വര്‍ക്കല: ശ്രീനാരായണ ഗുരുദേവനും മഹാകവി കുമാരനാശാനും തമ്മിലുണ്ടായിരുന്ന ഗുരുശിഷ്യബന്ധം വിശ്വസാഹിത്യ ചരിത്രത്തിലെ അത്ഭുതവും അപൂര്‍വതയുമാണെന്ന് സ്വാമി സച്ചിദാനന്ദ. മഹാകവി കുമാരനാശാന്റെ ദേഹവിയോഗ ശതാബ്ദിയുടെ ഭാഗമായി നടന്ന സ്മൃതിസമ്മേളനവും കവിയരങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുമാരനാശാനെ അനശ്വരനാക്കിയത് ശ്രീനാരായണഗുരുദേവനെന്ന വിശ്വദാര്‍ശനികനായ മഹാഗുരുവിനെ ലഭിച്ചതാണ്. കുമാരനാശാന്റെ കൃതികള്‍ ഗുരുദേവ ദര്‍ശനത്തിന്റെ ഭാഷ്യങ്ങള്‍ തന്നെയാണ്. ഗുരുവിന്റെ എല്ലാവരുമാത്മസഹോദരര്‍ എന്ന വരികള്‍ ആശാന്റെ വീണപൂവില്‍ പ്രതിബിംബിക്കുന്നതായി കാണാം. ഗുരുദേവ ദാര്‍ശനിക പഠനം കുമാര മഹാകവിയുടെ കൃതികളിലൂടെ കണ്ടെത്താനാകും.
ഗുരു സാമീപ്യത്താല്‍ അടിമുടി പൂത്തുലഞ്ഞ സര്‍ഗ വിസ്മയമായിരുന്നു ആശാന്‍. ഗുരുസ്തവവും ഗുരുപാദദശകവും ശാരദാഷ്ടകവും അതിന് ഉത്തമോദാഹരണങ്ങളാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ അവ്യയാനന്ദ സ്വാമികള്‍ പറഞ്ഞു. വെട്ടൂര്‍ ശശി അധ്യക്ഷത വഹിച്ചു. കായിക്കര കുമാരനാശാന്‍ അസോസിയേഷന്‍ അംഗം കെ. ജയിന്‍, താണുവന്‍ ആചാരി, ശിവഗിരി മഠം പിആര്‍ഒ ഇ.എം. സോമനാഥന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കവിയരങ്ങും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: