തൃശൂര്‍ : ക്ഷേത്രാചാരങ്ങളുടെ പേരില്‍ നടക്കുന്ന തൂക്കം, മേല്‍വസ്ത്ര നിരോധനം തുടങ്ങിയവ ഒഴിവാക്കണമെന്ന് തൃശ്ശിവപേരൂര്‍ സന്ന്യാസി മഹാസംഗമം.
ജാതി വിവേചനം, അസമത്വം പോലെയുള്ള അനാചാരങ്ങളും പൂര്‍ണമായും ഒഴിവാക്കണം. ക്ഷേത്രങ്ങളെ സേവാ പ്രവര്‍ത്തനം, ആദ്ധ്യാത്മിക സാധന, സാന്ത്വന പരിചരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രങ്ങളാക്കണമെന്നും സന്ന്യാസി സംഗമം ഐകകണ്ഠ്യേന അംഗീകരിച്ച തൃശ്ശിവപേരൂര്‍ വിളംബരത്തില്‍ പറയുന്നു.
നാടിന്റെ സ്വത്വം ആദ്ധ്യാത്മികതയാണ്. അതിന്റെ പേരാണ് സനാതന ധര്‍മ്മം. സനാതന ധര്‍മ്മത്തിനെതിരായുള്ള അപവാദ പ്രചരണങ്ങളെ ചെറുക്കണം. കുടുംബങ്ങളുടെ ശിഥിലീകരണത്തിന് കാരണമാകുന്ന മദ്യം മയക്കുമരുന്ന് തുടങ്ങിയവയുടെ ഉപയോഗം തടയാനും ഒഴിവാക്കാനും ഉള്ള ശ്രമങ്ങള്‍ ഉണ്ടാകണം. വിദ്യാഭ്യാസ കുടിയേറ്റം, ആത്മഹത്യാ പ്രവണതകള്‍ എന്നിവക്കെതിരെ ബോധവത്കരണം വേണം. കുടുംബങ്ങള്‍ കേന്ദ്രീകരിച്ച് നാമജപം, സ്വാദ്ധ്യായം, വ്രതാനുഷ്ഠാനങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കണമെന്നും വിളംബരത്തില്‍ ആവശ്യപ്പെട്ടു.
തെക്കേ ഗോപുര നടയില്‍ നടന്ന സമാപന സഭയില്‍ സംബോധ് ഫൗണ്ടേഷന് ആചാര്യന് സ്വാമി അധ്യാത്മാനന്ദ സരസ്വതിയാണ് വിളംബരം അവതരിപ്പിച്ചത്. കേരളത്തിലെ വിവിധ പരമ്പരകളില്‍പ്പെട്ട നാനൂറോളം സന്ന്യാസിമാരാണ് സംഗമത്തില്‍ പങ്കെടുത്തത്. സ്വാമി ചിദാനന്ദപുരി മുഖ്യ പ്രഭാഷണം നടത്തി. നടുവിലാല്‍ പരിസരത്ത് നിന്നാരംഭിച്ച നാമജപയാത്ര സ്വരാജ് റൗണ്ട് ചുറ്റി തെക്കേഗോപുര നടയില്‍ സമാപിച്ചു. തുടര്‍ന്നായിരുന്നു സമ്മേളനം.
സ്വാമി നന്ദാത്മജാനന്ദ (ശ്രീരാമകൃഷ്ണ മിഷന്), സ്വാമി സത്സ്വരൂപാനന്ദ, സ്വാമി വിവിക്താനന്ദ സരസ്വതി (ചിന്മയ മിഷന്), സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍(വാഴൂര്‍ തീര്‍ത്ഥ പാദാശ്രമം), സ്വാമി സ്വപ്രഭാനന്ദ, സ്വാമി ബ്രഹ്മസ്വരൂപാനന്ദ (ശിവഗിരി മഠം), സ്വാമി ആത്മസ്വരൂപാനന്ദ, സ്വാമി അമൃതകൃപാനന്ദപുരി, മാതാ ഭവ്യാമൃതപ്രാണ (മാതാ അമൃതാനന്ദമയി മഠം), സ്വാമി ഡോ.ധര്മാനന്ദ, സ്വാമി ചണ്ഡാള ബാബ, സ്വാമി ബോധീന്ദ്ര തീര്‍ത്ഥ, സ്വാമി ബ്രഹ്മപാദാനന്ദസരസ്വതി (ശ്രീരാമദാസ മിഷന്), സ്വാമി പുരുഷോത്തമാനന്ദ സരസ്വതി, സ്വാമി കൃഷ്ണാത്മാനന്ദ ഭാരതി, വിശ്വഹിന്ദുപരിഷത് അന്തര്‍ ദേശീയ ജോയിന്റ് സെക്രട്ടറി സ്ഥാണുമാലയന്‍, സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, ആര്‍എസ്എസ് പ്രാന്ത കാര്യകാരിയംഗം വി.കെ. വിശ്വനാഥന് എന്നിവരും സമാപന സഭയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: