കാലാവസ്ഥയാണിപ്പോഴത്തെ പ്രധാന ചര്‍ച്ചാവിഷയം. കുറച്ചുനാള്‍ മുമ്പ് തണുപ്പായിരുന്നു. ഇപ്പോഴാകട്ടെ ചൂടും. കേരളമാകെ ചൂട് കൊടുമ്പിരിക്കൊള്ളുന്നു. തെരഞ്ഞെടുപ്പല്ലെ. തൃശൂരാണ് ചൂടേറിയ മത്സരം. വെയിലും തൃശൂരില്‍ തന്നെ. ഇന്നലെ (2024 മാര്‍ച്ച് 26) കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പനുസരിച്ച് കനത്ത ചൂട് തൃശൂരാണ്. 40 ഡിഗ്രിയാണ് രേഖപ്പെടുത്തിയ ചൂട്. മറ്റ് ജില്ലകളിലെല്ലാം അതിലും താഴെയാണ്. സ്ഥാനാര്‍ത്ഥികളുടെ പ്രാധാന്യം തന്നെയാകുമോ ചൂടിന് കാരണം! സംശയമില്ല. ചൂടേറിയ മത്സരം തന്നെയാണ് തൃശൂരില്‍. സുരേഷ്ഗോപി സ്ഥാനാര്‍ത്ഥിയായി എത്തിയതു മുതല്‍ അതിന് ശക്തികൂടി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രംഗത്തിറങ്ങിയ എംപി ടി.എന്‍. പ്രതാപന് ചുമരെഴുത്ത് മായിച്ച് പകരം മുരളീധരന്റെ പേരെഴുതി. എല്‍ഡിഎഫിന്റെ മുന്‍മന്ത്രി സുനില്‍കുമാറുമെത്തി. എല്ലാം കൊണ്ടും പൊടിപൂരം. ചൂട് കൂടിയില്ലെങ്കിലേ അത്ഭുതമുള്ളൂ.
തൃശൂരിലെ ചൂട് താല്‍ക്കാലികമാകാന്‍ പോവുകയാണോ? യഥാര്‍ത്ഥ തെരഞ്ഞെടുപ്പ് ചൂട് വരാന്‍ പോകുന്നതേയുള്ളൂ. അത് വയനാട്ടില്‍ കാണാനിരിക്കുന്നതേയുള്ളൂ. കോണ്‍ഗ്രസ് രാഹുലിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കുന്നു. ആനിരാജയും എല്‍ഡിഎഫിനായി രംഗത്തുണ്ട്.
വയനാട് മണ്ഡലത്തില്‍ ഇത്തവണ ബിജെപിക്കായി പോരാടാന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ പേര് നിര്‍ദ്ദേശിച്ചിരിക്കുന്നു. രാഹുല്‍ ഗാന്ധിയും ആനി രാജയും വിസിറ്റിങ് വീസക്കാരും തന്റേത് സ്ഥിരം വീസയുമാണെന്ന മുനവച്ച പരാമര്‍ശവുമായാണ് സുരേന്ദ്രന് വയനാട്ടിലേക്ക് എത്തുന്നത്. രാഹുല്‍ എം.പിയായ ശേഷം മണ്ഡലം മറന്നു. രാഹുല്‍ വന്നതിനേക്കാള്‍ കാട്ടാനയും കാട്ടുപോത്തും കരടിയും പുള്ളിപ്പുലിയും വന്നു. അന്നൊന്നും രാഹുലിനെ മഷിയിട്ടു നോക്കിയിട്ടും കണ്ടില്ല.
ഇത്തവണയും ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖമായ രാഹുലിനെതിരെ ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്ന ആലോചനയില്‍നിന്നാണ് സുരേന്ദ്രന്റെ പേര് ഉയര്‍ന്നുവന്നതെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഈ നിര്‍ദ്ദേശം മുന്നോട്ടുവച്ചതും. വയനാട്ടില്‍ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്ന കാര്യം പാര്‍ട്ടി ദേശീയ നേതൃത്വം തന്നെ സുരേന്ദ്രനെ കഴിഞ്ഞയാഴ്ച ദല്‍ഹിയിലേക്ക് വിളിപ്പിച്ച് വിശദീകരിച്ചിരുന്നു.
ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം സംസ്ഥാന അധ്യക്ഷ പദവി ഒഴിയുമ്പോള്‍ സുരേന്ദ്രന് അര്‍ഹമായ സ്ഥാനം ഉറപ്പാക്കുന്ന കാര്യത്തിലും ധാരണയുണ്ടെന്നാണ് വിവരം. സംഘടനാ തലത്തിലോ ഭരണ സംവിധാനത്തിലോ സുരേന്ദ്രന് അര്‍ഹമായ പരിഗണന ഉറപ്പാക്കും. രാജ്യസഭാ എംപി സ്ഥാനവും കേന്ദ്രമന്ത്രിസഭയില്‍ അംഗത്വവും ഉള്‍പ്പെടെ പാര്‍ട്ടിയുടെ പരിഗണനയിലുണ്ടെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. കോണ്‍ഗ്രസിന് വലിയ മേല്‍ക്കൈ ഉള്ള, ബിജെപിക്ക് എട്ടു ശതമാനത്തില്‍ താഴെ മാത്രം വോട്ടുവിഹിതമുള്ള മണ്ഡലത്തിലേക്ക് സംസ്ഥാന അധ്യക്ഷനെ ബിജെപി നേതൃത്വം നിയോഗിക്കുന്നത് വ്യക്തമായ ചില ലക്ഷ്യങ്ങളോടെയാണ്. വയനാട്ടില്‍ കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധിക്കു ലഭിച്ച മൃഗീയ ഭൂരിപക്ഷം കുറയ്ക്കുകയും, അദ്ദേഹത്തെ പ്രചാരണത്തില്‍ പരമാവധി വയനാട്ടില്‍ത്തന്നെ തളച്ചിടുകയുമാണ് പ്രധാന ലക്ഷ്യം.
സുരേന്ദ്രനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ ഇത്തവണ വയനാട്ടില്‍ പ്രചാരണച്ചൂടേറുമെന്ന് ഉറപ്പായി. ബിജെപിയുടെ ദേശീയ നേതാക്കളും താര പ്രചാരകരും ഇക്കുറി സുരേന്ദ്രനായി രംഗത്തിറങ്ങും. പ്രധാനമന്ത്രിയുടെ വസതിയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ കൂടി പങ്കെടുത്ത യോഗത്തിലാണ് സുരേന്ദ്രന്റെ സ്ഥാനാര്‍ഥിത്വവും അന്തിമമാക്കിയത്.
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുലിനെതിരെ എന്‍ഡിഎയ്ക്കായി ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയാണ് മത്സരിച്ചത്. ഈ സാഹചര്യത്തില്‍ രാഹുലിനെതിരെ ശക്തമായ മത്സരമെന്ന പ്രതീതി ജനിപ്പിക്കാനാണ് സീറ്റ് ബിഡിജെഎസില്‍നിന്ന് ഏറ്റെടുത്ത് സംസ്ഥാന അധ്യക്ഷനെത്തന്നെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി തീരുമാനിച്ചതെന്നാണ് വിവരം.
സഖ്യകക്ഷികള്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ ആ മണ്ഡലത്തില്‍ പ്രചാരണത്തിന് എത്താന്‍ ബിജെപി ദേശീയ നേതാക്കള്‍ക്കുള്ള താല്പര്യക്കുറവ് സുരേന്ദ്രന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ പരിഹരിക്കപ്പെടുമെന്നാണ് വിലയിരുത്തല്‍. ഇതിനു പുറമേ, രാഹുലിനും ഇന്ത്യ മുന്നണിക്കും എതിരായ പ്രചാരണ വിഷയങ്ങള്‍ വയനാട്ടില്‍നിന്നുതന്നെ ബിജെപി ദേശീയ നേതൃത്വം ഉയര്‍ത്തിക്കൊണ്ടുവരുമെന്നും വിലയിരുത്തലുണ്ട്.
ഇന്ത്യാ സഖ്യത്തിലെ ഘടകമാണ് സിപിഐ. ആകക്ഷിയുടെ ദേശീയ നേതാവാണ് ആനിരാജ. അവരെന്തിനാണാവോ വയനാട്ടിലെത്തിയത്. താന്‍ ചെറുപ്പത്തില്‍ വയനാട്ടിലുണ്ടായിരുന്നു എന്നാണ് ആനിയുടെ അഭിപ്രായം. മുതിര്‍ന്നപ്പോള്‍ കോണ്‍ഗ്രസിനൊപ്പമാണ് സിപിഐയുടെ പൊറുതി. അതുകൊണ്ടുതന്നെ അപ്രസക്തമായ ആനിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്.
ഭാരത് മാതാ കീ ജയ് ആദ്യം വിളിച്ചത് അസീമുള്ള ഖാന് ആയതിനാല്‍ ഇനി ബിജെപിക്കാര്‍ ആ മുദ്രാവാക്യം ഉപേക്ഷിക്കുമോ എന്നാണല്ലൊ മുഖ്യമന്ത്രി ചോദിച്ചത്. സിപിഐ കോണ്‍ഗ്രസിന്റെ ഇന്ത്യാ മുന്നണി ഘടകമായതിനാല്‍ സിപിഎമ്മുകാര്‍ സിപിഐയ്ക്ക് വോട്ടു ചോദിക്കുമോ എന്നുകൂടി വ്യക്തമാക്കുമോ? കാലങ്ങളായി ബിജെപി ഉയര്‍ത്തുന്ന മുദ്രാവാക്യമാണ് ഭാരത് മാതാ കീ ജയ്. മുഖ്യമന്ത്രിക്ക് അതില്‍ ശങ്കയോ സംശയമോ വേണ്ട. അസീമുള്ള ഖാന് വിളിച്ച മുദ്രാവാക്യം ഇടതന്മാര് വിളിക്കുമോ? അതാണറിയേണ്ടത്. ഭാരത് മാതാവാണ് മുഖ്യം. അതിന് ജയ് വിളിക്കുന്നതാണ് പ്രധാന്യം. അസീമുള്ളഖാന്‍ അത് വിളിച്ചത് അദ്ദേഹത്തിന്റെ മഹത്വം. അത് തിരിച്ചറിയാത്തതാണ് മുഖ്യന്റെ മണ്ടത്തരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: