ന്യൂദല്‍ഹി: ദല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചു. കള്ളപ്പണ നിരോധന നിയമ പ്രകാരം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് ഒരു സമന്‍സ് നല്‍കിയിരിക്കുന്നത്. ദല്‍ഹി ജയില്‍ ബോര്‍ഡ് (ഡിജെബി) അഴിമതി കേസിലാണ് രണ്ടാമത്തെ സമന്‍സ്.
ഈ രണ്ട് കേസുകളിലും ചോദ്യം ചെയ്യലിന് മാര്‍ച്ച് 18, 21 തിയതികളില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനും ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്. മദ്യനയക്കേസില്‍ കേജ്രിവാളിന് ഇത് ഒമ്പതാം തവണയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ ഡി നോട്ടീസ് നല്‍കുന്നത്. എന്നാല്‍ ഇതുവരെ ഹാജരായിട്ടില്ല. സമന്‍സില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് അറസ്റ്റ് ഒഴിവാക്കുന്നതിന് ജാമ്യം തേടി കോടതിയെ സമീപിക്കുകയും അനുവദിക്കുകയും ചെയ്തു. സമന്‍സ് സ്റ്റേ ചെയ്യണമെന്ന ഹര്‍ജി കോടതി തള്ളിയതോടെയാണ് കേജ്രിവാള് ജാമ്യാപേക്ഷ നല്‍കിയത്.
അതേസമയം ദല്‍ഹി ജയില്‍ ബോര്‍ഡുമായി ബന്ധപ്പെട്ട കേസ് വ്യാജമാണെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മന്ത്രിയുമായി അതിഷി പ്രതികരിച്ചു. ഡിജെബി കേസ് സംബന്ധിച്ച് ആര്‍ക്കും അറിവില്ല. കേജ്രിവാളിനെ അറസ്റ്റ് ചെയ്ത് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നത് തടയുന്നതിനായി കെട്ടിച്ചമച്ച കേസാണിത്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ നോട്ടീസ് നല്‍കിയെന്നും അതിഷി ആരോപിച്ചു.
ദല്‍ഹി മദ്യനയക്കേസില്‍ ഇ ഡി അറസ്റ്റ് ചെയ്ത ബിആര്‍എസ് നേതാവ് കെ. കവിതയെ 23 വരെ കോടതി കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ വിട്ടു. കവിതയുടെ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ മദ്യനയക്കേസുമായി ബന്ധപ്പെട്ട് രേഖകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: