ലഖ്നൗ: ജാതി രാഷ്ട്രീയത്തിന്റെ അടിവേരറുത്ത മോദി പ്രഭാവത്തില്‍ ഉത്തര്‍പ്രദേശിലെ മുഴുവന്‍ സംവരണസീറ്റുകളും ലക്ഷ്യമിട്ട് ബിജെപി. 2014ലെ തെരഞ്ഞെടുപ്പില്‍ ആകെയുള്ള പതിനേഴ് സംവരണ മണ്ഡലങ്ങളിലും ജയിച്ചതിന്റെ തനിയാവര്‍ത്തനമാണ് ഇക്കുറിയും പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ കാലത്ത് പിഛഡെ, ദളിത്, അല്പസംഖ്യക്(പിഡിഎ) മുന്നണിയുണ്ടാക്കി അഖിലേഷ് യാദവ് സംവരണ മണ്ഡലങ്ങളില്‍ സ്വാധീനമുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
സംസ്ഥാന വിഭജനത്തിന് മുമ്പ് യുപിയില്‍ 18 ലോക്സഭാ സീറ്റുകള്‍ പട്ടികജാതിക്കാര്‍ക്കായി സംവരണം ചെയ്തിരുന്നു. ഉത്തരാഖണ്ഡ് രൂപീകരിച്ചതിനുശേഷം ഒരു സീറ്റ് കുറഞ്ഞു. നാഗിന, ബുലന്ദ്ശഹര്‍, ഹാഥ്രസ്, ആഗ്ര, ഷാജഹാന്‍പൂര്‍, ഹര്‍ദോയ്, മിസ്രിഖ്, മോഹന്‍ലാല്‍ഗഞ്ച്, ഇറ്റാവ, ജലൗണ്‍, കൗശാംബി, ബരാബങ്കി, ബഹ്റൈച്ച്, ബന്‍സ്ഗാവ്, ലാല്‍ഗഞ്ച്, മച്ചില്ഷഹര്, റോബര്‍ട്ട്സ്ഗഞ്ച് എന്നിവയാണ് നിലവില്‍ സംവരണം ചെയ്ത സീറ്റുകള്‍.
സംസ്ഥാന വിഭജനത്തിനുശേഷം 2004ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് സംവരണ സീറ്റുകളില്‍ മാത്രമാണ് ബിജെപിക്ക് ജയിക്കാനായത്. ബിഎസ്പി അഞ്ചും കോണ്‍ഗ്രസും മറ്റുള്ളവരും ഓരോ സീറ്റും നേടി. സമാജ്വാദി പാര്‍ട്ടി ഏഴ് സീറ്റ് നേടി. വിഭജനത്തിന് തൊട്ടുമുമ്പ് 1999ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഏഴ് സംവരണ സീറ്റ് നേടിയിരുന്നു. ബിഎസ്പി അഞ്ചിടത്ത് ജയിച്ചു.
2009ല്‍ രണ്ട് സീറ്റിലൊതുങ്ങിയ ബിജെപി 2014ല്‍ മടങ്ങിയെത്തിയത് വലിയ കുതിപ്പോടെയാണ്. എല്ലാ ജാതിസമവാക്യങ്ങളെയും കാറ്റില്‍ പറത്തി ജനങ്ങള്‍ ഒന്നിച്ചു. എല്ലാ സീറ്റിലും ബിജെപി ജയിച്ചു. അത്രയും കാലം ജാതിയുടെ പേരില്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ ഭിന്നിപ്പിച്ചുനിര്ത്തിയ സമൂഹം ദേശീയതയുടെ കൊടിക്കീഴില്‍ അണിനിരന്നു. ദേശീയ രാഷ്ട്രീയത്തെയാകെ മാറ്റമറിച്ച ഒരു മുന്നേറ്റമായിരുന്നു അത്. 2019ലും ബിജെപി വിജയക്കുതിപ്പ് ആവര്‍ത്തിച്ചു. പതിനേഴില്‍ പതിനഞ്ച് സീറ്റ് പാര്‍ട്ടി സ്വന്തമാക്കി. നാഗിന, ലാല്ഗഞ്ചും ബിജെപി പിടിച്ചു. പക്ഷമില്ലാത്ത വികസനം എന്ന മുദ്രാവാക്യത്തിന് പിന്നില്‍ പിന്നാക്ക ജനത അണിനിരക്കുകയായിരുന്നു. പട്ടികജാതി, പട്ടികവര്‍ഗ ജനതയുടെ തനിമയ്ക്ക് ദേശീയ മുഖ്യധാരയിലെ ഇടങ്ങള്‍ അമൃതോത്സവകാലത്ത് കേന്ദ്രസര്‍ക്കാര്‍ അടയാളപ്പെടുത്തിയത് ആ ജനവിഭാഗങ്ങളിലുണ്ടാക്കിയ ഉണര്‍വാണ് ഈ മുന്നേറ്റത്തിന് പിന്നിലെന്ന് വിലയിരുത്തുന്നു.
നിയമസഭയിലും ബിജെപിക്കാണ് സംവരണമണ്ഡലങ്ങളില്‍ മുന്നേറ്റം. ആകെയുള്ള 86 സീറ്റില്‍ 2022ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്വന്തമാക്കിയത് 65 സീറ്റാണ്. 2017ല്‍ നേടിയത് എഴുപതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: