കോട്ടയം: റബ്ബറിന്റെ താങ്ങുവില 250 രൂപയായി വര്‍ദ്ധിപ്പിക്കുമെന്ന ഉറപ്പ് കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്ന് ബിഡിജെഎസ് അധ്യക്ഷനും കോട്ടയത്തെ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയുമായ തുഷാര്‍ വെള്ളാപ്പള്ളി. റബ്ബര്‍ താങ്ങുവില 250 ആക്കുമെന്ന് ഉറപ്പു കിട്ടിയാലേ മല്‍സരിക്കു എന്ന് താന്‍ നിബന്ധന വച്ചിരുന്നെന്നും തുഷാര്‍ പറഞ്ഞു. താന്‍ ജയിച്ചാല്‍ ഉറപ്പായിട്ടും റബ്ബറിന്റെ താങ്ങുവില 250 രൂപയാക്കും. നിയമപരമായ പ്രശ്നങ്ങള്‍ പരിഹരിച്ചുകഴിഞ്ഞാല്‍ റബ്ബറിന്റെ താങ്ങുവില വര്‍ധിപ്പിക്കാനാകും.
തനിക്ക് 35 വര്‍ഷത്തോളമായി കോട്ടയവുമായി ബന്ധമുണ്ട്. ബിഷപ്പുമാരുമായും അമ്പലങ്ങളുമായും പള്ളികളുമായും സാധാരണക്കാരുമായും ബന്ധമുണ്ട്.കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരുവെന്ന് വോട്ടര്‍മാര്‍ക്ക് അറിയാം.
പിസി ജോര്‍ജ് സ്മാള്‍ ബോയ് എന്ന് വിമര്‍ശിച്ചതിനോട് , താന്‍ വെറുമൊരു സ്മോള്‍ ബോയ് ആണെന്നും വിട്ടുകളയുവെന്നുമായിരുന്നു തുഷാര്‍ മറുപടി പറഞ്ഞത്. പി സി ജോര്‍ജുമായി തനിക്ക് പ്രശ്നങ്ങളില്ലെന്നും പിണക്കമില്ലെന്നും തുഷാര്‍ വ്യക്തമാക്കി. അദ്ദേഹത്തെ പ്രചാരണത്തിന് ഇറക്കണോ എന്നു തീരുമാനിക്കേണ്ടത് ബി ജെ പിയാണ്.
ബിഡിജെഎസ് മത്സരിക്കുന്ന നാലു സീറ്റുകളിലെയും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന് പൂര്‍ത്തിയായി. രണ്ടാംഘട്ടത്തില്‍ കോട്ടയം, ഇടുക്കി സീറ്റുകളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമാണ് നടത്തിയത്.കോട്ടയത്ത് തുഷാര്‍ വെള്ളാപ്പള്ളിയും ഇടുക്കിയില്‍ അഡ്വ. സംഗീത വിശ്വനാഥനുമാണ് സ്ഥാനാര്‍ത്ഥി.
മാവേലിക്കര, ചാലക്കുടി മണ്ഡലങ്ങളിലെ ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. റബര്‍ ബോര്‍ഡ് വൈസ് ചെയര്മാന് കെ. എ. ഉണ്ണികൃഷ്ണന് ചാലക്കുടിയിലും കെപിഎംഎസ് നേതാവ് ബൈജു കലാശാല മാവേലിക്കരയിലും മത്സരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: