ജനീവ: ഭീകരവാദ പ്രശ്നത്തില്‍ പാകിസ്ഥാന് ആഗോളവേദിയില്‍ ശക്തമായ തിരിച്ചടി നല്കി ഭാരതം. ഭീകരരെ ഉത്പാദിപ്പിക്കുന്ന ഫാക്ടറികള്‍ അടച്ചുപൂട്ടുകയും അതിര്‍ത്തികടന്ന് ഭീകരാക്രമണങ്ങള്‍ നടത്തുന്നത് നിര്‍ത്തിയിട്ടും മതി മനുഷ്യാവകാശത്തെക്കുറിച്ച് സംസാരിക്കാനെന്ന് ഭാരതം വ്യക്തമാക്കി.
ജനീവയില്‍ നടന്ന 148-ാമത് ഇന്റര്‍-പാര്‍ലമെന്ററി യൂണിയനിലാണ് (ഐപിയു) പാകിസ്ഥാനെതിരെ ഭാരതം ആഞ്ഞടിച്ചത്. ഭാരത പ്രതിനിധി സംഘത്തെ പ്രതിനിധീകരിച്ച് രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിങ്ങാണ് ഐപിയുവില്‍ പ്രസ്താവന നടത്തിയത്.
ഭീകരര്‍ക്ക് അഭയവും പിന്തുണയും നല്കുന്ന രാജ്യത്തിന് മനുഷ്യാവകാശങ്ങളെക്കുറിച്ച് അഭിപ്രായം പറയാന്‍ യോഗ്യതയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഭീകരരായി പ്രഖ്യാപിച്ചവര്‍ക്ക് അഭയം നല്കുന്ന നികൃഷ്ടമായ റിക്കാര്‍ഡുള്ള രാജ്യമാണ് പാകിസ്ഥാന്. ആഗോളഭീകരതയുടെ മുഖമായ ഒസാമ ബിന്‍ ലാദനെ പാകിസ്ഥാനിലാണ് കണ്ടെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാരതത്തിനെതിരെ പാകിസ്ഥാന് നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളെ പൂര്‍ണമായും നിരാകരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഭാരതം. ഭാരതത്തിന്റെ ജനാധിപത്യത്തെ പലരും മാതൃകയാക്കുന്നതില്‍ അഭിമാനമുണ്ടെന്നും ഹരിവംശ് സിങ് പറഞ്ഞു.
അസംബന്ധമായ ആരോപണങ്ങളും തെറ്റായ വിവരണങ്ങളും കൊണ്ട് ഐപിയുവിന്റെ മഹത്വം പാകിസ്ഥാന് ഇല്ലാതാക്കുകയാണ്. ജമ്മുകശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങള്‍ എല്ലായ്പ്പോഴും ഭാരതത്തിന്റെ അവിഭാജ്യഘടകമാണ്. ആരുടെയും ഗൂഢനീക്കങ്ങള്ക്കോ പ്രചാരണങ്ങള്‍ക്കും ഈ വസ്തുതയെ മറികടക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: