ന്യൂദല്‍ഹി: പഞ്ചാബിലെ മദ്യനയ അഴിമതിയും അന്വേഷിക്കണമെന്ന് ബിജെപി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെതിരെ ഇ ഡി അന്വേഷണം വേണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ബിജെപി പഞ്ചാബ് ഘടകം തെരഞ്ഞെടുപ്പ് കമ്മിഷന് കത്തു നല്കി.
പഞ്ചാബിലെ ആം ആദ്മി സര്‍ക്കാരിന്റെ മദ്യനയ അഴിമതിയിലൂടെ സംസ്ഥാന ഖജനാവിനു ആയിരം കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ബിജെപിയുടെ ആരോപണം. പഞ്ചാബിലെ എഎപി എംഎല്‍എയും വ്യവസായിയുമായ കുല്‍വന്ത് സിങ്ങിന്റെ മൊഹാലിയിലെ വീട്ടില്‍ കഴിഞ്ഞ വര്‍ഷം ഇ ഡി നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് പുനരന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെട്ടു.
കുല്‍വന്ത് സിങ്ങിനെ കൂടാതെ മദ്യനയവുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച മൂന്ന് ഉദ്യോഗസ്ഥന്മാരെയും ഇ ഡി ചോദ്യം ചെയ്തിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെയും സംസ്ഥാനത്തെ ആം ആദ്മി പാര്‍ട്ടിയുടെ ചുമതലയുള്ള രാഘവ് ഛദ്ദയുടെയും മൗനാനുവാദത്തോടെയാണ് മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ നടന്നതെന്നാണ് ബിജെപിയുടെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: