കല്‍പ്പറ്റ: വീരപഴശ്ശിയുടെ രണഭൂമിയിലേക്ക് കെ. സുരേന്ദ്രന് ആവേശോജ്ജ്വല വരവേല്‍പ്പ്. അമേഠി വിട്ടോടി വയനാട്ടില്‍ അഭയം തേടിയ കോണ്‍ഗ്രസ് നേതാവ് രാഹുലിനെതിരേ ബിജെപി ദേശീയ നേതൃത്വത്തിന്റെ അനുഗ്രഹങ്ങളുമായി പടനയിക്കാനിറങ്ങിയ സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ വയനാട്ടിലേക്കുള്ള വരവ് നാടിനെയാകെ ഇളക്കി മറിച്ചു. വയനാട്ടിലെ വനവാസികളുടെയും യുവാക്കളുടെയും ഇടയില്‍ നിന്ന് പൊതുപ്രവര്‍ത്തനം ആരംഭിച്ച സുരേന്ദ്രന് നാട് നല്‍കിയത് വികാരഭരിതമായ സ്വീകരണം.
വൈകിട്ട് മൂന്നിന് ജില്ലാ അതിര്‍ത്തിയായ ലക്കിടിയിലെത്തിയ സുരേന്ദ്രനെ എന്‍ഡിഎ നേതാക്കള്‍ മാല ചാര്‍ത്തി വരവേറ്റു. വയനാടന്‍ ചുരത്തിന്റെ ശില്‍പ്പി കരിന്തണ്ടന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി തെരഞ്ഞെടുപ്പ് ചൂടിലേക്ക് യാത്ര.
കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് വൈകിട്ട് നാലരയ്ക്ക് തുറന്ന വാഹനത്തില്‍ ആരംഭിച്ച റോഡ്ഷോ നഗരത്തില്‍ ആവേശം വിതച്ചു. റോഡിന് ഇരുവശവും തിങ്ങിനിറഞ്ഞ് അനുഗ്രഹങ്ങള്‍ ചൊരിഞ്ഞ നാട്ടുകാരെ സുരേന്ദ്രന് കൈവീശി അഭിവാദ്യം ചെയ്തു. ജനകീയ നേതാവിനെ പുഷ്പവൃഷ്ടിയോടെയാണ് പ്രവര്‍ത്തകര്‍ വരവേറ്റത്. താളമേളങ്ങളുടെ അകമ്പടിയില്‍, മുദ്രാവാക്യം വിളികളുടെ ആവേശത്തില്‍ വയനാട്ടിലേക്ക് ബിജെപി സ്ഥാനാര്‍ത്ഥിയുടെ മാസ് എന്‍ട്രി.
നരേന്ദ്ര മോദിയുടെയും സുരേന്ദ്രന്റെയും പ്ലക്കാര്‍ഡുകള്‍ ഏന്തിയ യുവാക്കളും സ്ത്രീകളുമടങ്ങുന്ന ആയിരങ്ങള്‍ വയനാട്ടിലും മോദി തരംഗമെന്ന പ്രതീതി സൃഷ്ടിച്ചു.എന്‍ഡിഎ വയനാട് പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുമ്പില്‍ റോഡ്ഷോ സമാപിച്ചപ്പോള്‍ സുരേന്ദ്രനെ സെല്‍ഫിയെടുത്തും ഹസ്തദാനം നല്‍കിയും നാട്ടുകാര്‍ ചേര്‍ത്തുപിടിച്ചു.
ജെആര്‍പി സംസ്ഥാന അദ്ധ്യക്ഷ സി.കെ. ജാനു, മുതിര്‍ന്ന വനവാസി നേതാവ് പള്ളിയറ രാമന്, ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് പൈലി വാത്തിയാട്ട്, ബിജെപി സംസ്ഥാനസമിതിയംഗം സന്ദീപ് വാര്യര്‍, വയനാട് ലോക്സഭാ മണ്ഡലം ഇന്‍ ചാര്‍ജ് ടി.പി. ജയചന്ദ്രന്, വയനാട് മണ്ഡലം എന്‍ഡിഎ കണ്‍വീനര്‍ പ്രശാന്ത് മലവയല്‍ എന്നിവര്‍ റോഡ് ഷോയ്ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: