ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പു തീയതികള്‍ പ്രഖ്യാപിച്ചതോടെ രാജ്യം വീണ്ടും തെരഞ്ഞെടുപ്പു ചൂടിലേക്ക്. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയും പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്നു രൂപീകരിച്ച ഇന്‍ഡി സഖ്യവും തമ്മിലാണ് തെരഞ്ഞെടുപ്പിലെ പോരാട്ടം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ 10 വര്‍ഷം കാഴ്ചവച്ച സദ്ഭരണത്തിന്റെ റിക്കാര്‍ഡുമായാണ് എന്‍ഡിഎ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
നാനൂറിലധികം സീറ്റ് നേടി വീണ്ടും അധികാരത്തിലെത്താനാണ് എന്‍ഡിഎ ലക്ഷ്യം. വീണ്ടും മോദി സര്‍ക്കാര്‍ എന്ന കാമ്പയിനിലാണ് ബിജെപി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 2047ല്‍ വികസിത ഭാരതമെന്ന ലക്ഷ്യവും ബിജെപിയും നരേന്ദ്ര മോദിയും മുന്നോട്ടുവയ്ക്കുന്നു. തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കും മുമ്പുതന്നെ 267 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി രംഗത്തിറങ്ങിയിരുന്നു.
കൃത്യമായ നയമില്ലാതെ പോകുകയാണ് ഇന്‍ഡി സഖ്യം. കേരളം, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഒറ്റയ്ക്കും ചിലയിടങ്ങളില്‍ ഒന്നിച്ചുമാണ് സഖ്യത്തിലെ പാര്‍ട്ടികള്‍ മത്സരത്തിനിറങ്ങുന്നത്. കേരളത്തില്‍ പരസ്പരം പോരടിക്കുന്ന ഇന്‍ഡി സഖ്യകക്ഷികളായ കോണ്‍ഗ്രസും സിപിഎമ്മും കേരളം കടന്നാല്‍ ഒറ്റക്കെട്ടാണ്. ഈ ഇരട്ട നിലപാട് വോട്ടര്‍മാര്‍ക്കു മുന്നില്‍ വിശദീകരിക്കാനാകാത്ത അവസ്ഥയിലാണവര്‍. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലും സമാന സാഹചര്യമാണ്. ഏതു മാര്‍ഗത്തിലൂടെയും ബിജെപിയെ തോല്‍പ്പിക്കുകയെന്ന ചിന്ത മാത്രമാണ് ഇന്‍ഡി സഖ്യ രൂപീകരണത്തിനു കാരണമായത്. തെരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ട്ടിയെ ശക്തിപ്പെടുത്തുക ലക്ഷ്യമിട്ട് രാഹുല്‍ ഗാന്ധി നയിച്ച ജോഡോ യാത്ര കോണ്‍ഗ്രസിന് ഗുണം ചെയ്തില്ലെന്നു മാത്രമല്ല, കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിട്ടുപോകുന്നതിനുമിടയാക്കി. സഖ്യ രൂപീകരണത്തിനു നേതൃത്വം നല്കിയ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ സഖ്യം ഉപേക്ഷിച്ച് എന്‍ഡിഎയുടെ ഭാഗമായതും ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് മുഖ്യമന്ത്രിയും ടിഎംസി നേതാവുമായ മമത ബാനര്‍ജി പ്രഖ്യാപിച്ചതും സഖ്യത്തിന് കനത്ത തിരിച്ചടിയായി.
കേന്ദ്ര സര്‍ക്കാരിന്റെ 10 വര്‍ഷത്തെ ഭരണ നേട്ടങ്ങളും ജനക്ഷേമ, വികസന പദ്ധതികളുമാണ് ബിജെപി മുന്നോട്ടുവയ്ക്കുന്നത്. പത്തു വര്‍ഷത്തിനുള്ളില്‍ 25 കോടിയോളം ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്നു മുക്തരാക്കി, 80 കോടിയിലധികം ഗുണഭോക്താക്കള്‍ക്ക് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പ്രകാരം സൗജന്യ ഭക്ഷ്യധാന്യവിതരണം, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങള്‍, വിദ്യാഭ്യാസം, തൊഴില്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ കൈവരിച്ച നേട്ടങ്ങളെല്ലാം വോട്ടായി മാറുമെന്ന് ബിജെപി ഉറപ്പിക്കുന്നു. വനിതാ സംവരണ ബില്‍, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, സിഎഎ നടപ്പാക്കല്‍, വിജയകരമായ ജി20 അധ്യക്ഷത, മംഗള്‍യാനില്‍ നിന്ന് ചന്ദ്രയാന്‍ 3ലേക്കുള്ള യാത്ര തുടങ്ങിയവയെല്ലാം ബിജെപി ഉയര്‍ത്തിക്കാട്ടുന്നു. വിവിധ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ലഭിച്ച വിജയവും ബിജെപിയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നു.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 282 സീറ്റ് നേടിയാണ് ബിജെപി കോണ്‍ഗ്രസില്‍ നിന്ന് അധികാരം പിടിച്ചെടുത്തത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് 303 ആയി ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വീണ്ടും അധികാരത്തിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: