കൊച്ചി: മോന്സണ് മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന് ഡി വൈ എസ് പി റസ്റ്റത്തിനെതിരെ വിജിലന്‍സ് അന്വേഷണം തുടങ്ങി. കേസിലെ പരാതിക്കാരനായ യാകൂബ് പുതിയപുരയില്‍ നിന്ന് ഒന്നേകാല്‍ ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് അന്വേഷണം. ഡി വൈ എസ് പി ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാര്‍ ഹൈക്കോടതിയിലെത്തിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്.
ക്രൈംബ്രാഞ്ച് ഡിവൈസ് പി റസ്റ്റം 2021 നവംബറില്‍ അനുമോള്‍, ലിജോ എന്നിവരുടെ അക്കൗണ്ടിലൂടെ രണ്ടുതവണയായി 25000 രൂപയും, ഒരു ലക്ഷം രൂപ നേരിട്ടും വാങ്ങിയെന്നാണ് യാക്കൂബിന്റെ പരാതി.പണം തന്നാലേ അന്വേഷണം നടത്തൂവെന്ന് ഡിവൈഎസ്പി നിരന്തരം പറഞ്ഞിരുന്നതാണ് പരാതി. പണം നല്‍കിയിട്ടും അന്വേഷണ പുരോഗതിയില്ലാത്തത് ചോദിച്ചപ്പോള്‍ ഫോണ്‍ വഴി ഉദ്യോഗസ്ഥന് ഭീഷണിപ്പെടുത്തി എന്ന ആക്ഷേപവും പരാതിക്കാര്‍ ഉന്നയിച്ചു.
ഡി വൈ എസ് പി റസ്റ്റത്തിനെതിരെ നടപടി ആവശ്യപ്പെട്ട് സര്‍ക്കാറിനെയും വിജിലന്‍സ് കോടതിയെയും സമീപിച്ചിരുന്നെങ്കിലും തുടര്‍നടപടി ഉണ്ടായില്ല. തുടര്‍ന്ന് പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് തിങ്കളാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കാന്‍ ഇരിക്കവെയാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. ഈ മാസം 18ന് വിജിലന്‍സിന്റെ കൊച്ചിയിലെ മധ്യമേഖല ഓഫീസില്‍ ഹാജരാകാനാണ് പരാതിക്കാരന് നോട്ടീസ്. ഡിവൈഎസ്പി ടോമി സെബാസ്റ്റ്യന്‍ ആണ് അന്വേഷണ ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: