കോട്ടയം: പ്രായം 26 അല്ല 62. എന്നിട്ടും വേമ്പനാട്ടുകായലിലെ ഏഴു കിലോമീറ്റര്‍ ദൂരം കുഞ്ഞമ്മ ഒരു മണിക്കൂര്‍ 40 മിനിറ്റ് കൊണ്ട് നീന്തിക്കയറി. അമ്പലപ്പുഴ വടക്കുംകര അമ്പലക്കടവില്‍ നിന്ന് വൈക്കം ബീച്ചിലേക്കായിരുന്നു നീന്തല്‍.
അഞ്ചേരി പുത്തന്‍പുരയില്‍ ആന്റണിയുടെ ഭാര്യയും എല്‍.ഐ.സി റിട്ട. ഉദ്യോഗസ്ഥയുമായ കുഞ്ഞമ്മ വേള്‍ഡ് ബുക്ക് ഒഫ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഓളപ്പരപ്പുകളെ വെല്ലുവിളിച്ച് നീന്തിക്കയറിയത് . ചെറുപ്പം മുതല്‍ നീന്തല്‍ ഇഷ്ടമായിരുന്ന കുഞ്ഞമ്മയ്‌ക്ക് ജോലിയില്‍ പ്രവേശിച്ചതോടെ അതിന് കഴിയാതെയായി. സര്‍വീസില്‍ നിന്ന് പിരിഞ്ഞതോടെ നീന്തിക്കയറുക തന്നെയെന്ന് കുഞ്ഞമ്മ ഉറപ്പിക്കുകയായിരുന്നു.
നേരത്തെ കുളങ്ങളിലും മറ്റും നീന്തിയിട്ടുള്ള കുഞ്ഞമ്മ രണ്ടുവര്‍ഷം മുമ്പാണ് ഈ രംഗത്ത് പ്രശസ്തനായ ബിജു തങ്കപ്പന്റെ കീഴില്‍ പരിശീലനം ആരംഭിച്ചത്. വാരപ്പെട്ടിയിലെ നീന്തല്‍ കുളത്തിലായിരുന്നു ആദ്യപരിശീലനം. തുടര്‍ച്ചയായി രണ്ടുമണിക്കൂര്‍ നീന്താനുള്ള പരിശീലനം നേടിയ ശേഷമാണ് വേമ്പനാട്ടുകായലിലേക്കിറങ്ങിയത് . ജയിച്ചു കയറുകയും ചെയ്തു.
ബീച്ചില്‍ നടന്ന അനുമോദന സമ്മേളനം നിഷ ജോസ് കെ.മാണി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഷിഹാബ് കെ. സൈനു, പരിശീലകന്‍ ബിജുതങ്കപ്പന്‍ എന്നിവരെ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: