മേരിലാന്‍ഡ്: യുഎസ് ബാള്‍ട്ടിമോറില്‍ കപ്പലിടിച്ച് പാലം തകര്‍ന്നതിനെ തുടര്‍ന്ന് കാണാതായ ആറ് പേര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ നിര്‍ത്തി. പട്ടാപ്സ്കോ നദിയിലെ ഫ്രാന്‍സിസ് സ്കോട്ട് കീ പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ കാണാതായ എട്ട് പേര്‍ക്ക് വേണ്ടി 20 മണിക്കൂറോളം തെരച്ചില്‍ നടത്തിയെങ്കിലും രണ്ട് പേരെ മാത്രമാണ് കണ്ടെത്താനായത്. ആറ് പേര് മരിച്ചിട്ടുണ്ടാകുമെന്നും തെരച്ചില്‍ നിര്‍ത്തുകയാണെന്നും യുഎസ് കോസ്റ്റ്ഗാര്‍ഡ് അറിയിക്കുകയായിരുന്നു. റിയര്‍ അഡ്മിറല്‍ ഷാനന് ഗില്‍റീത്ത് ആണ് തെരച്ചില്‍ അവസാനിപ്പിക്കുന്നതായി അറിയിച്ചത്.
സിംഗപ്പൂര്‍ പതാകയുള്ള സിനര്‍ജി മറൈന്‍ ഗ്രൂപ്പിന്റെ ഡാലി എന്ന ചരക്കുകപ്പല്‍ പാലത്തിന്റെ തൂണുകളിലൊന്നില്‍ ഇടിച്ചതാണ് അപകട കാരണം. പാലത്തിലെ നിര്‍മാണത്തൊഴിലാളികളായ എട്ട് പേരെയാണ് കാണാതായത്. പ്രതികൂല കാലാവസ്ഥ മൂലം നദിയില്‍ തെരച്ചില്‍ നടത്താന്‍ സാധിക്കുന്നില്ല. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവരില്‍ ആര്‍ക്കും പരിക്കുകളില്ല. കാണാതായ ആറ് പേരും മെക്സിക്കന്‍ പൗരന്മാരാണ്. പാലത്തിന്റെ നടുക്കായി കുഴികള്‍ അടയ്ക്കുകയായിരുന്ന തൊഴിലാളികളായിരുന്നു ഇവര്‍.
കപ്പലിലെ 22 ജീവനക്കാരും ഭാരതീയരാണ്. ഇവരെല്ലാം സുരക്ഷിതരാണ്. ബാള്‍ട്ടിമോര്‍ തുറമുഖത്തുനിന്ന് കൊളംബോയിലേക്ക് യാത്ര തിരിച്ച് നിമിഷങ്ങള്‍ക്കുള്ളിലാണ് അപകടം. കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് ദുരന്തത്തിലേക്ക് വഴിവച്ചത്. അധികൃതര്‍ ഹാര്‍ബര്‍ കണ്ട്രോള് റൂമിലേക്ക് അപായ സന്ദേശവും കൈമാറിയതിനാല്‍ പാലം തകര്‍ന്ന് വീഴുന്നതിന് മുമ്പ് അതുവഴിയുള്ള ഗതാഗതം തടയാന്‍ സാധിച്ചു. വലിയ ദുരന്തം ഒഴിവാക്കാനായി. ചുരുങ്ങിയ സമയത്തിനുള്ളില്‍ പാലത്തിലേക്കുള്ള ഗതാഗതം ഇരു വശത്തു നിന്ന് തടയുകയും ആളുകളെ ഒഴിപ്പിക്കുകയുമായിരുന്നു. അപകടം സംഭവിക്കുന്നതിന് തൊട്ട് മുമ്പായി പാലത്തിലെ വൈദ്യുതിയും തടസ്സപ്പെട്ടിരുന്നു.
സംഭവത്തില്‍ നാഷണല്‍ ട്രാന്സ്പോര്ട്ടേഷന് സേഫ്റ്റി ബോര്‍ഡും എഫ്ബിഐയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏതെങ്കിലും വിധത്തിലുള്ള ഭീകര ബന്ധം ഉണ്ടോയെന്ന് അറിയുന്നതിനാണ് എഫ്ബിഐ അന്വേഷിക്കുന്നത്. കപ്പലിന്റെ മാനേജിങ് കമ്പനിയായ സിനര്‍ജി മറൈന്‍ ഗ്രൂപ്പ് മലയാളിയുടേതാണ്. പാലക്കാട് സ്വദേശി ക്യാപ്റ്റന്‍ രാജേഷ് ഉണ്ണിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ കമ്പനി.
തകര്‍ന്ന പാലത്തിന്റെ അവശിഷ്ടങ്ങള്‍ മാറ്റുന്നതിന് സമയമെടുക്കും. ഇത് പൂര്‍ത്തിയായെങ്കില്‍ മാത്രമേ പുതിയത് നിര്‍മിക്കാനാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: