സമരത്തിന്റെ തീച്ചൂളയില്‍ പിറന്നവള്‍… രണ്ടര വയസില്‍ അമ്മയുടെ സാരിത്തുമ്പില്‍ പിടിച്ച് ജയിലറയില്‍ കിടക്കേണ്ടിവന്നവള്‍… സമാജത്തിനായി നിവേദിക്കപ്പെട്ടവള്‍… പോരാളിയായ കയ്‌പ്പേറിയതെങ്കിലും പോരാട്ടത്തിന്റെ ആവേശം നിറഞ്ഞ അനുഭവങ്ങളുമായാണ് നിവേദിത സുബ്രഹ്‌മണ്യന്‍ പൊന്നാനിയില്‍ നിറയുന്നത്. പരേതരായ അനേടത് ബാലകൃഷ്ണന്റെയും ജനസംഘം സംസ്ഥാന നേതാവായിരുന്ന രാധ ബാലകൃഷ്ണന്റെയും മകള്‍. 1971 മെയ് 26ന് ജനനം. ഭര്‍ത്താവ് പരേതനായ പടിക്കല്‍ സുബ്രഹ്‌മണ്യന്‍. അര്‍ജുന്‍, അശ്വതി, ആതിര എന്നിവര്‍ മക്കള്‍.
1975 ജൂണ്‍ 25നും 1977 മാര്‍ച്ച് 21നും ഇടയിലുള്ള 21 മാസങ്ങളിലെ കൊടുക്രൂരതയുടെ ഒറ്റപ്പേരാണ് ‘അടിയന്തരാവസ്ഥ’ എന്നത്. വിലക്കയറ്റം, പട്ടിണി, അഴിമതി, ഭക്ഷ്യക്ഷാമം, അസമത്വം, അനീതി മുതലായ പ്രശ്‌നങ്ങളെ കേന്ദ്രീകരിച്ച് അന്നത്തെ പ്രതിപക്ഷമായിരുന്ന ജനസംഘത്തിന്റെ നേതൃത്വത്തില്‍ രാജ്യമെമ്പാടും ജനകീയ മുന്നേറ്റങ്ങള്‍ ഉണ്ടായി. ജനസംഘം മഹിളാ മണ്ഡലിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍, പാലക്കാട്, എറണാകുളം എന്നീ ജില്ലകളില്‍ പ്രതിഷേധ സമരങ്ങള്‍ നടന്നു. പാലക്കാട് ചുമതലയുണ്ടായിരുന്ന എം. ദേവകി അമ്മ മിസാ തടവുകാരിയായി അറസ്റ്റിലായതിനെത്തുടര്‍ന്ന് നിവേദിതയുടെ അമ്മ രാധാ ബാലകൃഷ്ണനായിരുന്നു പ്രക്ഷോഭം നയിച്ചത്.
വിലക്കുകള്‍ ലംഘിച്ച് പ്രതിഷേധിച്ചതിന് രാധാ ബാലകൃഷ്ണനടക്കം പതിനഞ്ച് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കോട്ട ജയിലില്‍ ഡിഐആര്‍ തടവുകാരായി സെല്ലില്‍ പാര്‍പ്പിച്ചു. വളരെ ഇടുങ്ങിയ സെല്ലില്‍ 12 പേരെയാണ് പാര്‍പ്പിച്ചിരുന്നത്. പാലുകുടി പ്രായം മാറാത്തതിനാല്‍ അമ്മയ്‌ക്കൊപ്പം രണ്ടര വയസ്സുകാരി നിവേദിതയും ജയിലില്‍ കഴിഞ്ഞു. പില്‍ക്കാലത്ത് നിലയ്‌ക്കല്‍ പ്രക്ഷോഭത്തില്‍ രാധാ ബാലകൃഷ്ണന്റെ നേതൃത്വത്തില്‍, അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനെ റോഡില്‍ തടഞ്ഞത് മറ്റൊരു ചരിത്രം.
അമ്മ സംസ്ഥാന നേതാവ് ആയതുകൊണ്ടുതന്നെ കുട്ടിക്കാലത്ത് ആര്‍എസ്എസിന്റെ മുതിര്‍ന്ന കാര്യകര്‍ത്താക്കളും പ്രചാരകന്‍മാരും വീട്ടിലെ സന്ദര്‍ശകരായിരുന്നു. അവരില്‍നിന്ന് കിട്ടിയ അറിവുകളും ആദര്‍ശശുദ്ധിയും ദേശീയ ബോധവും നിവേദിതയുടെ ജീവിതചര്യയുടെ ഭാഗമായി. എബിവിപി, സേവികാസമിതി തുടങ്ങിയ സംഘടനകള്‍ക്കൊപ്പം നിവേദിത സഞ്ചരിച്ചു.
1993ല്‍ ഉടുപ്പി ലോ കോളജില്‍ നിന്ന് ബിഎ എല്‍എല്‍ബിയില്‍ ബിരുദവും ത്രിപുര ഐസിഎഫ്എഐയില്‍ നിന്ന് എംബിഎ, അണ്ണാമലൈ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എല്‍എല്‍എം എന്നീ ബിരുദങ്ങള്‍ നേടി. ഭാരതീയ അഭിഭാഷക പരിഷത്തിന്റെ ചാവക്കാട് ബാര്‍ സെക്രട്ടറിയായി സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമായി. 2016ല്‍ മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി. 2016ലെ ഗുരുവായൂരില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു.
2011ല്‍ ഗുരുവായൂരില്‍ 9306 വോട്ടുമാത്രം ഉണ്ടായിരുന്ന ബിജെപിക്ക് 2016ല്‍ നിവേദിത മത്സരിച്ചപ്പോള്‍ കരുത്തേറി, 25490 വോട്ടായി ഉയര്‍ന്നു. രണ്ടിരട്ടിയോളം വോട്ടാണ് നിവേദിത അന്ന് വര്‍ധിപ്പിച്ചത്. 2020 മുതല്‍ മഹിളാ മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷയായി. 2021 മുതല്‍ മാംഗ്ലൂര്‍ റിഫൈനറി ആന്‍ഡ് പെട്രോള്‍ ലിമിറ്റഡിന്റെ (എംആര്‍പിസി) ഡയറക്ടര്‍. പ്രതിസന്ധി തരണം ചെയ്യുക എന്നത് ഒരു വെല്ലുവിളിയായി നിവേദിത ഏറ്റെടുത്തിരുന്നു.
ശബരിമലയില്‍ ആചാരലംഘനം നടത്താന്‍ സംസ്ഥാനസര്‍ക്കാര്‍ കൂട്ട് നിന്നപ്പോള്‍ അതിശക്തമായ പോരാട്ടത്തിനാണ് അഡ്വ.നിവേദിത സുബ്രഹ്‌മണ്യന്‍ നേതൃത്വം നല്‍കിയത്. ഇതിന്റെ പേരില്‍, പുലര്‍ച്ചെ എല്ലാവരും ഉറങ്ങിക്കിടക്കുമ്പോള്‍ നിവേദിതയുടെ വീടിന്റെ കതക് ചവിട്ടിപ്പൊളിച്ച് പോലീസ് ഇരച്ചുകയറുകയും വീട് വളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
നിവേദിതയെ അറസ്റ്റ് ചെയ്തു. ആചാരസംരക്ഷണത്തിന് ദിവസങ്ങളോളം ജയിലില്‍ കഴിയേണ്ടി വന്നു. സ്വര്‍ണക്കടത്ത്, സില്‍വര്‍ലൈന്‍, മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ ആരോപണം, വിലവര്‍ധന തുടങ്ങി നിരവധി ജനകീയ വിഷയങ്ങളിലെ സമര പരിപാടികളില്‍ നിവേദിതയുടെ അതിതീക്ഷ്ണമായ വാക്കുകള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ പലപ്പോഴും പ്രതിരോധത്തിലായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: