ന്യൂദല്‍ഹി: മദ്യനയക്കേസില്‍ ഇ ഡി കസ്റ്റഡിയിലിരിക്കെ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് പുറപ്പെടുവിച്ചെന്ന് അവകാശപ്പെട്ട് പുറത്തുവിട്ട ഉത്തരവ് വ്യാജമെന്ന് ബിജെപി.
ദല്‍ഹിയിലെ ജലവിതരണം സുഗമമാക്കാന്‍ നിര്‍ദേശിച്ച് വകുപ്പുമന്ത്രി അതിഷിക്ക് നല്കിയ കത്ത് കെട്ടിച്ചമച്ചതാണെന്നാണ് ആരോപണം. മുഖ്യമന്ത്രിയുടെ ഓഫീസ് ഭരണഘടനാവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ബിജെപി ദേശീയ സെക്രട്ടറി മജീന്ദജര് സിങ് സര്‍സ ആരോപിച്ചു.
ദല്‍ഹിയിലെ ജലവിതരണ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അരവിന്ദ് കേജ്രിവാള് ആവശ്യപ്പെട്ടുവെന്നും ജയിലില്‍ നിന്നുള്ള ആദ്യ ഉത്തരവാണ് ഇതെന്നും മന്ത്രി അതിഷി ഇന്നലെ പത്രസമ്മേളനത്തില്‍ അവകാശപ്പെട്ടിരുന്നു. നിര്‍ദേശങ്ങള്‍ വായിച്ചപ്പോള്‍ തന്റെ കണ്ണുകള്‍ നിറഞ്ഞെന്നും ഇത്രയും പ്രതികൂലമായ സാഹചര്യത്തിലും ദല്‍ഹിയിലെ ജനങ്ങളെക്കുറിച്ചാണ് കേജ്രിവാള് ചിന്തിക്കുന്നതെന്നും അതിഷി പറഞ്ഞു.
എന്നാല്‍ ഇത് കെട്ടിച്ചമച്ച ഉത്തരവാണെന്ന് മജീന്ദര്‍ സിങ് സിര്‍സ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസ് ഹൈജാക്ക് ചെയ്യപ്പെട്ടു. നിലവിലത് ഭരണഘടനാവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രിയുമായി ബന്ധപ്പെടുകയോ ആശയവിനിമയം നടത്തുകയോ ചെയ്യാതെ എങ്ങനെ ഇത്തരത്തിലൊരു ഉത്തരവ് പുറപ്പെടുവിപ്പിക്കാന്‍ കഴിയും? ഇത് അധികാരദുര്‍വിനിയോഗമാണ്. നിയമവിരുദ്ധമാണ്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ലെഫ്. ഗവര്‍ണറോട് ആവശ്യപ്പെട്ടെന്നും സിര്‍സ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: