മാഡ്രിഡ്: അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ ഏറ്റുമുട്ടിയ കരുത്തരായ സ്പെയിനും ബ്രസീലും സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും മൂന്ന് വീതം ഗോളുകള്‍ നേടിയാണ് സമനില പാലിച്ചത്. കളിയില്‍ രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ബ്രസീല്‍ തിരിച്ചുവരവ് നേടത്തി സമനില പിടിച്ചെടുത്തത്.
ഇന്‍ജുറി ടൈമിന്റെ ആറാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി വലയിലെത്തിച്ച് ബ്രസീല്‍ താരം ലൂകാസ് പക്വേറ്റ ആണ് കാനറികളുടെ മാനം കാത്തത്. മൂന്ന് ഗോള്‍ നേടിയ സ്പെയിനെതിരെ അത്യധികം ആവേശത്തോടെയായിരുന്നു ബ്രസീലിന്റെ കളി.
കളിയില്‍ മികവ് പുലര്‍ത്തിയത് സ്പെയിന് ആണ്. 12-ാം മിനിറ്റില്‍ വിദഗ്ധമായി സ്പെയിന് പെനല്‍റ്റി നേടിയെടുത്തു. ഷൂട്ട് ഉതിര്‍ത്ത റോഡ്രി പന്ത് വലയിലെത്തിച്ച് ആദ്യ ഗോള്‍ കണ്ടെത്തി. 36-ാം മിനിറ്റില്‍ ഡാനി ഓല്‍മോയും ഗോളടിച്ചു. സ്പെയിന് 2-0ന് മുന്നിലായി.
40-ാം മിനിറ്റില്‍ സ്പാനിഷ് ഗോളി യുനായ് സിമോന്‍ കാട്ടിയ ഗുരുതര പിഴവില്‍ റോഡ്രിഗോ ഗോളടിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ബ്രസീലിന് അനുകൂലമായി ലഭിച്ച കോര്‍ണര്‍ക്കിക്ക് ഗോള്‍ ശ്രമത്തിനും പ്രതിരോധത്തിനും ശേഷം പന്തെത്തിയത് എന്‍ഡ്രിക്കിന്റെ കാല്ക്കല്. വച്ചുതാമസിപ്പിച്ചില്ല. താരം പന്ത് വലയിലേക്ക് നീട്ടി. ഇതോടെ രണ്ട് ടീമുകളും 2-2 സമനിലയിലായി. 87-ാം മിനിറ്റില്‍ സ്പെയിന് അനുകൂലമായി വീണ്ടും പെനല്‍റ്റി. കിക്കെടുത്ത റോഡ്രി ഗോള്‍ നേടി ടീമിനെ മുന്നിലെത്തിച്ചു. ഈ ലീഡിന് പക്ഷെ കളി വിജയിപ്പിക്കാനുള്ള ആയുസ്സുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: