഐഎസ്ഡിഎ സൈന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ സ്റ്റഡീസിന്റെയും ആഭിമുഖ്യത്തില്‍ ‘ഗ്ലോബല്‍ സൗത്ത്: ഭാവിയിലേക്ക് ഒരുമിച്ച്’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മഹാമാരികള്‍ ഉള്‍പ്പെടെയുള്ള പ്രതിസന്ധികളുടെ കാലത്ത്, ഉയര്‍ന്നുവരാന്‍ സാധ്യതയുള്ള പുതിയ ലോക ക്രമത്തില്‍ മേല്‍ക്കൈ നേടാന്‍ എല്ലാ രാജ്യങ്ങളും ശ്രമിക്കുകയാണ്. ഇന്ത്യയ്ക്ക് പ്രാധാന്യം നല്കുന്ന ഒരു ആഗോള ക്രമം സൃഷ്ടിക്കുകയെന്ന വീക്ഷണത്തോടെയാകണം ജി 20 യുടെ വികസനത്തെയും ഗ്ലോബല്‍ സൗത്തിനെയും നോക്കിക്കാണേണ്ടത്. എന്നാല്‍ ചൈനയുടെ നിലപാടും ഗ്ലോബല്‍ സൗത്തിലെ മറ്റ് സാഹചര്യങ്ങളും കാരണം നേതൃത്വം ഏറ്റെടുക്കുന്നത് ഇന്ത്യക്ക് അത്ര എളുപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു.
കേരള കേന്ദ്ര സര്‍വകലാശാലയുടെ ക്യാപിറ്റല്‍ സെന്ററില്‍ നടന്ന സെമിനാറില്‍ വൈസ് അഡ്മിറല്‍(റിട്ട) എം.പി.മുരളീധരന് അധ്യക്ഷത വഹിച്ചു. പ്രൊഫ.മോഹനന് ബി പിള്ള, പ്രൊഫ.ആര്.സുരേഷ്, ഡോ.വി.രാജേന്ദ്രന്‍നായര്‍ എന്നിവര്‍ സംസാരിച്ചു. പ്രൊഫ.ചിന്താമണി മഹാപാത്ര, പ്രൊഫ. അരവിന്ദ് കുമാര്‍, ഡോ.നന്ദകിഷോര്‍, ഡോ.സഞ്ജയ് ശര്‍മ്മ, ഡോ.സൗരഭ് ശര്‍മ്മ തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: