മോസ്കോ: റഷ്യയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ 143 ആയി. നൂറിലധികം പേര്‍ക്കു പരിക്കേറ്റു.
മോസ്കോയുടെ പടിഞ്ഞാറന്‍ അറ്റത്തെ ക്രോക്കസ് സിറ്റി ഹാളില്‍ വേഷം മാറിയെത്തിയ ഭീകരര്‍ തുരുതുരാ വെടിവയ്ക്കുകയായിരുന്നു. അവിടെ സ്ഫോടനവും തീപ്പിടിത്തവുമുണ്ടായി, വാര്‍ത്താ ഏജന്‍സികളായ റോയിട്ടേഴ്സും ടാസും റിപ്പോര്‍ട്ട് ചെയ്തു. ഭീകരാക്രമണത്തെ ലോക നേതാക്കള്‍ അപലപിച്ചു.
നാലു ഭീകരരുള്‍പ്പെടെ 11 പേരെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തു. റഷ്യയില്‍ നടന്ന ഏറ്റവും വലിയ ഭീകരാക്രമണങ്ങളില്‍ ഒന്നാണ് വെള്ളിയാഴ്ചത്തേത്. ജനങ്ങള്‍ക്കു നേരേ ഭീകരര്‍ വെടിവയ്ക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. ആറായിരത്തിലധികം പേരേ ഉള്‍ക്കൊള്ളാവുന്നതാണ് ക്രോക്കസ് സിറ്റി ഹാള്‍. ഷോപ്പിങ് മാള്‍, സംഗീത വേദി എന്നിവയെല്ലാം ഇതിലുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് സമൂഹ മാധ്യമങ്ങളിലൂടെ ഏറ്റെടുത്തു.
ആക്രമണത്തിനു ശേഷം വെള്ളിയാഴ്ച രാത്രി മോസ്കോയില്‍ നിന്ന് 340 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി ബ്രയാന്‍സ്ക് മേഖലയില്‍ പോലീസിനെ കണ്ട അക്രമികള്‍ വാഹനത്തില്‍ രക്ഷപ്പെട്ടതായി റഷ്യന്‍ എംപി അലക്സാണ്ടര്‍ ഖിന്‍ഷെയിന്‍ പറഞ്ഞു. വാഹനം നിര്‍ത്താന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും ഇവര്‍ അനുസരിച്ചില്ല. രണ്ടു പേരെ പിന്തുടര്ന്നു പിടികൂടി. മറ്റു രണ്ടു പേര് വനത്തിലേക്കു രക്ഷപ്പെട്ടു. പിന്നീട് ഇരുവരും പോലീസ് തടങ്കലിലായി.
കാറില്‍ നിന്ന് ആക്രമണത്തിനുപയോഗിച്ച പിസ്റ്റള്‍, റൈഫിളിനുള്ള മാഗസിന്, താജിക്കിസ്ഥാനില്‍ നിന്നുള്ള പാസ്പോര്ട്ടുകള് എന്നിവ കണ്ടെത്തി.
അതേസമയം മോസ്കോയിലെ ഭീകരാക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു. ഇപ്പോള്‍ റഷ്യക്കൊപ്പം നിലകൊള്ളുമെന്നും ഐക്യദാര്‍ഢ്യം അറിയിക്കുന്നതായും എക്
സില് പങ്കുവച്ച പോസ്റ്റിലൂടെ മോദി വ്യക്തമാക്കി.
‘മോസ്കോയിലെ ഹീനമായ ഭീകരാക്രമണത്തെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. ഞങ്ങളുടെ ചിന്തകളും പ്രാര്‍ഥനകളും ഇരകളുടെ കുടുംബത്തോടൊപ്പമുണ്ട്. ദുഃഖത്തിന്റെ വേളയില്‍ റഷ്യന്‍ ഫെഡറേഷനിലെ സര്‍ക്കാരിനോടും ജനങ്ങളോടുമൊപ്പമാണ് ഭാരതം.’ എക്സ് പോസ്റ്റില്‍ പ്രധാനമന്ത്രി കൂട്ടിച്ചര്‍ത്തു.
ഭാരതത്തിലെ റഷ്യന്‍ എംബസി മരിച്ചവരോടുള്ള ആദര സൂചകമായി ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടി. മരണത്തില്‍ അനുശോചിക്കുന്നതായും പരിക്കേറ്റവര്‍ എത്രയും പെട്ടെന്നു സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നതായും എംബസി എക്സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: