കോട്ടയം : എല്ലാം കെ.സ്മാര്‍ട്ട് വഴി എന്ന് കേട്ട് മുനിസിപ്പാലിറ്റിയിലേക്കുള്ള കെട്ടിടനികുതി അടയ്‌ക്കാന്‍ സോഫ്റ്റ് വെയറിലൂടെ ശ്രമിച്ചവര്‍ക്ക് ഇരുട്ടടി. സോഫ്റ്റ്വെയര്‍ ആവശ്യപ്പെടുന്ന വിവരങ്ങളെല്ലാം നല്‍കി രണ്ടും മൂന്നും ഒ.ടി.പിയും അടിച്ച് ഒടുവില്‍ തുകയടക്കാറാവുമ്പോഴാണ് സാധാരണയിലും ഇരട്ടി നികുതി ചുമത്തിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെടുക.
പരിശോധിക്കുമ്പോള്‍ മുന്‍വര്‍ഷത്തെ ടാക്‌സിലെ ഒരു ഭാഗം കുടിശികയുണ്ടെന്നും അതു കൂടി ചേര്‍ന്നാണ് ഇരട്ടിയോളം തുക വന്നിരിക്കുന്നതെന്നു മനസിലാവും. അതായത് 2000 രൂപയോളം ടാക്‌സ് അടച്ചു പോന്നിരുന്ന ഒരാള്‍ ഇത്തവണ ഓണ്‍ലൈന്‍ വഴി അടയ്‌ക്കാന്‍ ശ്രമിക്കുമ്പോള്‍ മൂവായിരത്തിനു മുകളിലാണ് കാണിക്കുന്നത്. 2021- 22ലെ നികുതി എന്ന പേരിലാണ് ഈ അധിക തുക കയറിവരുന്നത്.
എന്നാല്‍ എല്ലാവര്‍ഷവും അടച്ചു കൊണ്ടിരിക്കുന്ന തുകയല്ല അതിനേക്കാള്‍ കുറഞ്ഞ തുകയാണ് 2021- 22ലെ അടയ്‌ക്കാത്ത നികുതിയായി രേഖപ്പെടുത്തിവരുന്നത്. സോഫ്‌റ്റ്വെയറിന്റെ തകരാറാന്നെന്നും ശരിയാക്കിയ ശേഷം തുക അടച്ചാല്‍ മതിയെന്നുമാണ് മുനിസിപ്പാലിറ്റിയില്‍ അന്വേഷിച്ചപ്പോള്‍ പറയുന്നത്.
സോഫ്റ്റ്വെയറിന്റെ ഈ വികൃതി ശ്രദ്ധയില്‍പ്പെട്ടതോടെ മുനിസിപ്പാലിറ്റിയില്‍ വന്ന് ടാക്‌സ് അടയ്‌ക്കാം എന്ന നിലപാടില്‍ അധികൃതര്‍ എത്തിയിട്ടുണ്ട്. അല്ലെങ്കില്‍ അക്ഷയ സെന്റര്‍ വഴിയോ കെ സ്മാര്‍ട്ട് വഴി ഓണ്‍ലൈനായോ മാത്രമേ തുക അടക്കാനാവൂ എന്നാണ് മുന്‍പ് അറിയിച്ചിരുന്നത്.
സോഫ്റ്റ്വെയറിലെ ഈ പിഴവ് മൂലം ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് 31നു മുന്‍പ് മുഴുവന്‍ നികുതിയും അടക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. സാമ്പത്തിക പ്രതിസന്ധി കുറെക്കൂടി രൂക്ഷമാകുമെന്ന് ചു്‌രുക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: