കോട്ടയം: ആരോപണങ്ങള്‍ എതിര് പാര്‍ട്ടികളില്‍ നിന്നാണെങ്കില്‍ സഹിക്കാം. സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ, അതും മുതിര്‍ന്ന ഒരംഗം തന്നെ ലോക്കല്‍ സെക്രട്ടറിക്കെതിരെ ആരോപണങ്ങളുമായി വന്നാല്‍ എന്തു ചെയ്യും. സി.പി.എം നീണ്ടൂര്‍ ലോക്കല്‍ സെക്രട്ടറി എം.എസ് ഷാജിക്കെതിരെയാണ് മുന്‍ ലോക്കല്‍ സെക്രട്ടറിയും സി.പി.എം മുതിര്‍ന്ന നേതാവുമായ വി.കെ. കുര്യാക്കോസ് ആരോപണങ്ങളുമായി രംഗത്തുവന്നത്. ലോക്കല്‍ സെക്രട്ടറി ഷാജി അനധികൃതമായി പിരിവ് നടത്തുന്നു എന്നാണ് ആക്ഷേപം. വെറുതെ ആക്ഷേപമുന്നയിക്കുകയല്ല ചെയ്തത്. നോട്ടീസടിച്ച് പ്രചരിപ്പിച്ചു. പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിന്റെ പ്രവര്‍ത്തനങ്ങളില്‍ അനധികൃതമായി ഇടപെട്ടെന്നും ബാങ്ക് പ്രസിഡന്റ് കൂടിയായ കുര്യാക്കോസ് നോട്ടീസില്‍ പറയുന്നുണ്ട് . തീയില്ലാതെ പുകയുണ്ടാകുമോ, തീരെ ഗതി കെട്ടിട്ടാകും നോട്ടീസടിച്ചത് എന്നിങ്ങനെയുള്ള ആത്മഗതങ്ങളാണ് ഷാജിക്ക് എതിരു നില്ക്കുന്നവരുടെ ഉള്ളില്‍. തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ കൊടുമ്പിരിക്കൊണ്ട് നടക്കുന്നതിനിടെ പാര്‍ട്ടി നേതാക്കള്‍ തന്നെ ഇങ്ങനെ പരസ്പരം ചെളിവാരി എറിയുന്നത് ജില്ലാ നേതൃത്വത്തെ അസ്വസ്ഥമാക്കിയിട്ടുണ്ട്. പരിഹാരമുണ്ടാക്കാനുള്ള ശ്രമത്തിലാണ് ജില്ലാ ഘടകം. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് ലോക്കല്‍ സെക്രട്ടറിയുടെ അവകാശവാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: