തൃശൂർ: കുടുംബക്ഷേത്രത്തിലെ ചിറപ്പ് മഹോത്സവത്തിന് ആർഎൽവി രാമകൃഷ്ണനെ പങ്കെടുപ്പിക്കുമെന്ന് നടൻ സുരേഷ് ഗോപി. കൊല്ലം ഭരണിക്കാവ് ക്ഷേത്രത്തിൽ മോഹിനിയാട്ടം അവതരിപ്പിക്കാനായിരുന്നു സുരേഷ് ഗോപി ക്ഷണിച്ചിരുന്നത്. സുരേഷ് ഗോപിയുമായി ഫോണിൽ സംസാരിച്ചെന്നും ക്ഷണം സ്വീകരിച്ചെന്നും രാമകൃഷ്ണൻ അറിയിച്ചു.
പ്രതിഫലം നൽകിയാണ് പരിപാടിക്കു വിളിക്കുന്നതെന്ന് പറഞ്ഞ സുരേഷ് ഗോപി വിവാദത്തിൽ കക്ഷിചേരാനില്ലെന്നും വ്യക്തമാക്കിയിരുന്നു. കറുത്ത നിറമുള്ള ആളുകൾ മോഹിനിയാട്ടം കളിക്കരുതെന്നും കാക്കയുടെ നിറമുള്ള നർത്തകനെ പെറ്റ തള്ള പോലും സഹിക്കില്ലെന്നും നൃത്താധ്യാപിക സത്യഭാമ സമൂഹമാധ്യമത്തിലെ അഭിമുഖത്തിൽ നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. ഇത് തനിക്കെതിരെയുള്ള അധിക്ഷേപങ്ങളാണെന്നു വെളിപ്പെടുത്തി കഴിഞ്ഞ ദിവസമാണ് കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ രംഗത്ത് വന്നിരുന്നു.
കലാമണ്ഡലം ഗോപിയുടെ പത്മ അവാർഡ് വിവാദത്തിലും സുരേഷ് ഗോപി പ്രതികരിച്ചു. പത്മശ്രീ അവാർഡിന് സഹായം അഭ്യർത്ഥിച്ച് കലാമണ്ഡലം ഗോപി ബന്ധപ്പെട്ടിരുന്നു. 2015 വരെ അവാർഡ് നിർണയത്തിൽ പല അഴിമതിയും നടന്നിട്ടുണ്ട്. തനിക്ക് ഇടപെടാൻ കഴിയില്ലെന്നും സെൽഫ് അഫിഡവിറ്റ് നൽകാനും നിർദേശിച്ചു. പുറത്ത് പറയാതിരുന്നത് കലാമണ്ഡലം ഗോപിയോടുള്ള സ്നേഹം കൊണ്ട്. കലാമണ്ഡലം ഗോപി എല്ലാം വെളിപ്പെടുത്തിയാൽ സന്തോഷമെന്നും സുരേഷ് ഗോപി പറഞ്ഞു.
കലാമണ്ഡലം ഗോപിയെ വീട്ടിലെത്തി കാണില്ല. സന്ദർശനം ഒഴിവാക്കിയത് കലാമണ്ഡലം ഗോപിക്ക് രാഷ്ട്രീയ ബാധ്യതകൾ ഉള്ളതിനാൽ. സ്വന്തം ഇഷ്ടപ്രകാരം സന്ദർശനം നടത്തിയിട്ടില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: