ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാലാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. 45 സ്ഥാനാര്‍ത്ഥികളാണ് പട്ടികയിലുള്ളത്. വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അജയ് റായിയെയാണ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.
മൂന്നാം തവണയാണ് അജയ് റായ് ഇവിടെ മോദിക്കെതിരെ മത്സരിക്കുന്നത്. അമേഠിയിലേയും റായ്ബറേലിയിലേയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. കോണ്‍ഗ്രസിന്റ ശക്തികേന്ദ്രങ്ങളായിരുന്ന ഈ മണ്ഡലങ്ങളില്‍ തോല്‍വി ഭയന്ന് നെഹ്റു കുടുംബത്തില്‍ നിന്ന് ആരും മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് പാര്‍ട്ടി.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ റായ്ബറേലിയില്‍ മാത്രമാണ് കോണ്‍ഗ്രസിന് ജയിക്കാന്‍ കഴിഞ്ഞത്. അമേഠിയില്‍ രാഹുല്‍ കനത്ത തോല്‍വി ഏറ്റുവാങ്ങുകയും ചെയ്തു. സിറ്റിങ് എംപിയായ സോണിയ ഇത്തവണ റായ്ബറേലിയിലേക്കില്ലെന്ന് പ്രഖ്യാപിച്ച് രാജസ്ഥാനില്‍ നിന്ന് രാജ്യസഭയില്‍ എത്തി. ഇവിടെ പ്രിയങ്ക വാദ്രയെ മത്സരിപ്പിക്കണമെന്ന് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരുന്നെങ്കിലും ദേശീയ നേതൃത്വം അതുവേണ്ടെന്ന നിലപാടിലാണ്.
ബിഎസ്പി വിട്ട് കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്ന ഡാനിഷ് അലിക്ക് അംറോഹ സീറ്റ് വിട്ടുനല്‍കി. തമിഴ്നാട്ടിലെ ശിവഗംഗയില്‍ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരവും കന്യാകുമാരിയില്‍ നിന്ന് വിജയ് വസന്തും മധ്യപ്രദേശിലെ രാജ്ഗഡില് നിന്ന് മുന്‍ മുഖ്യമന്ത്രി ദിഗ്വിജയ് സിങ്ങും ജനവിധിതേടും. ആസാം, ആന്‍ഡമാന്‍ നിക്കോബര്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂര്‍, മിസോറാം, ഉത്തരാഖണ്ഡ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലെ സ്ഥാനാര്‍ത്ഥികളും പട്ടികയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: