കാസര്‍കോട്: എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുവന്ന 50 ലക്ഷം കൊള്ളയടിച്ചു. ഉപ്പളയിലാണ് പട്ടാപ്പകല്‍ വന്‍ കൊള്ള നടന്നത്. ആക്സിസ് ബാങ്കിന്റെ എടിഎമ്മില്‍ നിറയ്ക്കാനായി വാനില്‍ കൊണ്ടുവന്ന പണമാണ് നഷ്ടപ്പെട്ടത്. ബുധനാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയാണ് സംഭവം.
50 ലക്ഷം എടിഎമ്മില്‍ നിറയ്ക്കാനായി ജീവനക്കാര്‍ വാഹനം ലോക്ക് ചെയ്ത് എടിഎം കൗണ്ടറിലേക്ക് പോയി. ഈ സമയം വാഹനത്തിലെ സീറ്റില്‍ വെച്ചിരുന്ന 50 ലക്ഷം രൂപയാണ് വാഹനത്തിന്റെ ചില്ല് തകര്‍ത്ത് മോഷ്ടാവ് കവര്‍ന്നത്. സംഭവത്തിന് ശേഷം ഒരാള്‍ ഉപ്പള ബസ് സ്റ്റാന്‍ഡ് ഭാഗത്തേക്ക് പോയതായും പറയുന്നു. കൗണ്ടറില്‍ പണം നിറയ്ക്കാന്‍ നോട്ടുകളടങ്ങിയ പെട്ടി എടുക്കാനെത്തിയപ്പോഴാണ് വാനിന്റെ ചില്ല് തകര്‍ത്ത് ഒരു പെട്ടി മോഷ്ടിച്ച വിവരം ശ്രദ്ധയില്‍പെട്ടത്. സെക്യുവര്‍ വാലി എന്ന കമ്പനിയുടെതാണ് പണവുമായി വന്ന വാന്‍. വിവരമറിഞ്ഞെത്തിയ പോലീസ് വാന്‍ ബന്തവസിലെടുക്കുകയും ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സാധാരണ സ്വകാര്യ ഏജന്‍സികളുടെ തന്നെ സായുധരായ ഉദ്യോഗസ്ഥരാണ് പണം എത്തിക്കുമ്പോള്‍ സുരക്ഷ ഒരുക്കാറുള്ളത്.
പണം കവര്‍ന്ന സംഭവത്തില്‍ ഒരാളെ കുറിച്ച് വിവരം ലഭിച്ചതായി സൂചനയുണ്ട്. സംഭവത്തെ തുടര്‍ന്ന് ജില്ലാ പോലീസ് ചീഫ്, ഡിവൈഎസ്പി എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ പോലീസ് സംഘം കള്ളനെ കണ്ടെത്താന്‍ ഉപ്പള ടൗണ്‍, കാസര്‍കോട്, കുമ്പള, മഞ്ചേശ്വരം, ബദിയഡുക്ക ഭാഗങ്ങളില്‍ പരിശോധന നടത്തുകയാണ്. ടൗണിലെ കടകളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. ഒരാള്‍ ബാഗുമായി തിരക്കില്‍ നടന്നുപോകുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്. പാന്റും ഷര്‍ട്ടുമാണ് ധരിച്ചിരിക്കുന്നത്. ഈ ദൃശ്യം പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. സമീപപ്രദേശങ്ങളിലെ സിസിടിവികളും പരിശോധിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: