തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥനെ തല്ലിച്ചതച്ചു കെട്ടിത്തൂക്കിക്കൊന്നതിലെ സിബിഐ അന്വേഷണം അട്ടിമറിച്ചത് മുഖ്യമന്ത്രി തന്നെ. കേസ് സിബിഐക്കു വിടുന്നതായി മാര്‍ച്ച് ഒന്‍പതിന് വിജ്ഞാപനം പുറപ്പെടുവിച്ച ശേഷം നടപടികളൊന്നുമെടുക്കാത്തതിന് ആഭ്യന്തര വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരെ ബലിയാടുകളാക്കിയെങ്കിലും യഥാര്‍ഥ ഉത്തരവാദി ആഭ്യന്തര വകുപ്പ് കൈയാളുന്ന മുഖ്യമന്ത്രി തന്നെ.
അന്വേഷണം കൈമാറാനുള്ള രേഖകള്‍ അടങ്ങിയ പ്രൊഫോമ വേഗം തയാറാക്കിയില്ലെന്നു മാത്രമല്ല, കത്തയച്ചത് കൊച്ചിയിലെ ഓഫീസിലേക്കാണ്. പ്രഥമ വിവര റിപ്പോര്‍ട്ട് ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്തില്ല. വേണ്ട നടപടികളെല്ലാം പൂര്‍ത്തിയാക്കിയെന്നും കൃത്യമായി ചെയ്തെന്നും സിദ്ധാര്‍ത്ഥന്റെ അച്ഛന് ജയപ്രകാശിനോടു പറയുകയും ചെയ്തു.
വന്‍ കോളിളക്കമുണ്ടാക്കിയ, സിപിഎമ്മും അവരുടെ വിദ്യാര്‍ത്ഥി സംഘടന എസ്എഫ്ഐയും സര്‍ക്കാരും പെട്ടുപോയ പൈശാചികമായ കൊലക്കേസാണിത്.
ഇതില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയെന്നും സ്വന്തമായി തീരുമാനങ്ങളെടുത്തെന്നും വിശ്വസിക്കാന്‍ അരിയാഹാരം കഴിക്കുന്ന ആര്‍ക്കും സാധിക്കില്ല, പ്രത്യേകിച്ച് മുഖ്യമന്ത്രി കൈയാളുന്ന ആഭ്യന്തര വകുപ്പില്‍. പിണറായിയുടെ വിശ്വസ്തരാണ് വകുപ്പു ഭരിക്കുന്നത്. ആഭ്യന്തര വകുപ്പിലെ ചെറുചലനം പോലും ഇവരും മുഖ്യമന്ത്രിയും അറിയുന്നുണ്ട്.
സിദ്ധാര്‍ഥന്റെ അരുംകൊല തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയാകുമെന്ന് മുഖ്യമന്ത്രിക്കുറപ്പാണ്. അപ്പോള്‍ സിബിഐ അന്വേഷണത്തിന് വിജ്ഞാപനം പുറപ്പെടുവിച്ചത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ മാത്രമാണെന്നു വ്യക്തം. അതോടെ ഇത് അടഞ്ഞ അധ്യായമാകുമെന്നും തുടര്‍ നടപടികളെടുക്കാതെ വന്നാല്‍ കേസ് ക്രമേണ മുങ്ങിപ്പോകുമെന്നുമുള്ള കണക്കുകൂട്ടലിലായിരുന്നു മുഖ്യമന്ത്രി. മാത്രമല്ല, എത്രത്തോളം വൈകാമോ അത്രത്തോളം വൈകിപ്പിക്കാം.
തെളിവു നശിപ്പിക്കാനും ജനവികാരം കെട്ടടങ്ങാനും ഇതു വഴിയൊരുക്കും. അതിനാലാണ്, വിജ്ഞാപനം പുറപ്പെടുവിച്ച ശേഷം അനങ്ങാതിരുന്നത്. എന്നാല്‍ ജയപ്രകാശ് കേന്ദ്ര മന്ത്രിമാരായ രാജീവ് ചന്ദ്രശേഖര്‍, വി. മുരളീധരന് എന്നിവരോട് യഥാര്‍ഥ വിവരങ്ങളും ആശങ്കകളും ധരിപ്പിച്ചു. അവര്‍ ഇടപെട്ടതോടെ കള്ളക്കളി പുറത്തായി. മണിക്കൂറുകള്‍ക്കുള്ളില്‍ രേഖകളെല്ലാം പൂര്‍ത്തിയാക്കി ഉന്നത പോലീസ് ഉദ്യോഗസ്ഥനെ ദല്‍ഹിക്ക് അയച്ചു. ഇതില്‍ നിന്നുതന്നെ സര്‍ക്കാരിന്റെ ഗൂഢലക്ഷ്യം വെളിവാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: