നാഗര്‍കുര്‍ണൂല്‍(തെലങ്കാന): ബിആര്‍എസും കോണ്‍ഗ്രസും ചേര്‍ന്ന് തെലങ്കാനയുടെ സ്വപ്‌നങ്ങള്‍ തകര്‍ത്തുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
തെലങ്കാന രൂപം കൊള്ളുമ്പോള്‍ വലിയ സ്വപ്‌നങ്ങളും പ്രതീക്ഷകളുമാണ് ജനങ്ങള്‍ പുലര്‍ത്തിയത്. ആ സ്വപ്‌നങ്ങള്‍ നിറവേറ്റാമെന്ന് വാക്ക് നല്കി വഞ്ചിക്കുകയാണ് രണ്ട് പാര്‍ട്ടികളും ചെയ്തത്. മോദി സര്‍ക്കാരിന് മൂന്നാമൂഴം നല്കാനുള്ള തെലങ്കാനയിലെ ജനങ്ങളുടെ ആവേശത്തിന് നന്ദി പറയുന്നു. വോട്ടില്‍ പിഴയ്‌ക്കാതിരിക്കാന്‍ ഓരോരുത്തരും ജാഗ്രത കാട്ടണം, നാഗര്‍കുര്‍ണൂലില്‍ പതിനായിരങ്ങള്‍ അണിനിരന്ന എന്‍ഡിഎ റാലിയെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു.
തെരഞ്ഞെടുപ്പ് തീയതി ദല്‍ഹിയില്‍ പ്രഖ്യാപിക്കുന്നു. തെരഞ്ഞെടുപ്പ് ഫലം പക്ഷേ രാജ്യത്തെ ജനങ്ങള്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞു. രാജ്യം ഇന്ന് അബ്കി ബാര്‍ ചാര്‍ സൗ പാര്‍ എന്ന് വിളിച്ചുപറയുന്നു. നാഗര്‍കുര്‍ണൂലിലെ ഈ ജനാവലി അതിന്റെ തെളിവാണ്, പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങള്‍ മാത്രമല്ല, ജനാഭിപ്രായമെടുത്ത് അഭിപ്രായസര്‍വെ നടത്തുന്ന ചാനലുകളും അത് അടിവരയിട്ടു പറയുന്നു. നമ്മള്‍ നാനൂറ് കടക്കും. ബിആര്‍എസ് പകല്‍ക്കൊള്ളയാണ് തെലങ്കാനയില്‍ നടത്തിയത്. ഇപ്പോള്‍ അതേ ദുഷ്ടലാക്കോടെയാണ് കോണ്‍ഗ്രസും സംസ്ഥാനം
ഭരിക്കുന്നത്. അഞ്ച് കൊല്ലം മതി കോണ്‍ഗ്രസിന് തെലങ്കാനയെ നശിപ്പിക്കാന്‍. അവര്‍ ഗരിബീ ഹഠാവോ എന്ന് മുദ്രാവാക്യം വിളിച്ചു. പക്ഷേ പാവങ്ങളുടെ ജീവിതത്തില്‍ ഒരുമാറ്റവും ഉണ്ടായില്ല. അഴിമതിയും ഏകാധിപത്യവും കുടുംബവാഴ്ചയും അരങ്ങേറിയ ഈ തെലങ്കാനയിലും വികസനത്തിന്റെ പ്രകാശമെത്തിക്കാന്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞു. തെലങ്കാന തെക്കിന്റെ വികസനകവാടമാണ്, പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: