ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, ജമ്മു കശ്മീരില്‍ നിന്ന് സൈനികരില്‍ ഒരു വിഭാഗത്തെ പിന്‍വലിക്കാന്‍ ആലോചന. ക്രമസമാധാനച്ചുമതല പോലീസിന് വിട്ടുകൊടുക്കുന്നതെപ്പറ്റി കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മു കശ്മീര്‍ മാധ്യമമായ ഗുലിസ്ഥാന്‍ ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് അമിത് ഷാ ഇത് പറഞ്ഞത്.
‘സൈനികരെ പിന്‍വലിക്കാനും ക്രമസമാധാനം പോലീസിന് മാത്രമായി വിട്ടുകൊടുക്കാനും പദ്ധതിയുണ്ട്. ഭീകരതയ്ക്കെതിരായ ഏറ്റുമുട്ടലില്‍ മുന്‍നിരയിലുള്ള പോലീസിനെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. സൈനികര്‍ മെല്ലെ മെല്ലെ ബാരക്കുകളിലേക്ക് മടങ്ങും. ഇത് പൊടുന്നനെയുള്ള പദ്ധതിയല്ല. ഏഴ് വര്‍ഷത്തെ ബ്ലൂ പ്രിന്റ് ഇതിനായി തയാറാക്കിയിട്ടുണ്ട്. കശ്മീരിന്റെ ചില ഭാഗങ്ങളില്‍ സായുധ സേനയുടെ പ്രത്യേക അധികാര നിയമം(അഫ്സ്പ) പിന്‍വലിക്കുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്, അദ്ദേഹം പറഞ്ഞു.
കശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണനിലയിലാവുകയാണെന്ന് അദ്ദേഹം പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 യുവാക്കളെ ഭീകരവാദത്തിന്റെ പാതയിലേക്ക് തള്ളിവിട്ട വകുപ്പാണ്. പാകിസ്ഥാന് ആ വകുപ്പ് ദുരുപയോഗം ചെയ്താണ് കശ്മീരില്‍ ഭീകരത വളര്‍ത്തിയത്. അത് റദ്ദാക്കിയതിന് ശേഷം ജനജീവിതം സമാധാനത്തിന്റെ വഴിയിലാണ്, അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: