‘മലയാളിയായ തമിഴ് എഴുത്തുകാരന് ജയമോഹന് എന്ന ജയമോഹന് നായര്‍ മലയാളികളെ അധിക്ഷേപിച്ചു നടത്തിയ ‘പെറുക്കികള്‍’ എന്ന പ്രയോഗം ജയമോഹന്റെ സംഘപരിവാര്‍ പശ്ചാത്തലത്തില്‍ നിന്നു കൂടി വരുന്നതാണ്. മലയാളികളെയും കേരളത്തെയും അധിക്ഷേപിക്കാനുള്ള സംഘപരിവാര്‍ ശ്രമത്തിന്റെ ഭാഗമാണ് ‘മഞ്ഞുമ്മല്‍ ബോയ്സ്’ എന്ന സിനിമയെ ചാരി ഒരു വിവാദമുണ്ടാക്കാന്‍ ജയമോഹന് നടത്തുന്ന ശ്രമങ്ങള്‍. കേരളസ്റ്റോറി എന്ന സിനിമയുടെ ഒക്കെ പിന്നാലെയാണ് വിവാദവ്യവസായിയായ ജയമോഹന്റെ കര്‍സേവ.’
സിപിഎം പോളിറ്റ് ബ്യൂറോ അംഗം മുന്‍ സംസ്ഥാന സാംസ്ക്കാരിക മന്ത്രി എം എ ബേബിയുടെ ഫേസ് ബുക്ക് പോസ്്റ്റിലെ തുടക്കവാചകമാണിത്.
ജയമോഹന്റെ അന്യഥാ ആകര്‍ഷകമായ പലരചനകളിലും ഒളിഞ്ഞും തെളിഞ്ഞും കടന്നുവരുന്ന സംഘപരിവാര്‍ പ്രത്യയശാസ്ത്രം അദ്ദേഹത്തിന്റെ പ്രസ്താവനകളില്‍ മാത്രമല്ല, ‘നൂറു സിംഹാസനങ്ങള്‍’ പോലുള്ളഅതിപ്രശസ്ത കൃതികളില്‍ പോലും ഒരു സൂക്ഷ്മവായനയില്‍ വെളിപ്പെടുന്നതാണ് എന്നാണ് ബേബിയുടെ മൊഴി.
ജയമോഹനന് മലയാളികളേയും മലയാള സിനിമയേയും വിമര്‍ശിക്കാന്‍ സ്വാതന്ത്യമുണ്ട്. അതേ സ്വാതന്ത്യം ജയമഹോനെ ആക്ഷേപിക്കാന്‍ ബേബിക്കും ഉപയോഗിക്കാം. എന്നാല്‍ ജയോമഹന് ‘നായര്‍’, ‘സംഘി’ പട്ടം കല്‍പ്പിക്കുന്ന ‘നസ്രാണി ‘ ബേബി യഥാര്‍ത്ഥ ‘പെറുക്കി’ ആണെന്ന് ആവര്‍ത്തിക്കുകയാണ്. ബേബി എന്ന പേരു സൂചിപ്പിക്കും പോലെ എത്ര കൊച്ചാണ് കമ്മ്യൂണിസ്റ്റുകാരുടെ അഭിനവ ബുദ്ധിജീവി.
മലയാളികളെ ജയമോഹന് ആക്ഷേപിച്ചപ്പോള്‍ എല്ലാ കോണില്‍ നിന്നും ശക്തമായ എതിര്‍പ്പ് ഉണ്ടാകുക സാധാരണം. ജാതിയോ മതമോ നോക്കിയല്ലായിരുന്നു അത്. പറഞ്ഞ കാര്യത്തില്‍ സത്യമുണ്ടെങ്കിലും ആക്ഷേപം സഹിക്കാനാകുമോ.? ജയമോഹന്റെ അഭിപ്രായങ്ങല്‍ മുന്‍പും എതിര്‍ക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മാസം മാതൃഭൂമി സംഘവിരുദ്ധരെ ആനയിച്ചു കൊണ്ടുവന്നു നടത്തിയ ക ഫെസ്റ്റിവലിലെ മുഖ്യ കഥാപാത്രമായിരുന്നു . അന്ന് സംസ്കൃത ഭാഷയെ അടച്ചാക്ഷേപിച്ചപ്പോള്‍ ജയമോഹന് കയ്യടിക്കുകയായിരുന്നു പ്രഖ്യാപിത ഇടത് മതേതര ബുദ്ധി ജീവികള്‍. സംസ്കൃതം വരേണ്യ വര്‍ഗ്ഗത്തിന്റെ ഭാഷയാണെന്നുള്ള ഇടതുപക്ഷ ഹിന്ദുവിരുദ്ധരുടെ വ്യാജപ്രചരണങ്ങള്‍ക്കുള്ള അംഗീകാരമായി. സംസ്കൃതം ഭാരതത്തിന്റെ ആത്മീയഭാഷയാണ്. ഭാരതത്തില്‍ സംസ്കൃത ഭാഷ ഉയര്‍ന്ന ജാതിയുടെ ഭാഷയായി ഒരിക്കലും അവരോധിച്ചിട്ടില്ല. വാല്മീകിയായി മാറിയ രത്നാകരനും മുക്കുവ കുലത്തില്‍ ജനിച്ച വദവ്യാസനും ഈ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ശ്രീനാരായണ ഗുരുദേവനും എല്ലാവരും സംസ്കൃത പണ്ഡിതന്മാരായിരുന്നു. എന്നതെല്ലാ മറന്നുകൊണ്ടായിരുന്നു ജയമോഹന് ജയ് വിളിച്ചത്. ”വൃത്തികെട്ട സംസ്കൃത ഭാഷയില്‍ എഴുതാന്‍ അറപ്പാണന്ന് ‘ ജയമോഹന് പറഞ്ഞപ്പോള്‍ സംസകൃതം പഠിക്കാന്‍ കഴിയാതിരുന്നത് വലിയ ദു:ഖമെന്ന് പണ്ടെങ്ങോ പറഞ്ഞ ബേബി പോലും ഒന്നും ഉരിയാടിയില്ല.
”മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമയെ വിമര്‍ശിച്ച് മലയാളികളെ പെറുക്കികള്‍ എന്നാണ് ജയമോഹന് ബ്ലോഗില്‍ അഭിസംബോധന ചെയ്തിരിക്കുന്നത്.
‘ തെന്നിന്ത്യയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്ന മലയാളികളുടെ യഥാര്‍ഥ മനോനില തന്നെയാണ് സിനിമയിലും ഉള്ളത്. ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ മാത്രമല്ല കാടുകളിലേക്കും അവര്‍ എത്താറുണ്ട്. മദ്യപിക്കാനും ഓക്കാനിക്കാനും ഛര്‍ദ്ദിക്കാനും കടന്നുകയറാനും വീഴാനും ഒക്കെ മാത്രം വേണ്ടിയാണ് അത്. മറ്റൊന്നിലും അവര്‍ക്ക് താല്പര്യമില്ല. സാമാന്യബോധമോ സാമൂഹികബോധമോ അവര്‍ക്ക് തൊട്ടുതീണ്ടിയിട്ടില്ല. ഊട്ടിയിലും കൊടൈക്കനാലിലും കുറ്റാലത്തുമൊക്കെ മലയാളികളായ മദ്യപാനികള്‍ പൊതുനിരത്തില്‍ മോശമായി പെരുമാറുന്നത് ഞാന്‍ പത്ത് തവണയെങ്കിലും കണ്ടിട്ടുണ്ട്. അവരുടെ വാഹനങ്ങളുടെ ഇരുവശങ്ങളിലും ഛര്‍ദ്ദില്‍ ആയിരിക്കും.”
എന്നെഴുതിയ ജയമോഹന് എറണാകുളത്തെ മയക്കുമരുന്നു സംഘമാണ് മലയാളെ സിനിമയെ നിയന്ത്രിക്കുന്നതെന്നും കുറിച്ചു. വിമര്‍ശനത്തിലെ സാമാന്യവത്ക്കരണം ചോദ്യം ചെയ്യപ്പെടേണ്ടതു തന്നെ.
പക്ഷേ എന്തിനാണ് ബി ജയമോഹനനെ, നായരാക്കാന്‍ എം എ ബേബി ശ്രമിക്കുന്നത്. എന്തിനാണ് സംഘിയാക്കി ചിലരെല്ലാം ആഘോഷിക്കുന്നത്. അദ്ദേഹത്തിന്റെ പേരില്‍ ‘നായര്‍’ വാല് എന്നെങ്കിലും ഉണ്ടായിരുന്നോ. കന്യാകുമാരിക്കാരന്‍ ബാഹുലേയന് പിള്ളയുടെ മകനാണ് എന്നതു ശരി. തമിഴ് നാട്ടില്‍ ‘നായര്‍’ അല്ലാത്ത ‘പിള്ള’ മാരും ഉണ്ട്. ഇനി പിള്ള ‘നായര്‍’ ആണെങ്കില്‍ തന്നെ ജയമോഹന് അത് അവകാശപ്പെടാത്തപ്പോള്‍ നസ്രാണി ബേബി എന്തിനു പട്ടം അണിയിക്കുന്നു. ഇതിലും വലിയ പെറുക്കി സ്വാഭാവം ഉണ്ടോ.
എന്തുകൊണ്ടാണ് ചിലര്‍ എന്നെ സംഘി എന്നു വിളിക്കുന്നത്? എന്നതിന് ജയമോഹന് മറുപടി പറഞ്ഞിട്ടുണ്ട്
”അത് ഡിഎംകെയുടെയും മാര്‍ക്സിസ്റ്റ് കമ്യൂണിസ്റ്റ് കക്ഷിയുടെയും രീതിയാണ്. പൊതുജനത്തെ നിരന്തരം സംഘിയുടെ കൂടാരത്തിലേക്ക് തള്ളിവിടുന്നതാണ് ഇവരുടെ രാഷ്ട്രീയം. ഞാന്‍ ഡിഎംകെ അല്ല, കമ്യൂണിസ്റ്റുകാരനുമല്ല. മതേതര ചിന്ത ഉള്ള ഒരാളാണ്. അതുകൊണ്ടാണ് ഹിന്ദുത്വപോലുള്ള കാര്യങ്ങളെ ശക്തമായി എതിര്‍ക്കുന്നത്. അവരുടെ സര്‍ക്കാര്‍ പത്മശ്രീ തന്നപ്പോള്‍ പോലും അത് നിരസിച്ചു. ഒരു സര്‍ക്കാറില്‍ നിന്നും ഒന്നും സ്വീകരിക്കില്ല എന്നത് എന്റെ സ്വാതന്ത്ര്യസംരക്ഷണമാണ്. മാര്‍ക്സിസ്റ്റ് കമ്യൂണിസ്റ്റ് കക്ഷിയുടെ ഒരുപാട് പ്രവര്‍ത്തനങ്ങളെ സ്വീകരിക്കുന്ന ആളാണ് ഞാന്‍. പക്ഷേ വിമര്‍ശനം അവര്‍ക്ക് ദഹിക്കില്ല. പക്ഷേ പ്രകൃതി വന സംരക്ഷണംപോലുള്ള കാര്യങ്ങളിലെ അവരുടെ സമീപനങ്ങള്‍ എനിക്ക് ഒട്ടും സ്വീകാര്യമല്ല. സോവിയറ്റ് റഷ്യയില്‍ നടന്ന അടിച്ചമര്‍ത്തലുകളെപ്പറ്റി ഒരു ശക്തമായ നോവല്‍ എഴുതിയിട്ടുണ്ട്. ദളിതുകള്‍ക്കെതിരായിട്ടുള്ള അക്രമത്തെക്കുറിച്ച് ആദ്യം തമിഴില്‍ എഴുതിയ ആളാണ് ഞാന്‍. ഇവരുടെയൊക്കെ രീതി എന്നത് ഒപ്പം നില്ക്കുകയാണെങ്കില് തലച്ചോറ് ഊരി മാറ്റി അടിമയായി ഒപ്പം നില്ക്കുക എന്നുള്ളതാണ്. അത് എനിക്ക് പറ്റില്ല. ഞാന്‍ ഏകാകിയാണ് . ആ നിലപാട് എടുക്കുമ്പോള്‍ ഇവരുടെ എതിര്‍ചേരിയില്‍ നമ്മെ കൊണ്ടുപോയി ചേര്‍ത്തുകെട്ടുകയാണ് ചെയ്യുന്നത്.’
ബേബിക്ക് ഇതിലും നല്ല മറുപടിയുടെ ആവശ്യമില്ല.
രാഷ്ട്രീയത്തിന്റെ ഒരുകള്ളികളിലും പെടുത്താന്‍ കഴിയുന്ന ആളല്ല ജയമോഹന് എന്നതാണ് യാതാര്‍ത്ഥ്യം. കാസര്‍കോട് ബിഎസ്എന്‍എല്ലില്‍ ജോലിചെയ്യുമ്പോള്‍ ഇടതു യൂണിയനില്‍ സജീവം, പ്രവര്‍ത്തന രീതിയില്‍ നക്സലേറ്റ്. കന്യാകുമാരിയില്‍ ഹിന്ദുക്കള്‍ക്കെതിരെ ക്രിസ്ത്യന്‍ അതിക്രമം ഉണ്ടായപ്പോള്‍ ആര്‍എസ്എസില്‍ പ്രതീക്ഷ വെച്ചു. സംഘ പരിവാര്‍ പ്രസിദ്ധീകരണങ്ങളില്‍ ലേഖനം എഴുതി. അയോധ്യ പ്രക്ഷോഭ സമയത്ത് സംഘത്തെ വിമര്‍ശിച്ച് രംഗത്തുവന്നു. 1991ലെ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയില്‍ ദുഃഖിച്ചു. സാഹിത്യ യാത്രയില്‍ ആറ്റൂര്‍ രവിവര്‍മ്മയും ആത്മീയ യാത്രയില്‍ ഗുരു നിത്യ ചൈതന്യ യതിയും വഴികാട്ടികളായി. നാരായണ ഗുരുവിന്റെ ചിന്താസരണിയും. എം.ഗോവിന്ദന്റെ സാഹിത്യ പാരമ്പര്യം പിന്തുടരുന്നു. അടൂരിന്റെയും അരവിന്ദന്റെയും സിനിമകളെക്കുറിച്ച് തമിഴില്‍ ഏറ്റവും കൂടുതല്‍ എഴുതി. എംടിയുടെ തിരക്കഥകളെക്കുറിച്ച് മാത്രം ഒരു പുസ്തകമെഴുതി.
അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ പ്രസ്ഥാനത്തെ പിന്തുണച്ചു. ജന്‍ ലോക്പാല്‍ ബില്ലിനെക്കുറിച്ചും എഴുതി. പൊതുതെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയെ പിന്തുണച്ചു. ഒമ്പത് നോവലുകള്‍, പത്ത് ചെറുകഥകള്‍, പതിമൂന്ന് സാഹിത്യവിമര്‍ശനങ്ങള്‍, അഞ്ച് ജീവചരിത്രങ്ങള്‍, ഹിന്ദു, ക്രിസ്ത്യന്‍ തത്ത്വചിന്തകളെക്കുറിച്ചുള്ള മൂന്ന് പുസ്തകങ്ങള്‍, നിരവധി വിവര്‍ത്തനങ്ങള്‍….
ആത്മീയത, കമ്യൂണിസം, ഭൗതികവാദം, മതം എല്ലാം ജയമോഹനിലുണ്ട്. അങ്ങനെ ഒരാളെ ഒറ്റരാത്രികൊണ്ട് സംഘിയാക്കുന്ന രാഷ്ട്രീയമാണ് മനസ്സിലാകാത്തത്.
തന്റെ മലയാളി സ്വത്വം ഒരിക്കലും മറുച്ചുവെയ്ക്കാത്ത ജയമോഹന് എന്തിന് മലയാളികളെ അടച്ചാക്ഷേപിക്കണം. എന്നതിനാണ് ഉത്തരം കിട്ടേണ്ടത് . പറഞ്ഞത് നായരാണോ നസ്രാണി് അണോ എന്നതല്ല പ്രധാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: